ലോകകപ്പിലെ ആകെ സമ്മാനത്തുക 101 കോടി രൂപ! ടീമുകള്‍ക്ക് ടീമുകള്‍ക്ക് വാരിക്കോരി പണം നല്‍കാന്‍ ഐസിസി; ചാംപ്യന്‍മാരായ ഇന്ത്യയ്ക്ക് എത്ര കിട്ടും?
ലോകകപ്പിലെ ആകെ സമ്മാനത്തുക 101 കോടി രൂപ!
അഹമ്മദാബാദ്: ടി20 ലോകകപ്പ് ടൂര്‍ണമെന്റിലെ വിജയികള്‍ക്കുള്ള സമ്മാനത്തുക ഐസിസി പ്രഖ്യാപിച്ചു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റില്‍ ആകെ 20 ടീമുകളാണ് പങ്കെടുത്തത്. ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിനു തകര്‍ത്തെറിഞ്ഞ് ഇന്ത്യ ടി20 ലോകകപ്പ് വീണ്ടും ഉയര്‍ത്തുകയും ചെയ്തു.
സൂര്യകുമാര്‍ യാദവ് നായകനായ ഇന്ത്യന്‍ ടീം ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് കിരീടം സ്വന്തമാക്കിയത്. ഈ വിജയത്തോടെ ടി20 ലോകകപ്പ് മൂന്ന് തവണ നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ഐസിസി ടൂര്‍ണമെന്റിനായി ആകെ 11 മില്യണ്‍ ഡോളര്‍ (ഏകദേശം 101 കോടി രൂപ) സമ്മാനത്തുകയായി പ്രഖ്യാപിച്ചിരുന്നു.
ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും കുറഞ്ഞത് ഏകദേശം 1.03 കോടി രൂപ പങ്കാളിത്ത ഫീസ് ഇനത്തില്‍ ലഭിക്കും. അതിന് പുറമെ ടൂര്‍ണമെന്റിലെ ഓരോ മത്സരവും ജയിക്കുന്ന ടീമുകള്‍ക്ക് ഏകദേശം 28.64 ലക്ഷം രൂപ വീതം അധികമായി നല്‍കും. കിരീടം നേടിയ ഇന്ത്യയ്ക്ക് 2.34 മില്യണ്‍ ഡോളര്‍ (ഏകദേശം 21.5 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക. ഫൈനലില്‍ പരാജയപ്പെട്ട ന്യൂസിലന്‍ഡിന് 1.17 മില്യണ്‍ ഡോളര്‍ (ഏകദേശം 10.75 കോടി രൂപ) ആണ് ഐസിസി നല്‍കുക. സെമിഫൈനലില്‍ പുറത്തായ ടീമുകള്‍ക്ക് ഏകദേശം 6.2 കോടി രൂപ വീതമാണ് ലഭിക്കുക.
അഞ്ചാം സ്ഥാനം മുതല്‍ എട്ടാം സ്ഥാനത്ത് വരെ എത്തിയ ടീമുകള്‍ക്ക് 2.48 കോടി രൂപയും ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയുള്ള സ്ഥാനങ്ങളില്‍ എത്തിയവര്‍ക്ക് 1.24 കോടി രൂപ വീതവും ലഭിക്കും. പതിമൂന്ന് മുതല്‍ ഇരുപത് വരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് 1.03 കോടി രൂപ വീതവും സമ്മാനമായി നല്‍കുമെന്നാണ് ഐസിസി പറയുന്നത്.