രണ്ട് ഇന്നിംഗ്‌സിലുമായി 12 വിക്കറ്റുകള്‍; മധ്യപ്രദേശിനെ ആഖിബ് നബി; ജമ്മു കശ്മീര്‍ രഞ്ജി ട്രോഫി സെമിയില്‍
ഇന്‍ഡോര്‍: മധ്യപ്രദേശിനെ 56 റണ്‍സിന് കീഴടക്കി ജമ്മു കശ്മീര്‍ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിഫൈനലില്‍. രണ്ട് ഇന്നിംഗ്സുകളിലും മധ്യപ്രദേശിന്റെ ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞ ആഖിബ് നബിയാണ് ജമ്മു കശ്മീരിന്റെ വിജയത്തിന്റെ പ്രധാന ശില്‍പി. 12 വിക്കറ്റുകള്‍ വീഴ്ത്തി നബി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ രഞ്ജി ട്രോഫിയില്‍ ടോപ് 5 വിക്കറ്റ് നേട്ടക്കാരില്‍ ഇടം നേടിയ ഏക സീമര്‍ ആണ് നബി, സീസണില്‍ 46 വിക്കറ്റുകള്‍ നേടി. ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിച്ചതിന് 67 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജമ്മു കശ്മീര്‍ രഞ്ജി ട്രോഫി സെമി ഫൈനലില്‍ പ്രവേശിക്കുന്നത്.
നാലാംദിനത്തില്‍ 87-ന് അഞ്ച് എന്ന നിലയില്‍ തുടങ്ങിയ മധ്യപ്രദേശിന് ജയിക്കാന്‍ 204 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.എന്നാല്‍ മത്സരം തുടങ്ങി ആദ്യ അര മണിക്കൂറിനുള്ളില്‍ തന്നെ വൈസ് ക്യാപ്റ്റന്‍ വെങ്കടേഷ് അയ്യരെ അവര്‍ക്ക് നഷ്ടമായി. ആര്യന്‍ പാണ്ഡെയും കുല്‍ദീപ് സെന്നും അടങ്ങിയ അവസാന വിക്കറ്റ് ജോഡി 23 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ജമ്മു കശ്മീരിനെ ഒരു ഘട്ടത്തില്‍ പ്രതിരോധത്തിലാക്കിയെങ്കിലും, യുധ്വീര്‍ സിംഗ് ആര്യന്‍ പാണ്ഡെയെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് ജമ്മുകശ്മീരിന് വിജയമുറപ്പിച്ചു. ആദ്യ ഇന്നിങ്സില്‍ ഏഴ് വിക്കറ്റ് നേടിയ ആഖിബ് നബി രണ്ടാം ഇന്നിങ്സില്‍ അഞ്ചുവിക്കറ്റ് സ്വന്തമാക്കി.
ആദ്യ ഇന്നിംഗ്‌സില്‍ 194 റണ്‍സിന് പുറത്തായ ജമ്മു കശ്മീര്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരവാണ് നടത്തിയത്. പക്ഷേ ആഖിബ് നബിയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ അവര്‍ക്ക് 42 റണ്‍സിന്റെ നേരിയ ലീഡ് നേടാനായി. രണ്ടാം ഇന്നിങ്സില്‍ ജമ്മുകശ്മീരിന് തുടക്കം പാളി. 75ന് അഞ്ച് എന്ന നിലയില്‍നിന്ന് അബിദ് മുഷ്താഖിന്റെ (41)യും വന്‍ശ്രാജ് ശര്‍മ്മയുടെയും (54*) പ്രകടന മികവില്‍ 248ല്‍ എത്തിക്കാനായി.