രണ്ടാം ഇന്നിങ്സിലും സെഞ്ചുറി; വരുൺ നായനാരുടെ കരുത്തിൽ ലീഡ്; 364 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഗോവയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം; സി കെ നായിഡു ട്രോഫിയിൽ കേരളത്തിന് വിജയപ്രതീക്ഷ
തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി കെ നായിഡു ട്രോഫി ക്രിക്കറ്റിൽ ഗോവയ്ക്കെതിരെ കേരളം വിജയത്തിനരികെ. 364 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഗോവ, മൂന്നാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് എന്ന നിലയിലാണ്. കേരളത്തിന്റെ രണ്ടാം ഇന്നിംഗ്‌സിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടിയ വരുൺ നായനാരുടെ തകർപ്പൻ ബാറ്റിംഗാണ് മികച്ച ലീഡ് നേടാൻ ടീമിനെ സഹായിച്ചത്.
രണ്ട് വിക്കറ്റിന് 37 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് വരുൺ നായനാരും കൈലാസ് ബി. നായരും ചേർന്ന് മികച്ച തുടക്കം നൽകി. ഇരുവരും മൂന്നാം വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തു. 27 റൺസെടുത്ത കൈലാസ് പുറത്തായതിന് പിന്നാലെ, അഹ്മദ് ഇമ്രാനും ഷോൺ റോജറും റണ്ണൊന്നുമെടുക്കാതെ മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ അഭിജിത് പ്രവീണും വരുൺ നായനാരും ചേർന്നുള്ള 124 റൺസിന്റെ കൂട്ടുകെട്ട് കേരളത്തെ മികച്ച സ്കോറിലേക്ക് നയിച്ചു.
109 റൺസെടുത്ത വരുണിനെ യഷ് കസവങ്കർ പുറത്താക്കി. തൊട്ടുപിന്നാലെ 75 റൺസെടുത്ത അഭിജിത് പ്രവീണിനെയും കസവങ്കർ ക്ലീൻ ബൗൾഡാക്കി. അവസാന ഓവറുകളിൽ 39 പന്തിൽ നാല് ഫോറും രണ്ട് സിക്‌സുമടക്കം 40 റൺസ് നേടിയ ജിഷ്ണുവിന്റെ തകർപ്പൻ പ്രകടനമാണ് കേരളത്തിന്റെ സ്കോർ 279-ൽ എത്തിച്ചത്. ഗോവയ്ക്ക് വേണ്ടി അനൂജ് യാദവ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ, യഷ് കസവങ്കർ മൂന്നും ചിഗുരുപതി വെങ്കട രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി.
364 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ ഗോവയ്ക്ക് തുടക്കത്തിലേ പിഴച്ചു. മൂന്ന് റൺസെടുത്ത ഓപ്പണർ ശാർദ്ദൂൽ സന്തോഷ് സേത്തിനെ പവൻ രാജ് പുറത്താക്കി. വിരാജ് നായിക് (15), യഷ് കസവങ്കർ (22) എന്നിവരെ യഥാക്രമം ജെ.എസ്. അനുരാജും കൈലാസ് ബി. നായരും മടക്കിയയച്ചു. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 21 റൺസുമായി ശന്തനു നെവാഗിയും റണ്ണൊന്നുമെടുക്കാതെ സമർഥുമാണ് ക്രീസിലുള്ളത്.