വനിതാ ലോകകപ്പ് കഴിഞ്ഞാല്‍ സ്മൃതി മന്ഥനയ്ക്ക് പ്രണയസാഫല്യം; പലാഷ് മുച്ചലുമായി വിവാഹം അടുത്ത മാസം 20ന് ജന്മനാട്ടില്‍; ഒരുക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
മുംബൈ: ഏകദിന വനിതാ ലോകകപ്പ് മത്സരങ്ങളുടെ തിരക്കിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥനയുടെ വിവാഹം അടുത്ത മാസം 20ന് നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 20ന് സ്മൃതിയുടെ ജന്മനാടായ സംഗ്ലിയില്‍വച്ചാണ് വിവാഹച്ചടങ്ങുകളെന്നാണു വിവരം. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരവും സംഗീത സംവിധായകന്‍ പലാഷ് മുച്ചാലും വര്‍ഷങ്ങളായി ഡേറ്റിങ്ങിലാണ്. വിവാഹം ഉടനുണ്ടാകുമെന്ന് പലാഷ് മുച്ചല്‍ അടുത്തിടെ പ്രതികരിച്ചിരുന്നു.
29 വയസ്സുകാരിയായ സ്മൃതി ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണു കളിക്കുന്നത്. ന്യൂസീലന്‍ഡിനെതിരെ സെഞ്ചറി (109) നേടിയ താരം, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ധ സെഞ്ചറികളും സ്വന്തമാക്കിയിരുന്നു. പക്ഷേ ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനലില്‍ സ്മൃതിക്ക് വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല. 24 പന്തുകള്‍ നേരിട്ട സ്മൃതി 24 റണ്‍സെടുത്തു പുറത്താകുകയായിരുന്നു.
30 വയസ്സുകാരനായ പലാഷും സ്മൃതിയും 2019 മുതല്‍ പ്രണയത്തിലാണ്. അഭിഷേക് ബച്ചനും ദീപിക പദുകോണും പ്രധാന വേഷങ്ങളിലെത്തിയ 'ഖേലേന്‍ ഹം ജീ ജാന്‍ സെ' എന്ന ബോളിവുഡ് സിനിമയില്‍ പലാഷ് അഭിനയിച്ചിട്ടുണ്ട്. ജന്മദിനത്തിന് സ്മൃതിയെ കാണാന്‍ വേണ്ടി പലാഷ് ബംഗ്ലദേശിലേക്കു യാത്ര ചെയ്തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം പുറത്തായത്.