'ഓപ്പണര്‍ സ്ഥാനത്തു നിന്ന് സഞ്ജുവിനെ മാറ്റിയത് ശുഭ്മാന്‍ ഗില്‍ ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നതിനാല്‍; മതിയായ അവസരങ്ങള്‍ നല്‍കി; താരങ്ങളെല്ലാം ഏത് സ്ഥാനത്തും കളിക്കാന്‍ വഴക്കമുള്ളവരായിരിക്കണം; സാഹചര്യത്തിന് അനുസരിച്ച് മാറാന്‍ തയാറാവണം'; ട്വന്റി 20 ലോകകപ്പിന് മുമ്പ് സഞ്ജുവിനെ ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറ്റിയതില്‍ വിശദീകരണവുമായി സൂര്യകുമാര്‍ യാദവ്
മുംബൈ: ഓപ്പണറെന്ന നിലയില്‍ മൂന്ന് സെഞ്ചുറികള്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും മലയാളി താരം സഞ്ജു സാംസണെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ട്വന്റി 20 ടീമിന്റെ ഓപ്പണറാക്കാനുള്ള കാരണം വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് സൂര്യകുമാര്‍ യാദവ് മറുപടി നല്‍കിയത്.
ടീം കോംബിനേഷനില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ആലോചിക്കുന്നില്ലെന്നും ആക്രമണോത്സുക ക്രിക്കറ്റ് കളിക്കുക എന്ന സമീപനത്തില്‍ മാറ്റമൊന്നും ഇല്ലെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. ഓപ്പണര്‍ സ്ഥാനത്തു നിന്ന് സഞ്ജുവിനെ എന്തുകൊണ്ട് മാറ്റി എന്ന ചോദ്യത്തിന് സഞ്ജു ടോപ് ഓര്‍ഡറില്‍ മികച്ച രീതിയില്‍ കളിച്ചുവെങ്കിലും ശുഭ്മാന്‍ ഗില്ലും ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നതിനാലാണ് ഓപ്പണര്‍ സ്ഥാനത്തു നിന്ന് സഞ്ജുവിനെ മാറ്റി ഗില്ലിനെ ഓപ്പണറാക്കേണ്ടിവന്നതെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറ്റിയെങ്കിലും സഞ്ജുവിന് വീണ്ടും അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്തുന്നുണ്ടെന്നും സൂര്യകുമാര്‍ പറഞ്ഞു.
ഓപ്പണര്‍മാരൊഴികെ ടീമിലെ മറ്റ് താരങ്ങളെല്ലാം ഏത് സ്ഥാനത്തും കളിക്കാന്‍ വഴക്കമുള്ളവരായിരിക്കണം. സാഹചര്യത്തിന് അനുസരിച്ച് മാറാന്‍ അവര്‍ തയാറാവണം. സഞ്ജുവും ഗില്ലും ഞങ്ങളുടെ പദ്ധതികളില്‍ ഉള്‍പ്പെട്ട താരങ്ങളാണ്. വ്യത്യസ്ത റോളുകളില്‍ തിളങ്ങാന്‍ കഴിവുള്ള താരങ്ങളുമാണ്. രണ്ടുപേരും ടീമിന്റെ മുതല്‍ക്കൂട്ടാണെന്നതിനൊപ്പം സുഖമുള്ള തലവേദനയാണെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. ദക്ഷിണാഫ്രിക്കക്കും ന്യൂസിലന്‍ഡിനുമെതിരായ പരമ്പരകള്‍ ട്വന്റി 20 ലോകകപ്പിന്റെ ഓഡീഷനാകുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഈ രണ്ട് പരമ്പരകള്‍ നേടുന്നതിന് മാത്രമാണ് ശ്രദ്ധകൊടുക്കുന്നതെന്നും അതിനുശേഷം ട്വന്റി 20 ലോകകപ്പിലേക്ക് ശ്രദ്ധതിരിക്കുമെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.
പ്ലേയിങ് കോംബിനേഷനുകളില്‍ ഇനി കൂടുതല്‍ മാറ്റങ്ങള്‍ വരുത്താന്‍ മാനേജ്‌മെന്റിനു താല്‍പര്യമില്ലെന്നു സൂര്യകുമാര്‍ യാദവ് പറഞ്ഞു. പരുക്കിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്ന ശുഭ്മാന്‍ ഗില്ലും ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തിയതോടെ വലിയ അഴിച്ചുപണികള്‍ ആവശ്യമില്ല. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ശുഭ്മാന്‍ ഗില്‍ തന്നെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്നാം സ്ഥാനത്ത് സൂര്യകുമാറും നാലാമതായി തിലക് വര്‍മയും എത്തും.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന്റെ പൊസിഷനെക്കുറിച്ചും ഇന്ത്യന്‍ നായകന്‍ പരാമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം വരെ, അഭിഷേകിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിരുന്ന സഞ്ജു സാംസണ്‍, മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ഏഷ്യാ കപ്പിനുള്ള ടീമിലേക്ക് ഗില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയതോടെയാണ് സഞ്ജുവിനു മധ്യനിരയിലേക്കു മാറേണ്ടി വന്നത്. ഓസ്‌ട്രേലിയയ്ക്കെതിരായ അവസാന മൂന്നു ട്വന്റി20കളില്‍ സഞ്ജുവിന് പ്ലേയിങ് ഇലവനില്‍നിന്നു സ്ഥാനം നഷ്ടമാകുകയും ചെയ്തു.
''ഓര്‍ഡറില്‍ മുന്‍നിരയില്‍ കളിക്കാന്‍ കഴിയുന്ന ഒരു ബാറ്ററാണ് സഞ്ജു. ഒരു ഓപ്പണര്‍ എന്ന നിലയില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍ സഞ്ജുവിനു പകരം ഗില്‍ കളിക്കാന്‍ കാരണം അദ്ദേഹം ആ സ്ഥാനം അര്‍ഹിച്ചിരുന്നു എന്നതിനാലാണ്. പക്ഷേ സഞ്ജുവിന് അവസരങ്ങള്‍ ലഭിക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കി.'' സൂര്യകുമാര്‍ യാദവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
''ഓപ്പണര്‍മാരെ കൂടാതെ, മറ്റെല്ലാവരും വഴക്കമുള്ളവരായിരിക്കണം. ഏതു പൊസിഷനിലും കളിക്കാന്‍ പൊരുത്തപ്പെടണം. ഗില്ലും സഞ്ജുവും ഞങ്ങളുടെ പദ്ധതികളുടെ ഭാഗമാണ്. രണ്ടുപേര്‍ക്കും ഒന്നിലധികം റോളുകള്‍ ചെയ്യാന്‍ കഴിയും. ഇത് ടീമിന് ഒരു മുതല്‍ക്കൂട്ടും ഒരു നല്ല തലവേദനയുമാണ്.''- സൂര്യ കൂട്ടിച്ചേര്‍ത്തു.
ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കു ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കായി ഇന്ത്യ നാളെ ഇറങ്ങും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം കട്ടക്കിലാണ്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പ് മുന്നോടിയായി ഇന്ത്യയ്ക്ക് ഇനിയുള്ള പത്തു ട്വന്റി20 മത്സരങ്ങളില്‍ ആദ്യത്തേതാണ് ഇത്. ജനുവരിയില്‍ ന്യൂസീലന്‍ഡിനെതിരെയും അഞ്ചും മത്സരങ്ങളുണ്ട്. അതുകൊണ്ടു തന്നെ ടീമില്‍ ഇനി അധികം പരീക്ഷണങ്ങള്‍ക്കു സാധ്യതയില്ല.
മധ്യനിരയില്‍ സഞ്ജു സാംസണോ ജിതേഷ് ശര്‍മയോ?
ഇന്ത്യയുടെ 2024 ലോകകപ്പ് വിജയത്തിനുശേഷം, ടീമിന്റെ ഏറ്റവും ഉയര്‍ന്ന റണ്‍ വേട്ടക്കാരില്‍ മൂന്നാമത്തെയാളാണ് സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയില്‍ രണ്ടു സെഞ്ചറികളുള്‍പ്പെടെ മൂന്നു സെഞ്ചറികളാണ് ഓപ്പണറായി ഇറങ്ങി സഞ്ജു നേടിയത്. എന്നാല്‍ വൈസ് ക്യാപ്റ്റനായി ഗില്‍ തിരിച്ചെത്തിയതോടെ സഞ്ജുവിനു ബാറ്റിങ് ഓര്‍ഡറില്‍ താഴേയ്ക്ക് ഇറങ്ങേണ്ടി വന്നു.
ടി20 ക്രിക്കറ്റില്‍ അപൂര്‍വമായി മാത്രമാണ് സഞ്ജു മധ്യനിരയില്‍ കളിച്ചിട്ടുള്ളത്. മധ്യനിരയില്‍ സഞ്ജുവിനേക്കാള്‍ ജിതേഷ് ശര്‍മയാണ് കുറച്ചുകൂടി അനുയോജ്യനെന്നു മാനേജ്‌മെന്റ് വിലയിരുത്തിയാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്ജുവിന് ബെഞ്ചിലിരിക്കേണ്ടി വരും.
മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു വേണ്ടി നടത്തിയ മികച്ച പ്രകടനവുമായാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ എത്തുന്നത്. രണ്ട് അര്‍ധസെഞ്ചറിയും രണ്ട് 40+ സ്‌കോറും നേടിയ സഞ്ജു, ആന്ധ്രയ്ക്കതിരെ 56 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്നു. മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡ താരമായ ജിതേഷിന്റെ ഉയര്‍ന്ന സ്‌കോര്‍ 41 ആണ്.
