ഒമാനെ എറിഞ്ഞിട്ടു, പിന്നെ അടിച്ചൊതുക്കി; ബ്രിയാൻ ബെന്നറ്റിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ടി20 ലോകകപ്പിൽ സിംബാബ്‌വെയ്ക്ക് വിജയത്തുടക്കം; 81 പന്തുകളിൽ ജയം പിടിച്ചെടുത്ത് സിക്കന്ദർ റാസയും സംഘവും

Update: 2026-02-09 12:49 GMT

കൊളംബോ: ടി20 ലോകകപ്പിൽ സിംബാവെയ്ക്ക് വിജയത്തുടക്കം. കൊളംബോയിൽ നടന്ന മത്സരത്തിൽ ഒമാനെ എട്ട് വിക്കറ്റിനാണ് സിംബാബ്‌വെ തകർത്തത്. ഒമാൻ ഉയർത്തിയ 104 റൺസ് വിജയലക്ഷ്യം സിംബാബ്‌വെ 13.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഓപ്പണർ ബ്രിയാൻ ബെന്നറ്റിന്റെയും വെറ്ററൻ താരം ബ്രണ്ടൻ ടെയ്‌ലറുടെയും മികച്ച പ്രകടനമാണ് സിംബാബ്‌വെക്ക് അനായാസ ജയം ഒരുക്കിയത്. 36 പന്തിൽ ഏഴ് ബൗണ്ടറികളോടെ 48 റൺസെടുത്ത് ബെന്നറ്റ് പുറത്താകാതെ നിന്നു. 30 പന്തിൽ 31 റൺസെടുത്ത ടെയ്‌ലർ റിട്ടയേർഡ് ഹർട്ടായി മടങ്ങി.

നേരത്തെ ടോസ് നേടി ആദ്യം ബൗൾ ചെയ്യാനുള്ള സിംബാബ്‌വെയുടെ തീരുമാനം ശരിവെച്ച് ഒമാൻ ബാറ്റിംഗ് തകർച്ച നേരിട്ടു. 19.5 ഓവറിൽ 103 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു ഒമാൻ. ഒരു ഘട്ടത്തിൽ 27 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അഞ്ച് മുൻനിര ബാറ്റർമാരെ നഷ്ടമായി. വിനായക് ശുക്ല (21 പന്തിൽ 28), സുഫിയാൻ മെഹ്മൂദ് (25), വാലറ്റത്ത് നദീം ഖാൻ (20) എന്നിവർ മാത്രമാണ് ഒമാൻ നിരയിൽ രണ്ടക്കം കടന്നത്. ഒമാൻ ഇന്നിംഗ്‌സിലെ ഏക സിക്‌സറും നദീം ഖാന്റെ ബാറ്റിൽ നിന്നായിരുന്നു.

സിംബാബ്‌വെയ്ക്ക് വേണ്ടി റിച്ചാർഡ് നഗരവ, ബ്ലസിങ് മുസർബാനി, ബ്രാഡ് ഇവാൻസ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. നാലോവറിൽ 17 റൺസ് മാത്രം വഴങ്ങിയാണ് നഗരവയുടെ പ്രകടനം. മുസർബാനി 16 റൺസ് വഴങ്ങിയും ഇവാൻസ് 3.5 ഓവറിൽ 18 റൺസ് വഴങ്ങിയും മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. ക്യാപ്റ്റൻ സിക്കന്ദർ റാസ നാലോവറിൽ 17 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി. മുസറബാണിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ടീം ആവശ്യത്തിന് റൺസ് നേടാത്തതാണ് തോൽവിക്ക് കാരണമായതെന്ന് മത്സരശേഷം ഒമാൻ നായകൻ ജതിന്ദർ സിംഗ് പ്രതികരിച്ചു. ഏതൊരു പിച്ചിലും പ്രതിരോധിക്കാൻ 160-170 റൺസെങ്കിലും ആവശ്യമാണെന്നും താരം കൂട്ടിച്ചേർത്തു. വാം-അപ്പ് മത്സരത്തിൽ നിന്നും വ്യത്യസ്തമായ പിച്ചിലെ ബൗൺസ് വെല്ലുവിളിയായെന്നും, എന്നാൽ ബൗളർമാരുടെ മികച്ച പ്രകടനവും ഫീൽഡിംഗും പോസിറ്റീവായി കാണുന്നുവെന്നും ജതിന്ദർ സിംഗ് പറഞ്ഞു. അടുത്ത മത്സരങ്ങളിൽ തിരിച്ചുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും നായകൻ സൂചിപ്പിച്ചു.

Tags:    

Similar News