'അവര്‍ക്ക് എന്നെ നേരിടാന്‍ ആശങ്കയുണ്ട്, അതുകൊണ്ടല്ലേ എന്റെ ആക്ഷനെ എതിര്‍ക്കുന്നത്'; ഇതൊരു സാധാരണ മത്സരം മാത്രം; ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് പോരാട്ടത്തിന് മുൻപേ കളം ചൂടാക്കി പാക്കിസ്ഥാൻ സ്പിന്നർ
കൊളംബോ: പാക്കിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിഖിന്റെ ബൗളിംഗ് ആക്ഷനെചൊല്ലി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചകൾ സജീവമാകുന്നതിനിടെ മറുപടിയുമായി താരം രംഗത്ത്. വരാനിരിക്കുന്ന ടി20 ലോകകപ്പ് പോരാട്ടത്തിൽ തന്നെ നേരിടാൻ ഇന്ത്യയ്ക്ക് വലിയ സമ്മർദ്ദമുണ്ടാകുമെന്നും, തൻ്റെ ആക്ഷനെക്കുറിച്ചുള്ള അനാവശ്യ ചർച്ചകൾ അതിൻ്റെ തെളിവാണെന്നും താരിഖ് പറഞ്ഞു. ഇന്ത്യൻ ആരാധകരുടെ വിമർശനങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരിഖിൻ്റെ പ്രതികരണം.
"ഇന്ത്യൻ ആരാധകർക്കിടയിൽ ഇത്രയധികം ചർച്ചകൾ നടക്കുന്നത് അവർക്കുണ്ടാകുന്ന സമ്മർദ്ദം കൊണ്ടാണെന്നാണ് ഞാൻ കരുതുന്നത്. അവർ എൻ്റെ ആക്ഷനെ എതിർക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അവർക്ക് എന്നെ നേരിടാൻ ആശങ്കയുണ്ടെന്നാണ്. എന്നാൽ ഞാൻ ഇത്തരം മാധ്യമ ചർച്ചകളിലൊന്നും ശ്രദ്ധിക്കുന്നില്ല. എൻ്റെ കളിയിലും പരിശീലനത്തിലും മാത്രമാണ് ശ്രദ്ധ." താരം കൂട്ടിച്ചേർത്തു.
നേരത്തെ, കൈമുട്ടിൻ്റെ വളവിനെച്ചൊല്ലി താരിഖിൻ്റെ ബൗളിംഗ് ആക്ഷൻ രണ്ട് തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐസിസി) പരിശോധനയിൽ താരം ക്ലിയറൻസ് നേടുകയും ചെയ്തു. യുഎസ്എയ്‌ക്കെതിരായ തൻ്റെ ആദ്യ ലോകകപ്പ് മത്സരത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് താരിഖ് ശ്രദ്ധ നേടിയിരുന്നു. പാക്കിസ്ഥാൻ, ഷഹീൻ അഫ്രീദിയെ ഏക പേസറായി നിലനിർത്തി താരിഖ് ഉൾപ്പെടെ നാല് സ്പിന്നർമാരെയാണ് കഴിഞ്ഞ മത്സരത്തിൽ പരീക്ഷിച്ചത്. ഇത് ഇന്ത്യയ്‌ക്കെതിരായ തന്ത്രത്തിൻ്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു.
ഇന്ത്യയ്‌ക്കെതിരായ ചരിത്രപരമായ റെക്കോർഡുകളെക്കുറിച്ചുള്ള ചോദ്യത്തിന്, പഴയ വിജയങ്ങളും കണക്കിലെടുക്കണമെന്ന് താരിഖ് മറുപടി നൽകി. "ഇതൊരു സാധാരണ മത്സരം മാത്രമാണ്. അമിതമായ ആവേശമോ സമ്മർദ്ദമോ തലയിൽ കയറ്റാതെ ലളിതമായ പ്ലാനുകൾ പാലിച്ച് കളിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. എല്ലാ മത്സരങ്ങളെയും പോലെ ഇതിനെയും കണ്ട് ലോകകപ്പ് നേടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം," അദ്ദേഹം വ്യക്തമാക്കി.