ബാക് ടു ബാക് സെഞ്ചറിയുമായി വിരാട് കോലി; ഗംഭീറിനും അഗാര്‍ക്കറിനും ബാറ്റുകൊണ്ടുള്ള മറുപടി; മൂന്നാം ഏകദിനത്തിന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുതീര്‍ന്നു; 'ഫൈനല്‍' ആവേശത്തില്‍ വിശാഖപട്ടണം
വിശാഖപട്ടണം: കരിയറിലെ ഏറ്റവും മികച്ച ഫോമിലേക്ക് ഉയര്‍ന്ന വിരാട് കോലി, ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ രോഹിത് ശര്‍മയും. രോ- കോ എഫക്ടില്‍ ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിന മത്സരം ഫൈനല്‍ പ്രതീതിയില്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍. തന്റെ ഫോമിനെയും ടീമിലെ സ്ഥാനത്തെയും സംശയിച്ചവര്‍ക്ക് തുടര്‍ച്ചയായ രണ്ടു സെഞ്ചുറികളിലൂടെയാണ് കോലി മറുപടി പറഞ്ഞത്. ഇപ്പോഴിതാ കോലി പ്രഭാവത്തില്‍ വിശാഖപട്ടണത്ത് ശനിയാഴ്ച ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിന്റെ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നതായാണ് റിപ്പോര്‍ട്ട്.
വിശാഖപട്ടണത്തെ മൂന്നാം ഏകദിനത്തിനായുള്ള ടിക്കറ്റുകളുടെ വില്‍പ്പന തുടക്കത്തില്‍ അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ രണ്ടാം ഏകദിനത്തിലും കോലി സെഞ്ചുറിയടിച്ചതിനു പിന്നാലെ മിനിറ്റുകള്‍ക്കുള്ളിലാണ് ടിക്കറ്റുകള്‍ തീര്‍ന്നതെന്ന് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ (എസിഎ) അറിയിച്ചു.
നവംബര്‍ 28-നാണ് ആദ്യഘട്ട ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. തുടക്കത്തില്‍ അത്ര നല്ല പ്രതികരണമായിരുന്നില്ല ടിക്കറ്റ് വില്‍പ്പനയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ റാഞ്ചിയിലെ കോലിയുടെ സെഞ്ചുറിക്ക് ശേഷം രണ്ടും മൂന്നും ഘട്ടത്തില്‍ വില്‍പ്പനയ്ക്കുവെച്ച ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമായി. ഒന്നുപോലും വില്‍ക്കാതെ അവശേഷിച്ചില്ല.'' - എസിഎയുടെ മീഡിയ ആന്‍ഡ് ഓപ്പറേഷന്‍സ് ടീമിലെ വൈ. വെങ്കിടേഷ് പറഞ്ഞു.
പരമ്പരയില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് 118.50 ശരാശരിയില്‍ 237 റണ്‍സുമായി കോലിയാണ് റണ്‍വേട്ടയില്‍ ഒന്നാമന്‍. മാത്രമല്ല പരമ്പരയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സിക്സറുകളും ബൗണ്ടറികളും നേടിയതും കോലി തന്നെ. വിശാഖപട്ടണത്ത് കോലിയുടെ ഏകദിന റെക്കോഡും മികച്ചതാണ്. ഇവിടെ കളിച്ച ഏഴ് ഏകദിനങ്ങളില്‍ മൂന്ന് സെഞ്ചുറികള്‍ കോലി നേടിയിട്ടുണ്ട്. ഒരു തവണ 99 റണ്‍സിനും കോലി ഇവിടെ പുറത്തായിട്ടുണ്ട്. 97.83 ആണ് വിശാഖപട്ടണത്തെ കോലിയുടെ ശരാശരി.
ഈ വര്‍ഷം 12 ഏകദിനങ്ങള്‍ കളിച്ച കോലി 586 റണ്‍സാണ് ആകെ അടിച്ചെടുത്തത്. മൂന്ന് സെഞ്ചറികളും മൂന്ന് അര്‍ധ സെഞ്ചറികളും താരം നേടിയപ്പോള്‍, 135 ആണ് ഉയര്‍ന്ന സ്‌കോര്‍. രാജ്യാന്തര ക്രിക്കറ്റില്‍ 28,000 റണ്‍സെന്ന നേട്ടത്തിലെത്താന്‍ കോലിക്ക് ഇനി 90 റണ്‍സ് കൂടി മതിയാകും. ഇതിഹാസ താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറും കുമാര്‍ സംഗക്കാരയും മാത്രമാണ് 28,000 'ക്ലബ്ബിലുള്ളത്'. 555 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോലി ഇതുവരെ 27,910 റണ്‍സാണ് ഇതുവരെ അടിച്ചെടുത്തത്
കോലിയുടെ ഭാഗ്യ ഗ്രൗണ്ട് കൂടിയാണ് വിശാഖപട്ടണത്തേത്. ഏഴ് മല്‍സരങ്ങളില്‍ നിന്നായി ഇവിടെ നിന്ന് 587 റണ്‍സ് താരം അടിച്ചുകൂട്ടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 157 റണ്‍സും വിശാഖപട്ടണത്തേതാണ്. കോലിക്ക് പുറമെ രോഹിതിന്റെയും രാഹുലിന്റെയും മികച്ച പ്രകടനങ്ങളും വിശാഖപട്ടണത്തുണ്ടായിട്ടുണ്ട്.
പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരം ദക്ഷിണാഫ്രിക്കയും വിജയിച്ചതോടെ, 'ഫൈനലിനു' തുല്യമാണ് വിശാഖപട്ടണത്തെ പോരാട്ടം. മൂന്നാം ഏകദിനം വിജയിക്കുന്ന ടീമിനു പരമ്പര സ്വന്തമാക്കാം. അതുകൊണ്ട് തന്നെ നാളത്തെ കളിയാകും പരമ്പര നിശ്ചയിക്കുക. ടെസ്റ്റില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയതിന്റെ ക്ഷീണം ഏകദിന പരമ്പര നേടി തീര്‍ക്കാനാകും ഇന്ത്യയുടെ ശ്രമം. ദക്ഷിണാഫ്രിക്കയാവട്ടെ സമ്പൂര്‍ണ ആധിപത്യം ലക്ഷ്യമിട്ടാണ് കളിക്കാനിറങ്ങുക.
