ഇന്ത്യന്‍ മണ്ണിലെ കിവീസിന്റെ 'റണ്‍ മെഷീന്‍'; രാജ്‌കോട്ടില്‍ അപരാജിത സെഞ്ചുറിയുമായി ഡാരില്‍ മിച്ചല്‍; ഗില്ലിന്റെ തന്ത്രങ്ങള്‍ പൊളിച്ച് വില്‍ യങിന് ഒപ്പം സെഞ്ചുറി കൂട്ടുകെട്ടും; രാഹുല്‍ രക്ഷകനായിട്ടും ഇന്ത്യക്ക് തോല്‍വി; ഏഴ് വിക്കറ്റ് ജയത്തോടെ ന്യൂസിലന്‍ഡ് പരമ്പരയില്‍ ഒപ്പം
രാജ്കോട്ട്: ഡാരില്‍ മിച്ചലിന്റെ അപരാജിത സെഞ്ചുറിയും വില്‍ യങിന്റെ അര്‍ധസെഞ്ചുറിയും... രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടന്ന് ന്യൂസിലന്‍ഡ് പരമ്പരയില്‍ ഒപ്പത്തിനൊപ്പം. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ ഏഴ് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് കീഴടക്കിയത്. 47.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് വിജയലക്ഷ്യം മറികടന്നു. മിച്ചല്‍ 117 പന്തില്‍ 131റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ വില്‍ യങ് 98 പന്തില്‍ 87 റണ്‍സെടുത്തു. 25 പന്തില്‍ 32 റണ്‍സെടുത്ത വില്‍ യങ് വിജയത്തില്‍ മിച്ചലിന് കൂട്ടായി. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-1ന് ഒപ്പമെത്തി. പരമ്പരയിലെ അവസാന ഏകദിനം 18ന് ഇന്‍ഡോറില്‍ നടക്കും. സ്‌കോര്‍ ഇന്ത്യ 50 ഓവറില്‍ 284-7, ന്യൂസിലന്‍ഡ് 47.3 ഓവറില്‍ 286-3.
രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെയും ന്യൂസീലന്‍ഡിന്റെയും ഇന്നിങ്‌സുകില്‍ ഒന്നു വീതം സെഞ്ചറിയും അര്‍ധസെഞ്ചറിയുമാണ് പിറന്നത്. എന്നാല്‍ ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഇല്ലാതിരുന്ന ഒരു കാര്യം ന്യൂസീലന്‍ഡ് ബാറ്റിങ്ങിലുണ്ടായിരുന്നു; ഒരു സെഞ്ചറി പാര്‍ട്ണര്‍ഷിപ്. മൂന്നാം വിക്കറ്റിലെ ആ നിര്‍ണായക കൂട്ടുകെട്ടിന്റെ അടിത്തറയില്‍നിന്നു കൊണ്ട് കിവീസ് വിജയം അനായാസം എത്തിപ്പിടിച്ചു. രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിക്കറ്റിനാണ് ന്യൂസീലന്‍ഡിന്റെ വിജയം. സെഞ്ചറി നേടിയ ഡാരില്‍ മിച്ചല്‍ (117 പന്തില്‍ 131*), അര്‍ധസെഞ്ചറി നേടിയ വില്‍ യങ് (98 പന്തില്‍ 87) എന്നിവരുടെ ഇന്നിങ്‌സാണ് കിവീസ് വിജയത്തില്‍ നിര്‍ണായകമായത്.
മറുപടി ബാറ്റിങ്ങില്‍ ആറാം ഓവറില്‍ ഓപ്പണര്‍ ഡെവന്‍ കോണ്‍വേയെ (21 പന്തില്‍ 16) ക്ലീന്‍ ബോള്‍ഡാക്കുകയായിരുന്നു. അപ്പോള്‍ ന്യൂസീലന്‍ഡ് സ്‌കോര്‍ 22ല്‍ എത്തിയതെ ഉണ്ടായിരുന്നുള്ളൂ. പവര്‍പ്ലേയ്ക്കു തൊട്ടുപിന്നാലെ 13ാം ഓവറില്‍ മറ്റൊരു ഓപ്പണര്‍ ഹെന്റി നിക്കോളാസിന്റെ 4 പന്തില്‍ 10) വിക്കറ്റ് പ്രസിദ്ധ് കൃഷ്ണയും തെറിപ്പിച്ചതോടെ ഇന്ത്യയ്ക്ക് ഇരട്ടി സന്തോഷമായി. എന്നാല്‍ അവിടെനിന്ന് അങ്ങോട്ടാണ് ന്യൂസീലന്‍ഡ് വിജയത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച വില്‍ യങ്ങും ഡാരില്‍ മിച്ചലും നിലയുറപ്പിച്ചതോടെ വിജയം ഇന്ത്യ കൈവിടുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 162 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, ബോളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും വിക്കറ്റ് വീഴ്ത്താനായില്ല. 13ാം ഓവറില്‍ ഒന്നിച്ച ഇരുവരും 38ാം ഓവറിലാണ് പിരിഞ്ഞത്. പക്ഷേ അപ്പോഴേയ്ക്കും കിവീസ് ഏറെക്കുറെ വിജയം ഉറപ്പിച്ചിരുന്നു. സെഞ്ചറിയിലേക്ക് കുതിച്ച വില്‍ യങ്ങിനെ കുല്‍ദീപ് യാദവാണ് നിതീഷ് കുമാറിന്റെ കൈകളില്‍ എത്തിച്ചത്. തൊട്ടടുത്ത ഓവറില്‍ ഡാരില്‍ മിച്ചലിനെ മുഹമ്മദ് സിറാജ് വിക്കറ്റിനു മുന്നില്‍ കുരുക്കിയെങ്കിലും റിവ്യൂവില്‍ മിച്ചല്‍ ഔട്ടല്ലെന്നു തെളിഞ്ഞു. പിന്നീട് ഏകദിനത്തിലെ എട്ടാം സെഞ്ചറി നേടിയ ഡാരില്‍ മിച്ചല്‍, നാലാം വിക്കറ്റിലെ പങ്കാളി ഗ്ലെന്‍ ഫിലിപ്‌സുമായി (25 പന്തില്‍ 32*) ചേര്‍ന്ന് ന്യൂസീലന്‍ഡിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 11 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതാണ് മിച്ചലിന്റെ അപരാജിത സെഞ്ചുറി.
നേരത്തെ രോഹിത് ശര്‍മയും വിരാട് കോലിയും അടക്കമുള്ള മുന്‍നിര നിരാശപ്പെടുത്തിയ മത്സരത്തില്‍ കെ എല്‍ രാഹുലിന്റെ അപരാജിത സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തിയത്. കെയ്ല്‍ ജമൈസണെ സിക്‌സര്‍ പറത്തി 87 പന്തില്‍ സെഞ്ചുറിയിലെത്തിയ രാഹുല്‍ 11 ഫോറും ഒരു സിക്‌സും പറത്തി 92 പന്തില്‍ 112 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ശുഭ്മാന്‍ ഗില്‍ 53 പന്തില്‍ 56 റണ്‍സടിച്ചു. രോഹിത് ശര്‍മ 24ഉം വിരാട് കോലി 23ഉം റണ്‍സെടുത്ത് മടങ്ങിപ്പോള്‍ ന്യൂസിലന്‍ഡിനായി ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് മൂന്ന് വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയും ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 12.2 ഓവറില്‍ 70 റണ്‍സടിച്ചു. 24 റണ്‍സെടുത്ത രോഹിത് ശര്‍മയെ മടക്കി ക്രിസ്റ്റ്യന്‍ ക്ലാര്‍ക്കാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. 13-ാം ഓവറില്‍ ക്രിസ്റ്റിയന്‍ ക്ലാര്‍ക്കിന്റെ പന്ത് ക്രീസ് വിട്ട് അടിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വീപ്പര്‍ കവറില്‍ വില്‍ യംഗിന് ക്യാച്ച് നല്‍കുകയായിരുന്നു രോഹിത്. പിന്നാലെ ശുഭ്മാന്‍ ഗില്‍ (56) അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അര്‍ധ സെഞ്ചുറിയുടെ സന്തോഷം കുറച്ച് സമയം മാത്രമാണ് നീണ്ടുനിന്നത്. 17-ാം ഓവറില്‍ ഗില്‍ മടങ്ങി. കെയ്ല്‍ ജാമിസണിന്റെ പന്തില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച്. 53 പന്തുകല്‍ നേരിട്ട ഗില്‍ ഒരു സിക്സും ഒമ്പത് ഫോറും നേടി.
നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ (8) നിരാശപ്പെടുത്തി. 22-ാം ഓവറില്‍ ക്ലാര്‍ക്കിന്റെ പന്തില്‍ മിഡ് ഓഫില്‍ മൈക്കല്‍ ബ്രേസ്വെല്ലിന് ക്യാച്ച് നല്‍കിയാണ് ശ്രേയസ് പവലിയനില്‍ തിരിച്ചെത്തുന്നത്. പിന്നീട് 24-ാം ഓവര്‍ എറിയാനെത്തിയ ക്ലാര്‍ക്ക് മൂന്നാം പന്തില്‍ കോലിയെ ബൗള്‍ഡാക്കി. ഇതോടെ നാലിന് 118 റണ്‍സെന്ന നിലയില്‍ ഇന്ത്യ പതറി. കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 73 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും 27 റണ്‍സെടുത്ത ജഡേജയെ ബ്രേസ്വെല്‍ മടക്കി. ഒരറ്റത്ത് രാഹുല്‍ ഉറച്ചു നിന്നെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിയും(20) ഹര്‍ഷിത് റാണയും(2) അവസാന ഓവറുകളിലെ റണ്‍നിരക്ക് ഉയര്‍ത്താനുള്ള സമ്മര്‍ദ്ദത്തില്‍ വീണു. അവസാന ഓവറുകളില്‍ മുഹമ്മദ് സിറാജിനെ ഒരറ്റത്ത് നിര്‍ത്തി രാഹുല്‍ നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ 284 റണ്‍സിലെത്തിച്ചത്.
