ലോകകപ്പ് കിരീടത്തിന് അരികെ ഇന്ത്യ! തകര്‍പ്പന്‍ സെഞ്ചുറിയുമായി ജെമീമ റോഡ്രിഗ്സ്; മുന്നില്‍ നിന്ന് പടനയിച്ച് ഹര്‍മന്‍പ്രീത് കൗറും; ഇരുവരും ചേര്‍ന്ന് 167 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടും; അസാധ്യമെന്ന് കരുതിയത് സാധ്യമാക്കി ഇന്ത്യന്‍ ചുണക്കുട്ടികള്‍; നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ കീഴടക്കി ഇന്ത്യ വനിതാ ലോകകപ്പ് ഫൈനലില്‍; ഞായറാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടും

Update: 2025-10-30 17:25 GMT

മുംബൈ: വനിതാ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ഉയര്‍ത്തി റണ്‍മല മറികടന്ന് ആതിഥേയരായ ഇന്ത്യ ഫൈനലില്‍. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ജെമീമ റോഡ്രിഗസിന്റെ അപരാജിത സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ ഇന്ത്യ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. മൂന്നാം വിക്കറ്റില്‍ ജെമീമ റോഡ്രിഗ്സ് - ഹര്‍മന്‍പ്രീത് കൗര്‍ സഖ്യം 167 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ ജയത്തിന് അടിത്തറ പാകി. 127 റണ്‍സുമായി ജെമീമ പുറത്താകാതെ നിന്നപ്പോള്‍ അമന്‍ജ്യോത് കൗര്‍ 5 റണ്‍സുമായി വിജയത്തില്‍ ജെമീമക്ക് കൂട്ടായി. വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോര്‍ പിന്തുടര്‍ന്നു വിജയിച്ചുവെന്ന നേട്ടത്തോടെയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇതേ വേദിയില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.

റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് ആദ്യ ഓവറില്‍ എട്ട് റണ്‍സടിച്ച് നല്ല തുടക്കമിട്ടു. എന്നാല്‍ രണ്ടാം ഓവറില്‍ ഷഫാലി വര്‍മയെ(10) വിക്കറ്റിന് മുന്നില്‍ കുടുക്കിയ കിം ഗാരത് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. രണ്ടാം വിക്കറ്റില്‍ ജെമീമ റോഡ്രിഗസും സ്മൃതി മന്ദാനയും ചേര്‍ന്ന് ഇന്ത്യയെ 50 കടത്തി. എന്നാല്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ കിം ഗാരത്തിന്റെ പന്തില്‍ സ്‌നൃതി മന്ദാന നിര്‍ഭാഗ്യകരമായി പുറത്തായി. ലെഗ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ സ്മൃതി ബാറ്റ് വീശിയെങ്കിലും പന്ത് ബാറ്റില്‍ കൊണ്ടില്ല. അമ്പയര്‍ വൈഡ് വിളിച്ചു. എന്നാല്‍ പന്ത് കൈയിലൊതുക്കിയ ഓസീസ് ക്യാപ്റ്റന്‍ അലീസ ഹീലി ഔട്ടിനായി അപ്പീല്‍ ചെയ്തു. അള്‍ട്രാ എഡ്ജില്‍ സ്മൃതിയുടെ ബാറ്റില്‍ പന്ത് ഉരസിയെന്ന് വ്യക്തമായതോടെ ഇന്ത്യ ഞെട്ടി.

ഇന്ത്യന്‍ ക്യാപ്റ്റനൊപ്പം ജെമീമയും തകര്‍ത്തടിച്ചതോടെ 17 ഓവറില്‍ 100 ഉം 31.2 ഓവറില്‍ 200 ഉം കടന്ന് സ്‌കോര്‍ മുന്നേറി. മത്സരത്തിന്റെ 36ാം ഓവറില്‍ ഹര്‍മന്‍പ്രീതിനെ മടക്കി അനബെല്‍ സതര്‍ലന്‍ഡ് ഓസ്‌ട്രേലിയയ്ക്കു പ്രതീക്ഷ നല്‍കി. മധ്യനിരയില്‍ ദീപ്തി ശര്‍മയും റിച്ച ഘോഷും വലിയ സ്‌കോര്‍ കണ്ടെത്താനാകാതെ മടങ്ങിയെങ്കിലും ജെമീമയുടെ തകര്‍പ്പന്‍ ഫോം ഇന്ത്യയെ വിജയത്തിലെത്തിച്ചു.

ഏഴാമതായി ക്രീസിലെത്തിയത് ഓള്‍റൗണ്ടര്‍ അമന്‍ജോത് കൗര്‍. അവസാന മൂന്ന് ഓവറുകളില്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് 23 റണ്‍സ്. അനബെല്‍ സതര്‍ലാന്‍ഡ് എറിഞ്ഞ 48ാം ഓവറില്‍ 15 റണ്‍സ് വന്നതോടെ ഇന്ത്യന്‍ ജയം ഉറപ്പിക്കുകയായിരുന്നു. അവസാന 12 പന്തുകളില്‍ എട്ട് റണ്‍സ് മാത്രമായിരുന്നു ഇന്ത്യയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. മൊളിനൂക്‌സിന്റെ 49ാം ഓവറിലെ മൂന്നാം പന്ത് ബൗണ്ടറി കടത്തി അമന്‍ജ്യോത് കൗര്‍ ഇന്ത്യയുടെ വിജയമാഘോഷിച്ചു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49.5 ഓവറില്‍ 338 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 93 പന്തില്‍ 119 റണ്‍സെടുത്ത് വെടിക്കെട്ട് സെഞ്ചുറി നേടിയ ഫോബെ ലിച്ച്ഫീല്‍ഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. എല്‍സി പെറി 77 റണ്‍സടിച്ചപ്പോള്‍ മധ്യനിരയില്‍ തകര്‍ത്തടിച്ച ആഷ്ലി ഗാര്‍ഡ്‌നര്‍ 45 പന്തില്‍ 63 റണ്‍സടിച്ച് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ ഉറപ്പാക്കി. ഇന്ത്യക്കായി ശ്രീചരിണിയും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് ഓസിസ് ഇന്ന് ഇന്ത്യക്കെതിരെ കുറിച്ചത്.

Similar News