ആര്‍സിബി മാത്രമല്ല, ഓഹരി വില്‍ക്കാനൊരുങ്ങി രാജസ്ഥാന്‍ റോയല്‍സും; സഞ്ജു ടീം വിട്ടതോടെ നിര്‍ണായക നീക്കവുമായി മനോജ് ബഡാലെ; ഐപിഎല്ലില്‍ വീണ്ടും വമ്പന്‍ ഡീലിന് നീക്കം

Update: 2025-12-08 12:28 GMT

ജയ്പുര്‍: അടുത്ത ഐപിഎല്‍ സീസണിനുള്ള മിനി താരലേലത്തിന് മുമ്പായി സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് പോയതിന് പിന്നാലെ മറ്റൊരു വമ്പന്‍ ഡീലിനുള്ള നീക്കത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമകള്‍. നിലവിലെ പ്രധാന ഓഹരി ഉടമയും ബ്രിട്ടീഷ്-ഇന്ത്യന്‍ ബിസിനസ് പ്രമുഖനുമായ മനോജ് ബഡാലെ രാജസ്ഥാന്‍ റോയല്‍സിലെ (ആര്‍ആര്‍) തന്റെ ഓഹരി പങ്കാളിത്തില്‍ മുന്തിയപങ്കും വിറ്റൊഴിഞ്ഞേക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ 65 ശതമാനം ഓഹരി പങ്കാളിത്തവുമായി ആര്‍ആറിന്റെ ഏറ്റവും വലിയ ഓഹരി ഉടമയാണ് ബഡാലെയുടെ എമര്‍ജിങ് മീഡിയ വെഞ്ച്വേഴ്‌സ്. അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കമ്പനിയായ റെഡ്‌ബേര്‍ഡ് ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ് (ഏകദേശം 15%), ഫോക്‌സ് കോര്‍പറേഷന്‍ തുടങ്ങിയവയാണ് മറ്റ് ഓഹരി ഉടമകള്‍. പ്രാഥമികമായി ഏകദേശം 100 കോടി ഡോളര്‍ (9,000 കോടി രൂപ) മൂല്യം വിലയിരുത്തിയാണ് ഓഹരി വില്‍പന നീക്കമെന്നറിയുന്നു. രാജസ്ഥാന്‍ റോയല്‍സോ ഓഹരി ഉടമകളോ ഇതുവരെ നീക്കം സ്ഥിരീകരിച്ചിട്ടില്ല. ഡീലിന്റെ അന്തിമഘട്ടത്തില്‍ മൂല്യത്തില്‍ കയറ്റിറക്കം പ്രതീക്ഷിക്കാം.

അദാര്‍ പൂനാവാലയുടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഡോ. രഞ്ജന്‍ പൈയുടെ മണിപ്പാല്‍ ഗ്രൂപ്പ്, ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ പാര്‍ഥ് ജിന്‍ഡാലിന്റെ ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ദേവയാനി ഇന്റര്‍നാഷനല്‍ എന്നിവ ആര്‍സിബിക്കായി രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കമ്പനികളില്‍ പലതും രാജസ്ഥാന്‍ റോയല്‍സിന്റെ ഓഹരികള്‍ സ്വന്തമാക്കാനും ശ്രമിച്ചേക്കുമെന്നും സൂചനകളുണ്ട്.

ഐപിഎല്ലില്‍ സമീപകാലത്തായി ഫ്രാഞ്ചൈസി ഉടമകള്‍ ഓഹരി വില്‍ക്കുന്ന ട്രെന്‍ഡ് ദൃശ്യമാണ്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സിവിസി ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സില്‍ നിന്ന് ഗുജറാത്ത് ടൈറ്റന്‍സിന്റെ 67% ഓഹരികള്‍ ടൊറന്റ് ഗ്രൂപ്പ് സ്വന്തമാക്കിയത്. ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പും ഗുജറാത്ത് ടൈറ്റന്‍സിനായി രംഗത്തുണ്ടായിരുന്നു. ഐപിഎല്‍ ചാംപ്യന്മാരായ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിനെ (ആര്‍സിബി) വില്‍ക്കാന്‍ ടീം ഉടമകളായ ഡിയാജിയോയുടെ കീഴിലെ യുണൈറ്റഡ് സ്പിരിറ്റ്‌സ് വിറ്റൊഴിയാന്‍ ശ്രമിക്കുന്നെന്ന വാര്‍ത്തകളുണ്ടായിരുന്നു.

Similar News