ഇന്ത്യന്‍ ടീമില്‍ ഡഗ് ഔട്ട് ബെഞ്ചിലിരിക്കുന്നവരും പ്ലേയിങ് ഇലവനിലുള്ളവരും ഒരുപോലെ ശക്തര്‍; ഇക്കാരണത്താലാണ് ഇന്ത്യക്ക് അനായാസവിജയം നേടാനായത്; സഞ്ജുവിന്റേത് ഔട്ട് സ്റ്റാന്‍ഡിങ് പ്രകടനം; പുകഴ്ത്തി ഷാഹിദ് അഫ്രീദി

ഇന്ത്യന്‍ ടീമില്‍ ഡഗ് ഔട്ട് ബെഞ്ചിലിരിക്കുന്നവരും പ്ലേയിങ് ഇലവനിലുള്ളവരും ഒരുപോലെ ശക്തര്‍;

Update: 2026-03-10 05:29 GMT

ലഹോര്‍: ട്വന്റി20 ലോകകപ്പ് നിലനിര്‍ത്തിയ ഇന്ത്യയെ പുകഴ്ത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഇന്ത്യന്‍ ടീമില്‍ ഡഗ് ഔട്ട് ബെഞ്ചിലിരിക്കുന്നവരും പ്ലേയിങ് ഇലവനിലുള്ളവരും ഒരുപോലെ ശക്തരെന്ന് അഫ്രീദി പറഞ്ഞു. ഇക്കാരണത്താലാണ് ഇന്ത്യക്ക് അനായാസവിജയം നേടാനായതെന്നും അദദേഹം വ്യക്തമാക്കി.

മുന്‍പ് ഇന്ത്യ സെമി ഫൈനലില്‍ പോലുമെത്തില്ലെന്നും അത്രമാത്രം ദുര്‍ബലരാണ് ടീമെന്നും പാക് മുന്‍ താരം മുഹമ്മദ് ആമിര്‍ വിവാദ പ്രസ്താവന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മത്സരശേഷം ഇന്ത്യയെ പ്രശംസിച്ച് ഒരു പാക് താരം രംഗത്തെത്തുന്നത്. സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ ഗംഭീര പ്രകടനത്തിലൂടെ ന്യൂസീലാന്‍ഡിനെതിരെ 255 റണ്‍സ് അടിച്ചെടുത്ത ഇന്ത്യ തികഞ്ഞ ആധിപത്യം നേടിയാണ് വീണ്ടും ചാമ്പ്യന്‍മാരായതെന്നും അഫ്രീദി പറയുന്നു.

' ലോകകപ്പ് അവസാനിച്ചു, അര്‍ഹിച്ച നേട്ടം ഇന്ത്യ കൈവരിച്ചു, മികച്ച ഒത്തൊരുമയുള്ള ടീമാണ് ഇന്ത്യ, ബെഞ്ചിലിരിക്കുന്നവരും പ്ലേയിങ് ഇലവനില്‍ കളിക്കുന്നവരും ഒരേപോലെ ശക്തര്‍, ഡഗ് ഔട്ട് ബെഞ്ച് ശക്തരാവണമെന്ന് പറയുന്നത് ഇക്കാരണത്താലാണ്, അവര്‍ക്ക് ആരെ വേണമെങ്കിലും കണ്ണടച്ച് പ്ലേയിങ് ഇലവനിലേക്ക് തിരഞ്ഞെടുക്കാം, ടൂര്‍ണമെന്റ് മൊത്തം ചാമ്പ്യന്‍മാരായാണ് ഇന്ത്യ കളിച്ചുവന്നത്' അഫ്രീദീ പറയുന്നു.

ഔട്ട് സ്റ്റാന്‍ഡിങ് പ്രകടനമാണ് സഞ്ജു സാംസണ്‍ പുറത്തെടുത്തത്, അവന് അവസരം കിട്ടി, നന്നായി മുതലെടുത്ത് ഇന്നിങ്‌സ് കെട്ടിപ്പെടുത്തു, അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും മികച്ച രീതിയില്‍ മത്സരിച്ചു. പാക്കിസ്ഥാനെതിരെയും അസാമാന്യ പ്രകടനമാണ് ഇഷാന്‍ പുറത്തെടുത്തിരുന്നത്. ഇന്ത്യയുടെ നെടുംതൂണാണ് ജസ്പ്രീത് ബുംറയെന്നും തന്റെ അഭിപ്രായത്തില്‍ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ് ബുംറയെന്നും അഫ്രീദി അഭിപ്രായപ്പെടുന്നു. സ്ഥിരതയും തുടര്‍ച്ചയുമാണ് ഇന്ത്യന്‍ ടീമിനെ വിജയത്തിലെത്തിക്കുന്നതെന്നും ഇടക്കിടെയുള്ള മാറ്റങ്ങളും അക്ഷമയുമാണ് പാക്കിസ്ഥാന്റെ പതനത്തിനു കാരണമെന്നും അഫ്രീദി തുറന്നുപറയുന്നു.

Tags:    

Similar News