ഇന്ത്യന്‍ ടീമിനെ തോല്‍വിയിലേക്ക് 'വലിച്ചിഴയ്ക്കുമെന്ന' പരാമര്‍ശം; സെഞ്ചുറിയടിച്ച് ഇന്ത്യന്‍ ജയം ഉറപ്പിച്ചു; പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പരിശീലകനെ അവഗണിച്ച് വിരാട് കോലിയുടെ മറുപടി; ഹസ്തദാനം നല്‍കാതെ ഇന്ത്യന്‍ താരം; വീഡിയോ പുറത്ത്
റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ചറിയുമായി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായതിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ ശുക്രി കോണ്‍റാഡിനെ അവഗണിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. ഡ്രസിങ് റൂമിലേക്കു മടങ്ങുന്നതിനിടെ ഇന്ത്യന്‍ താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ സ്റ്റാഫുകളെ അഭിവാദ്യം ചെയ്യുന്ന സമയത്താണ് കോണ്‍റാഡിനെ കോലി ഒഴിവാക്കിയത്.ഗുവാഹത്തിയില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ ഇന്ത്യന്‍ ടീമിനെ തോല്‍വിയിലേക്കു 'വലിച്ചിഴയ്ക്കുമെന്ന' ദക്ഷിണാഫ്രിക്കന്‍ പരിശീലകന്റെ വാക്കുകള്‍ വിവാദമായിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ് കോലി കോണ്‍റാഡിനെ അവഗണിച്ചത്.
ദക്ഷിണാഫ്രിക്ക പരിശീലകന് ഹസ്തദാനം ചെയ്യാന്‍ കോലി തയാറായില്ല. മത്സരം നടന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് കോലി ദക്ഷിണാഫ്രിക്കന്‍ പരിശീലകനെ ഒഴിവാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ശുക്രിയുടെ പ്രസ്താവനയ്‌ക്കെതിരെ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍ രംഗത്തെത്തിയിരുന്നു. 90കളില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ തിരിച്ചുവരവിനായി ബിസിസിഐ വലിയ പങ്കുവഹിച്ചതായും ഇത്തരം പ്രതികരണങ്ങളില്‍നിന്ന് പരിശീലകന്‍ വിട്ടുനില്‍ക്കണമെന്നും ഗാവസ്‌കര്‍ ആവശ്യപ്പെട്ടിരുന്നു.
ഏകദിന കരിയറിലെ 52ാം സെഞ്ചറിയുമായി വിരാട് കോലി നിറഞ്ഞാടിയ ഒന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ 17 റണ്‍സിന്റെ ആവേശജയമാണു സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ കോലിയുടെ സെഞ്ചറി മികവില്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സാണു നേടിയത്. 120 പന്തുകള്‍ നേരിട്ട വിരാട് കോലി 135 റണ്‍സടിച്ചു. അര്‍ധ സെഞ്ചറുമായി തിളങ്ങിയ രോഹിത് ശര്‍മയും ( 57) ക്യാപ്റ്റന്‍ കെ.എല്‍.രാഹുലും (60) കോലിക്ക് ഉറച്ച പിന്തുണ നല്‍കി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 49.2 ഓവറില്‍ 332 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
അതേ സമയം സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിനായി അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് ബിസിസിഐ. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായതിന് പിന്നാലെയാണ് വിരാട് കോലിയും രോഹിത് ശര്‍മയും അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. മുഖ്യ പരിശീലകന്‍ അജിത് അഗാര്‍ക്കറിനെ കൂട്ടുപിടിച്ച് രോഹിത്തിനെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഏകദിന ടീമിന്റെ നായകനാക്കിയതും ഗംഭീറിന്റെ അണിയറ നീക്കമായിരുന്നു.
ഏകദിനത്തില്‍ മാത്രം കളിക്കുന്ന കോലിയും രോഹിത്തും ഉഗ്രന്‍ പ്രകടനത്തോടെ ബാറ്റുകൊണ്ട് മറുപടി നല്‍കുന്നതിനൊപ്പം ഡ്രസ്സിംഗ് റൂമില്‍ ഗംഭീറിനെ പൂര്‍ണമായും അവഗണിക്കുകയാണ്. റാഞ്ചി കദിനത്തിന് ശേഷം പുറത്തുവന്ന ദൃശ്യങ്ങള്‍ ഇത് വ്യക്തമാക്കുന്നു. ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചെത്തിയ കോലി, ഗംഭീറിന് മുഖംകൊടുക്കാന്‍ പോലും തയ്യാറായില്ല. മത്സരശേഷം ഗംഭീറും രോഹിത്തും നടത്തുന്ന അസ്വാഭാവിക സംഭാഷണത്തിന്റെ ദൃശ്യങ്ങളും പുറത്തുവുന്നു. കോലിയുടെ സെഞ്ച്വറിയുടെ മികവില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച ഇന്ത്യന്‍ ടീം ഹോട്ടലില്‍ കേക്ക് മുറിച്ചാണ് വിജയം ആഘോഷിച്ചത്.
നായകന്‍ കെ എല്‍ രാഹുല്‍ കേക്ക് മുറിച്ചപ്പോള്‍, സഹതാരങ്ങള്‍ നിര്‍ബന്ധിച്ചിട്ടും കോലി ആഘോഷത്തില്‍ പങ്കാളിയായില്ല. ക്ഷണം നിരസിച്ച് കോലി നടന്ന് നീങ്ങുകയായിരുന്നു. മുന്‍പ് ഇത്തരം ആഘോഷപരിപാടികളില്‍ പാട്ടും ഡാന്‍സുമായി മുന്നില്‍ നിന്ന താരമായിരുന്നു കോലി. ഗംഭീറുമായുളള കോലിയുടെയും രോഹിത്തിന്റെയും പടലപ്പിണക്കത്തില്‍ ജൂനിയര്‍ താരങ്ങള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ്. ഇതോടെയാണ് പ്രശ്നത്തില്‍ എത്രയുംവേഗം ഇടപെടാന്‍ ബിസിസിഐ തീരുമാനിച്ചത്.
റായ്പൂരില്‍ നാളെ നടക്കുന്ന ഇന്ത്യ, ദക്ഷിണാഫ്രിക്ക മത്സത്തിന് മുന്നോടിയായി അടിന്തയരയോഗം വിളിച്ചു. ഗംഭീറിനൊപ്പം മുഖ്യസെലക്ടര്‍ അഗാര്‍ക്കറോടും യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. രോഹിത്തും കോലിയും അഗാര്‍ക്കറുമായും ഭിന്നതയിലാണിപ്പോള്‍. ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ, ജോയിന്റ് സെക്രട്ടറി, പ്രഭ്തേജ് സിംഗ് ഭാട്ടിയ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. പ്രസിഡന്റ് മിഥുന്‍ മനാസ് യോഗത്തില്‍ പങ്കെടുക്കുമോയെന്ന് ഉറപ്പില്ല.
