'കുറേ കളിക്ക് വലിച്ചടിച്ചു നോക്കി, നടന്നില്ല; വേറെ ഒരു വഴിയില്ലാത്തതു കൊണ്ടാണ് ശൈലി ഒന്നു മാറ്റിയത്; വീഴ്ചകളില്‍ നിന്നു പഠിക്കണമല്ലോ! ലോകകപ്പ് വിജയം നാട്ടുകാര്‍ക്ക് സമര്‍പ്പിച്ച് സഞ്ജു സാംസണ്‍
'കുറേ കളിക്ക് വലിച്ചടിച്ചു നോക്കി, നടന്നില്ല
തിരുവനന്തപുരം: ബാറ്റിങ് ശൈലി മാറ്റാനുള്ള തീരുമാനമാണ് മികച്ച പ്രകടനത്തിനു പിന്നിലെന്ന് മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യയ്ക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് സഞ്ജുവായിരുന്നു. ലോകകപ്പ് വിജയത്തിനു ശേഷം ജന്മനാടായ വിഴിഞ്ഞത്തു ലഭിച്ച സ്വീകരണത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യയുടെ മലയാളി ഹീറോ. ലോകകപ്പ് വിജയത്തിനിടെ തിങ്കളാഴ്ച ചാര്‍ട്ടേഡ് വിമാനത്തിലാണ് സഞ്ജു അഹമ്മദാബാദില്‍ നിന്നു കേരളത്തിലെത്തിയത്.
'കപ്പടിച്ചതില്‍ വലിയ സന്തോഷമുണ്ട്. ആരോധകരോട് പറയാന്‍ വാക്കുകളില്ല. ടീമിലുള്ളപ്പോഴും മികച്ച പ്രകടനം നടത്താന്‍ സാധിക്കാതിരുന്നപ്പോഴും ഈ നാട്ടുകാരാണ് കൂടെനിന്നത്. ലോകകപ്പ് വിജയം നാട്ടിലുള്ള ആളുകള്‍ക്കായി സമര്‍പ്പിക്കുന്നു. ആരാധകരുടെ സന്ദേശങ്ങളും റീല്‍സും ഒക്കെ ഭാര്യ കാണിച്ചു തരാറുണ്ട്. ചിലപ്പോഴൊക്കെ കണ്ണ് നിറഞ്ഞു പോയിട്ടുണ്ട്.'
'മനസ് ഒന്നു പാളിയപ്പോഴാണ് ആരെ വിളിക്കുമെന്നു ആലോചിച്ചത്. അപ്പോഴാണ് സച്ചിന്‍ സാറിന്റെ പേര് മനസില്‍ വന്നത്. ആദ്യം വിളിച്ചപ്പോള്‍ 25 മിനിറ്റാണ് അദ്ദേഹം സംസാരിച്ചത്. എല്ലാ കാര്യങ്ങളിലും ആവശ്യമായ ഉപദേശങ്ങള്‍ ലഭിക്കാറുണ്ട്. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ലോകകപ്പ് ഫൈനലിന്റെ തലേദിവസവും കാര്യങ്ങള്‍ അന്വേഷിക്കാന്‍ അദ്ദേഹം വിളിച്ചിരുന്നു. ലോകകപ്പ് നേടിയപ്പോഴും അദ്ദേഹത്തിന്റെ സന്ദേശം ലഭിച്ചു.'
'കുറേ കളിക്ക് വലിച്ചടിച്ചു നോക്കി. നടന്നില്ല. വേറെ ഒരു വഴിയില്ലാത്തതു കൊണ്ടാണ് ശൈലി ഒന്നു മാറ്റിയത്. വീഴ്ചകളില്‍ നിന്നു പഠിക്കണമല്ലോ. ലോകകപ്പിനായി മറ്റൊരു ഗെയിം പ്ലാന്‍ നടപ്പാക്കുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി എന്റെ ഫോണ്‍ ഓഫാണ്. പറത്തു നിന്നുള്ള ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞു നില്‍ക്കാന്‍ പറ്റി. ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിക്കാനും സാധിച്ചു. ഡല്‍ഹിയില്‍ ലോകകപ്പ് വിജയത്തിന്റെ ആഘോഷം നടക്കാന്‍ സാധ്യതയുണ്ട്. അങ്ങനയെങ്കില്‍ തിരിച്ചു ഉടന്‍ തന്നെ മടങ്ങേണ്ടി വരും'- സഞ്ജു വ്യക്തമാക്കി.
ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തി ചരിത്രമെഴുതിയപ്പോള്‍ അതിന്റെ നെടുനായകത്വം വഹിച്ചത് സഞ്ജുവാണ്. ലോകകപ്പ് തുടങ്ങുമ്പോള്‍ മോശം ഫോമിന്റെ പേരില്‍ ബഞ്ചിലിരുന്ന മലയാളി താരം പിന്നീട് ടീമില്‍ തിരിച്ചെത്തിയാണ് കിടിലന്‍ ബാറ്റിങ് പുറത്തെടുത്തത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ ജീവന്‍മരണ പോരാട്ടത്തില്‍ 97 റണ്‍സടിച്ച സഞ്ജു സെമിയിലും ഫൈനലിലും 89 റണ്‍സ് വീതം നേടിയാണ് തിളങ്ങിയത്. 5 കളിയില്‍ നിന്നു 321 റണ്‍സ് നേടി ടൂര്‍ണമെന്റിന്റെ താരമായി മാറിയാണ് സഞ്ജു ലോകകപ്പ് അവിസ്മരണീയമാക്കിയത്.
