ആരാധകര്‍ കാത്തിരുന്ന ആശ്വാസകരമായ വാര്‍ത്ത; ശ്രേയസ് അയ്യരിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി; താരം സുഖം പ്രാപിച്ച് വരികയാണെന്ന് റിപ്പോര്‍ട്ട്

Update: 2025-10-28 14:13 GMT

സിഡ്നി: ഇന്ത്യന്‍ ക്രിക്കറ്റര്‍ ആരാധകര്‍ കാത്തിരുന്ന ആശ്വാസകരമായ വാര്‍ത്ത. ശസ്ത്രക്രിയയ്ക്ക് വിധേയനായ ശ്രേയസ് അയ്യര്‍ പൂര്‍ണ്ണമായും സുഖം പ്രാപിച്ച് വരികയാണെന്ന് പുതിയ റിപ്പോര്‍ട്ട്. നേരത്തെ, ശ്രേയസിനെ ഐസിയുവില്‍ നിന്ന് മാറ്റിയിരുന്നു. ഓസീസിനെതിരെ മൂന്നാം ഏകദിനത്തില്‍ ക്യാച്ച് എടുക്കുന്നതിനിടെ പ്ലീഹയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ ആവശ്യമായി വന്നത്. ക്യാച്ച് പൂര്‍ത്തിയാക്കാന്‍ മുന്നോട്ട് ഡൈവ് ചെയ്യുന്നതിനിടെ, വീണപ്പോഴാണ് ശ്രേയസിന് പരിക്കേല്‍ക്കുന്നത്.

ചെറിയ ശസ്ത്രക്രിയ മാത്രമായിരുന്നു താരത്തിന് വേണ്ടിയിരുന്നത്. പക്ഷേ അയ്യര്‍ക്ക് കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും, ഒരുപക്ഷേ ഒരു ആഴ്ച വരെ വിശ്രമം വേണ്ടിവരും. ബിസിസിഐ അദ്ദേഹത്തിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ന് മുതല്‍, അയ്യര്‍ ഫോണ്‍ കോളുകള്‍ എടുക്കുകയുമൊക്കെ ചെയ്യുന്നുണ്ടെന്നും പതിവ് ജോലികള്‍ പോലും സ്വന്തമായി ചെയ്യുന്നുണ്ടെന്നും ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിരുന്നു.

സൂര്യയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു... 'ശ്രേയസിന് പരിക്കുണ്ടെന്ന് അറിഞ്ഞ ആദ്യ ദിവസം തന്നെ ഞങ്ങള്‍ അദ്ദേഹത്തോട് സംസാരിച്ചു. ആദ്യം ഞാന്‍ അദ്ദേഹത്തെ വിളിച്ചു. പിന്നീട് അദ്ദേഹത്തിന്റെ കൈവശം ഫോണ്‍ ഇല്ലെന്ന് മനസ്സിലാക്കി. അങ്ങനെ ഞാന്‍ ഫിസിയോ കമലേഷിനെ വിളിച്ചു. ശ്രേയസ് ആരോഗ്യവാനാണെന്ന് എന്നോട് പറഞ്ഞു. രണ്ട് ദിവസമായി ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം മറുപടി നല്‍കുന്നുണ്ട്. അതുതന്നെ ശ്രേയസിന്റെ ആരോഗ്യകാര്യത്തില്‍ പുരോഗതിയുണ്ടെന്ന് തെളിയിക്കുന്നതാണ്.'' സൂര്യ വ്യക്തമാക്കി.

പരിക്കിന്റെ കാര്യത്തില്‍ ബിസിസിഐ വ്യക്തമാക്കിയതിങ്ങനെ... ''ഇടതുവാരിയെല്ലിന് സമീപം ശ്രേയസിന് പരിക്കേറ്റിരുന്നു. തുടര്‍ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രേയസിനെ സ്‌കാനിംഗിന് വിധേയാനാക്കിയപ്പോള്‍ പ്ലീഹയില്‍ മുറിവുണ്ടായതായി കണ്ടെത്തുകയായിരുന്നു. ചികിത്സയിലുള്ള ശ്രേയസിന്റെ ആരോഗ്യനിലയില്‍ ഇപ്പോള്‍ പുരോഗതിയുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ല.'' ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 25 ശനിയാഴ്ചയാണ് ശ്രേയസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച അദ്ദേഹത്തെ ഐസിയുവില്‍ നിന്ന് മാറ്റി. പ്ലീഹയ്ക്ക് മുറിവേറ്റതിനാല്‍ ആന്തരിക രക്തസ്രാവം ഉണ്ടായതോടെയാണ് ആരോഗ്യനില മോശമായത്. അണുബാധ ഉണ്ടാവുന്നത് തടയുന്നതിനും നിരീക്ഷിക്കുന്നതിനുമായി ഏതാനും ദിവസം കൂടി അദ്ദേഹം ആശുപത്രിയില്‍ തുടരും. ഇന്ത്യന്‍ ടീമിന്റെ ഡോക്ടറും ഫിസിയോയും അദ്ദേഹത്തോടൊപ്പമുണ്ട്. ടീം ഇന്ത്യയുടെ ഡോക്ടറോട് സിഡ്‌നിയില്‍ അദ്ദേഹത്തോടൊപ്പം താമസിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. സുഹൃത്തുക്കളും കൂടെയുണ്ട്. ശ്രേയസിന്റെ കുടുംബം ഉടന്‍ സിഡ്നിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിനിടെ സെന്‍സേഷണല്‍ ക്യാച്ച് എടുക്കുന്നതിനിടെ വാരിയെല്ലിന് പരിക്കേല്‍ക്കുകയായിരുന്നു. പ്ലീഹയില്‍ മുറിവേറ്റതിനാല്‍ ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ഡ്രസ്സിങ് റൂമില്‍ വച്ച് അബോധാവസ്ഥയിലായെന്നും റിപോര്‍ട്ടുകള്‍ വന്നു. ജീവന്‍ തന്നെ അപകടത്തിലാവുന്ന സ്ഥിതിയാണ് ഉണ്ടായതെന്നും അടിയന്തര ചികില്‍സ ലഭ്യമാക്കിയതിനാലാണ് ഗുരുതരമായി അവസ്ഥയിലേക്ക് നീങ്ങാതിരുന്നതെന്നും ടീം വൃത്തങ്ങള്‍ വെളിപ്പെടുത്തു.

Similar News