ക്രിക്കറ്റ് ലോകത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി സൂര്യകുമാറും സംഘവും; ബിസിസിഐ നല്‍കിയ 131 കോടി പാരിതോഷികം വീതിച്ചെടുക്കും; സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ലഭിക്കുക ആറ് കോടി; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ടീം അംഗങ്ങള്‍ ഡല്‍ഹിക്ക്

Update: 2026-03-10 11:10 GMT

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി കിരീടം നിലനിര്‍ത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് 131 കോടി രൂപ പാരിതോഷികമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. 2024-ല്‍ രോഹിത് ശര്‍മയുടെ കീഴില്‍ ലോകകപ്പ് നേടിയപ്പോള്‍ നല്‍കിയ 125 കോടി രൂപയുടെ റെക്കോഡാണ് ഇതോടെ ബിസിസിഐ തിരുത്തിക്കുറിച്ചത്. ട്വന്റി 20 ലോകകപ്പ് കിരീടം വിജയകരമായി നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ഖ്യാതിയും മൂന്ന് തവണ ഈ കിരീടം നേടുന്ന ആദ്യ രാജ്യമെന്ന നേട്ടവും ഇന്ത്യ ഇതോടെ സ്വന്തമാക്കി. താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും സെലക്ടര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച ബിസിസിഐ, ഈ ചരിത്രവിജയത്തിന്റെ പശ്ചാത്തലത്തിലാണ് വന്‍തുക പാരിതോഷികമായി പ്രഖ്യാപിച്ചത്. വ്യക്തിഗത മികവിനേക്കാളുപരി ടീമിന്റെ ഒത്തൊരുമയ്ക്കും തയ്യാറെടുപ്പുകള്‍ക്കുമുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ ഭാരവാഹികള്‍ തുക പ്രഖ്യാപിച്ച സമയത്ത് വ്യക്തമാക്കി. ഓരോ അംഗത്തിന്റെയും കഠിനാധ്വാനമാണ് ഈ ചരിത്ര വിജയത്തിന് പിന്നിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഐസിസി പ്രഖ്യാപിച്ച സമ്മാനത്തുകയുടെ അഞ്ച് ഇരട്ടി കൂടുതലായിട്ടാണ് ബിസിസിഐ ടീമിന് നല്‍കുന്നത്.

പ്രഖ്യാപിച്ച 131 കോടി രൂപ ടീമിലെ താരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും വീതിച്ചു നല്‍കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഓരോ താരത്തിനും കോച്ചിംഗ് സ്റ്റാഫിനും എത്ര ലഭിക്കുമെന്നുള്ളതിന്റെ കണക്ക് പുറത്തുവന്നിരിക്കുകയാണിപ്പോള്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും മലയാളി താരം സഞ്ജു സാംസണും ഉള്‍പ്പെടെയുള്ള 15 കളിക്കാര്‍ക്ക് 6 കോടി രൂപ വീതം ലഭിക്കും. ശേഷിക്കുന്ന 41 കോടി പരിശീലകര്‍ക്കും മറ്റ് സപ്പോര്‍ട് സ്റ്റാഫിനും പങ്കിട്ട് നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയക്കായി ഉടന്‍ ഡല്‍ഹിയിലെത്താനും ടീമിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബിസിസിഐക്ക് പുറമേ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും (ഐ.സി.സി.) ഇന്ത്യന്‍ ടീമിന് വലിയൊരു തുക സമ്മാനമായി നല്‍കുന്നുണ്ട്. ചാമ്പ്യന്മാരായ ടീമിന് 3 മില്യണ്‍ യുഎസ് ഡോളറാണ് (ഏകദേശം 27.48 കോടി രൂപ) ഐസിസി നല്‍കുന്നത്. ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുകയായ 13.5 മില്യണ്‍ ഡോളറിന്റെ ഭാഗമാണിത്. മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനത്തിന്റെ വര്‍ധനയാണ് സമ്മാനത്തുകയില്‍ ഇത്തവണ വരുത്തിയത്. ഫൈനലിലെ വിജയത്തിന് പുറമേ, ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ 8 ഘട്ടത്തിലും വിജയിച്ച ഓരോ മത്സരങ്ങള്‍ക്കും ഏകദേശം 31,154 ഡോളര്‍ (ഏകദേശം 28.6 ലക്ഷം രൂപ) വീതം ബോണസായും ഇന്ത്യന്‍ ടീമിന് ലഭിക്കും. ഇതോടെ ബി.സി.സി.ഐ.യുടെയും ഐ.സി.സി.യുടെയും പാരിതോഷികങ്ങള്‍ ചേര്‍ന്ന് കോടിക്കണക്കിന് രൂപയുടെ റെക്കോര്‍ഡ് നേട്ടമാണ് ഇന്ത്യന്‍ ടീമിനെ തേടിയെത്തിയിരിക്കുന്നത്.

അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ മൂന്നാം ട്വന്റി 20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ട്വന്റി 20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇതോടെ ഇന്ത്യ സ്വന്തമാക്കി. ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ഇത്തവണ യുവനിരയുമായിട്ടാണ് ഇന്ത്യ എത്തിയത്. മലയാളി താരം സഞ്ജു സാംസണായിരുന്നു ടൂര്‍ണമെന്റിലെ താരം.

വിജയികളായ ഇന്ത്യക്ക് ഐസിസി 13.5 മില്യണ്‍ ഡോളര്‍ (ഏകദേശം 112 കോടിയിലധികം രൂപ) സമ്മാനത്തുക നല്‍കിയിരുന്നു. 2024 ചാമ്പ്യന്‍മാരായ ഇന്ത്യക്ക് 2.45 മില്യണ്‍ ഡോളര്‍( ഏകദേശം 22.52 കോടി രൂപ) ആണ് ഐസിസി സമ്മാനത്തുകയായി നല്‍കിയതെങ്കില്‍ ഇത്തവണ ഇന്ത്യക്ക് മൂന്ന് മില്യണ്‍ ഡോളര്‍ (ഏകദേശം 27.48 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്. രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡ് ടീമിന് 1.6 മില്യണ്‍ ഡോളര്‍ (ഏകദേശം 14.65 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റിലെ മികച്ച സ്‌പോണ്‍സര്‍ഷിപ്പ് വരുമാനമാണ് സമ്മാനത്തുക ഇത്രയധികം ഉയരാന്‍ കാരണമായത്.

സൂപ്പര്‍ 8 ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും, ശക്തമായി തിരിച്ചുവന്ന ഇന്ത്യ പിന്നീട് നടന്ന മത്സരങ്ങളെല്ലാം വിജയിച്ചാണ് ഫൈനലിലെത്തിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ മികച്ച നേതൃപാടവം ടീമിന് കരുത്തായി. മധ്യനിരയില്‍ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ഹാര്‍ദിക് പാണ്ഡ്യയും, നിര്‍ണ്ണായക നിമിഷങ്ങളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗ് നിരയെ നയിച്ച ജസ്പ്രീത് ബുമ്രയും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. യുവതാരങ്ങളായ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരുടെ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകളും, അഭിഷേക് ശര്‍മ്മയുടെ ഭയമില്ലാത്ത ബാറ്റിംഗും ഇന്ത്യന്‍ ടീമിന്റെ ആധിപത്യം ഉറപ്പിച്ചു.

Tags:    

Similar News