ലോകകപ്പ് ഹീറോ സഞ്ജുവിന് ഐസിസി റാങ്കിങ്ങിലും കുതിപ്പ്; 43 സ്ഥാനങ്ങള്‍ ഒറ്റയടിക്ക് മറികടന്ന് മലയാളി താരം; അഭിഷേക് ശര്‍മ്മ ഒന്നാമന്‍; തൊട്ടുപിന്നാലെ ഇഷാന്‍ കിഷന്‍; ഐസിസി ബൗളിംഗ് റാങ്കിംഗില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് തിരിച്ചടി
മുംബൈ: ട്വന്റി 20 ലോകകപ്പ് ഫൈനലിലെതടക്കം വിസ്മയ പ്രകടനത്തിന് പിന്നാലെ ഐസിസി റാങ്കിംഗില്‍ വന്‍ കുതിപ്പ് നടത്തി മലയാളി താരം സഞ്ജു സാംസണ്‍. ലോകകപ്പിന് ശേഷം പുറത്തുവിട്ട ഏറ്റവും പുതിയ ടി20 ബാറ്റിംഗ് റാങ്കിംഗില്‍ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി സഞ്ജു 22-ാം സ്ഥാനത്തെത്തി. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗാണിത്. ലോകകപ്പിന് തൊട്ടുമുമ്പ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിരാശപ്പെടുത്തിയതോടെ സഞ്ജു റാങ്കിംഗില്‍ 65-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. എന്നാല്‍ ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ അഞ്ച് കളികളില്‍ നിന്ന് 321 റണ്‍സ് നേടിയതോടെ താരം 43 സ്ഥാനങ്ങളാണ് ഒറ്റയടിക്ക് മെച്ചപ്പെടുത്തിയത്. ടൂര്‍ണമെന്റിലെ താരമായി (Player of the Tournament) തിരഞ്ഞെടുക്കപ്പെട്ടതും സഞ്ജുവിന് നേട്ടമായി.
സഞ്ജുവിന്റെ സഹ ഓപ്പണറായ അഭിഷേക് ശര്‍മ ലോകകപ്പ് ഫൈനലിലെ വെടിക്കെട്ട് പ്രകടനത്തോടെ 875 റേറ്റിംഗ് പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ടൂര്‍ണമെന്റില്‍ 317 റണ്‍സ് നേടിയ താരം രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടാം റാങ്കിലെത്തി. ഒന്നാം സ്ഥാനത്തുള്ള അഭിഷേകിനേക്കാള്‍ വെറും നാല് പോയിന്റ് മാത്രം പിന്നിലാണ് ഇഷാന്‍. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ശിവം ദുബെ 27-ാം റാങ്കിലെത്തി. അതേ സമയം തിലക് വര്‍മ ഒരു സ്ഥാനം നഷ്ടമായി ഏഴാം സ്ഥാനത്തേക്കും ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഫോം മങ്ങിയതോടെ രണ്ട് സ്ഥാനങ്ങള്‍ നഷ്ടമായി ഒമ്പതാം സ്ഥാനത്തേക്കും വീണു. എങ്കിലും ആദ്യ പത്തില്‍ ഇന്ത്യയുടെ അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഇടംപിടിച്ചു.
സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 33 പന്തില്‍ സെഞ്ച്വറി നേടി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ച ന്യൂസിലന്‍ഡ് ഓപ്പണര്‍ ഫിന്‍ അലന്‍ ഏഴ് സ്ഥാനം ഉയര്‍ന്ന് ബാറ്റിംഗ് റാങ്കിംഗില്‍ 20-ാം സ്ഥാനത്തെത്തി. സെമിയില്‍ ഇന്ത്യക്കെതിരെ വെടിക്കെട്ട് സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്റെ ജേക്കബ് ബെഥേല്‍ 17 സ്ഥാനം ഉയര്‍ന്ന് 16-ാം റാങ്കിലെത്തി. നാലു സ്ഥാനം ഉയര്‍ന്ന ന്യൂസിലന്‍ഡ് ഓപ്പണര്‍ ടിം സൈഫര്‍ട്ട് ആറാം റാങ്കിലെത്തിയതാണ് മറ്റൊരു മാറ്റം.
ലോകകപ്പ് സൂപ്പര്‍ 8 മുതല്‍ നിരാശപ്പെടുത്തിയ ഇന്ത്യയുടെ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടമായി. അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ ആണ് വരുണിനെ പിന്നിലാക്കി 753 റേറ്റിംഗ് പോയന്റുമായി ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 740 റേറ്റിംഗ് പോയന്റുള്ള വരുണ്‍ രണ്ടാം സ്ഥാനത്താണ്. ലോകകപ്പിലെ മിന്നും പ്രകടനത്തോടെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം റാങ്കിലെത്തി. ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 17-ാം റാങ്കിലെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ സിംബാബ്വെ നായകന്‍ സിക്കന്ദര്‍ റാസ ഒന്നാം സ്ഥാനത്തും ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ രണ്ടാം സ്ഥാനത്തും തുടരുന്നു. ഇരുവരും തങ്ങളുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയിന്റും ഈ ആഴ്ച സ്വന്തമാക്കി.
