മിന്നുന്ന തുടക്കമിട്ട് വൈഭവ് സൂര്യവംശി; അര്‍ധ സെഞ്ചുറിയുമായി ധ്രുവ് ജുറേലും ജയ്‌സ്വാളും; 211 റണ്‍സ് വിജയലക്ഷ്യം കുറിച്ച് രാജസ്ഥാന്‍; ഗുജറാത്തിന് ഭേദപ്പെട്ട തുടക്കം
അഹമ്മദബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയില്‍സിനെതിരെ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഗുജറാത്ത് ടൈറ്റന്‍സിന് ഭേദപ്പെട്ട തുടക്കം. പവര്‍ പ്ലേയിലെ ആദ്യ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 45 റണ്‍സ് എന്ന നിലയിലാണ് ഗുജറാത്ത്. പരിക്കേറ്റ നായകന്‍ ശുഭ്മാന്‍ ഗില്ലിന് പകരം ടീമില്‍ ഇടംപിടിച്ച കുമാര്‍ കുശാഗ്രയും സായ് സുദര്‍ശനും ചേര്‍ന്നാണ് ഇന്നിംഗ്‌സിന് തുടക്കമിട്ടത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സിന് ധ്രുവ് ജുറേലിന്റെയും യശസ്വി ജയ്സ്വാളിന്റെയും തകര്‍പ്പന്‍ ബാറ്റിങാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചുകൂട്ടിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന് വേണ്ടി ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവംശിയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വൈഭവ് 18 പന്തില്‍ 31 റണ്‍സെടുത്തു പുറത്തായെങ്കിലും പിന്നീട് വന്ന ധ്രുവ് ജുറേല്‍ ഗുജറാത്ത് ബൗളര്‍മാരെ നിലംതൊടീച്ചില്ല. 42 പന്തില്‍ അഞ്ച് സിക്‌സും അഞ്ച് ഫോറും അടക്കം 75 റണ്‍സാണ് ജുറേല്‍ അടിച്ചെടുത്തത്. ജയ്സ്വാള്‍ 36 പന്തില്‍ 55 റണ്‍സ് നേടി പുറത്തായി.
മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിരയില്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിനും (8), ഡോനോവന്‍ ഫെറേരയ്ക്കും (1) തിളങ്ങാനായില്ല. അവസാന ഓവറുകളില്‍ ഷിമ്രോണ്‍ ഹെറ്റ്മിയര്‍ എട്ട് പന്തില്‍ 18 റണ്‍സ് നേടി സ്‌കോര്‍ 200 കടത്താന്‍ സഹായിച്ചു. പരിക്കേറ്റ ശുഭ്മന്‍ ഗില്ലിന് പകരം റാഷിദ് ഖാനാണ് ഗുജറാത്തിനെ നയിക്കുന്നത്.
ഗുജറാത്തിന് വേണ്ടി കഗിസോ റബാദ രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, അശോക് ശര്‍മ, പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഗില്ലിന്റെ അഭാവത്തില്‍ കുമാര്‍ കുശാഗ്രയാണ് ഗുജറാത്തിനായി കളത്തിലിറങ്ങിയത്. തുഷാര്‍ ദേശ്പാണ്ഡെയും ശുഭം ദുബെയും രാജസ്ഥാന്‍ നിരയില്‍ തിരിച്ചെത്തിയപ്പോള്‍ രവി ബിഷ്ണോയിയും ബ്രിജേഷ് ശര്‍മയും പുറത്തിരുന്നു.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലേയിങ് ഇലവന്‍- കുമാര്‍ കുശാഗ്ര, സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടന്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്‌സ്, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), കഗിസോ റബാദ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അശോക് ശര്‍മ.
രാജസ്ഥാന്‍ റോയല്‍സ് പ്ലേയിങ് ഇലവന്‍- വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഷിമ്രോണ്‍ ഹെറ്റ്മിയര്‍, ഡോനോവന്‍ ഫെറേറ, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ.
