'സൂര്യന്‍ നാളെയും ഉദിക്കും, അതുറപ്പാണ്; പക്ഷെ രാത്രി സൂര്യനുദിക്കില്ലെന്ന് മാത്രമല്ല, അസാധ്യവുമാണ്'; രോഹിത് ശര്‍മയുടെ ചിത്രം പങ്കുവച്ച് മുംബൈ ഇന്ത്യന്‍സിന്റെ പോസ്റ്റ്; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുള്ള മറുപടിയോ?

Update: 2025-10-30 12:32 GMT

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഹെഡ് കോച്ചായതോടെ ടീമില്‍ അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് അധികൃതര്‍. മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മയടക്കം പല പ്രമുഖ താരങ്ങളെയും കൊല്‍ക്കത്ത ലക്ഷ്യമിടുന്നുവെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. താരലേലം നടക്കാനിരിക്കെ വിഷയത്തില്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് അധികൃതര്‍.

രോഹിത് ശര്‍മയുടെ പേഴ്‌സണല്‍ ട്രെയിനറും അടുത്ത സുഹൃത്തുമായ അഭിഷേക് നായര്‍ കൊല്‍ക്കത്തയുടെ മുഖ്യ പരിശീലകനായതോടെ രോഹിത് അടുത്ത സീസണില്‍ മുംബൈ വിടുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്. ഇത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സാമൂഹ്യമാധ്യമത്തില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുംബൈ ഇന്ത്യന്‍സിന്റെ പ്രതികരണം.

കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കായി കൂടുതല്‍ മത്സരങ്ങളിലും ഇംപാക്ട് പ്ലേയറായിട്ടായിരുന്നു രോഹിത് ഗ്രൗണ്ടിലിറങ്ങിയത്. 'എന്നാല്‍ സൂര്യന്‍ നാളെയും ഉദിക്കും, അതുറപ്പാണ്, പക്ഷെ രാത്രി സൂര്യനുദിക്കില്ലെന്ന് മാത്രമല്ല, അസാധ്യവുമാണ്' എന്നായിരുന്നു കൊല്‍ക്കത്തയുടെ പേര് പരോക്ഷമായി പരാമര്‍ശിച്ച് രോഹിത്തതിന്റെ ചിത്രം വെച്ച് മുംബൈ ഇന്ത്യന്‍സ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

ആഭ്യന്തര ക്രിക്കറ്റില്‍ ദീര്‍ഘകാലം ഒരുമിച്ച് കളിച്ച രോഹിത്തിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് കൊല്‍ക്കത്തയുടെ മുഖ്യ പരിശീലകനായി ഇന്ന് നിയമിതനായ അഭിഷേക് നായര്‍. അടുത്തിടെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്ക് മുമ്പ് രോഹിത് ശരീരഭാരം കുറച്ചതും അഭിഷേകിന്റെ മേല്‍നോട്ടത്തിലായിരുന്നു.

കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിനുശേഷം ടി20 ക്രിക്കറ്റില്‍ നിന്നും ഈ വര്‍ഷം ഐപിഎല്ലിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച രോഹിത് ഏകദിനങ്ങളില്‍ മാത്രമാണ് നിലവില്‍ ഇന്ത്യക്കായി കളിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയും മൂന്നാം മത്സരത്തില്‍ അപരാജിത അര്‍ധസെഞ്ചുറിയും നേടിയ രോഹിത് കരിയറിലാദ്യമായി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു.നവംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലാവും രോഹിത് ഇനി ഇന്ത്യക്കായി കളിക്കുക.

നിലവിലെ പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റ് ടീം വിടുന്നതിന്റെ പശ്ചാത്തലത്തിലാണ് അഭിഷേകിനെ പുതിയ ചുമതല ഏല്‍പിക്കുന്നത്. 2025 ഐപിഎലില്‍ പ്ലേ ഓഫിലെത്താന്‍ കൊല്‍ക്കത്തയ്ക്കു സാധിച്ചിരുന്നില്ല. കൊല്‍ക്കത്തയുമായി വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണ് അഭിഷേക് നായര്‍ക്കുള്ളത്. ഇന്ത്യന്‍ ടീമിലെ ചുമതല ലഭിക്കുന്നതിനു മുന്‍പ്, കൊല്‍ക്കത്തയിലെ യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള ദൗത്യവും അഭിഷേകിനുണ്ടായിരുന്നു.


കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററായിരുന്ന ഗൗതം ഗംഭീറുമായും അഭിഷേക് നായര്‍ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഈ ബന്ധം തന്നെയാണ് അഭിഷേകിന് ഇന്ത്യന്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചാകാനുള്ള വഴി തുറന്നതും. ഗംഭീര്‍ ഇടപെട്ടാണ് അഭിഷേകിനെ തന്റെ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ടീമിന്റെ പ്രകടനം മോശമായതോടെ അഭിഷേകുള്‍പ്പടെയുള്ള പരിശീലകരുമായുള്ള കരാര്‍ ബിസിസിഐ അവസാനിപ്പിക്കുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ താരമായിരുന്ന അഭിഷേക്, ഇന്ത്യന്‍ ടീമില്‍ മൂന്നു മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

Similar News