ഫിലിപ്‌സ് ഒന്ന് വിറപ്പിച്ചു; പതറാതെ ഇന്ത്യന്‍ ബൗളര്‍മാര്‍; കിവീസിനെ പിടിച്ചുകെട്ടി വരുണും ദുബെയും; സന്ദര്‍ശകരെ കീഴടക്കിയത് 48 റണ്‍സിന്; ആദ്യ മത്സരത്തില്‍ വമ്പന്‍ ജയവുമായി ഇന്ത്യ പരമ്പരയില്‍ മുന്നില്‍
നാഗ്പുര്‍: ഏകദിന പരമ്പര കൈവിട്ടതിന് പിന്നാലെ നടന്ന ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനെ 48 റണ്‍സിന് കീഴടക്കി ഇന്ത്യ. 239 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി (1-0). 40 പന്തില്‍ നാലു ഫോറും ആറ് സിക്‌സും പറത്തി 78 റണ്‍സടിച്ച ഗ്ലെന്‍ ഫിലിപ്‌സ് ആണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. മാര്‍ക് ചാപ്മാന്‍ 24 പന്തില്‍ 39 റണ്‍സെടുത്തപ്പോള്‍ മറ്റാരും കിവീസിനായി പൊരുതിയില്ല. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തിയും ശിവം ദുബെയും രണ്ട് വിക്കറ്റ് വീതമെടുത്തു.
തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം കത്തിക്കയറിയ ഗ്ലെന്‍ ഫിലിപ്സ് ഇന്ത്യയെ ഏറെ നേരം വെള്ളംകുടിപ്പിച്ചു. ഒടുവില്‍ 14-ാം ഓവറില്‍ ഫിലിപ്സിനെ ശിവം ദുബെയുടെ കൈകളിലെത്തിച്ച അക്ഷര്‍ പട്ടേലാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 40 പന്തുകള്‍ നേരിട്ട ഫിലിപ്സ് ആറു സിക്സും നാല് ഫോറുമടക്കം 78 റണ്‍സെടുത്തു. ഇടയ്ക്ക് ഫിലിപ്സിനെ റണ്ണൗട്ടാക്കാനുള്ള അവസരം സഞ്ജു സാംസണ്‍ പാഴാക്കിയിരുന്നു.
239 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലന്‍ഡിനെ ഞെട്ടിച്ചാണ് അര്‍ഷ്ദീപ് തുടങ്ങിയത് രണ്ടാം പന്തില്‍ തന്നെ അര്‍ഷ്ദീപിന്റെ പന്തില്‍ ഡെവോണ് കോണ്‍വെയെ സഞ്ജു സാംസണ്‍ വിക്കറ്റിന് പിന്നില്‍ പറന്നുപിടിച്ചു. പിന്നാലെ രച്ചിന്‍ രവീന്ദ്രയെ(1) ഹാര്‍ദ്ദിക്കും മടക്കിയതോടെ ന്യൂസിലന്‍ഡ് ഞെട്ടി. എന്നാല്‍ നാലാമനായി ക്രീസിലെത്തിയ ഗ്ലെന്‍ ഫിലിപ്‌സും ടിം റോബിന്‍സണും(21) ചേര്‍ന്ന് ന്യൂസിലന്‍ഡിനെ പവര്‍ പ്ലേയില്‍ 53 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ ടിം റോബിന്‍സണെ വരുണ്‍ ചക്രവര്‍ത്തി മടക്കിയെങ്കിലും തകര്‍ത്തടിച്ച ഫിലിപ്‌സും ചാപ്മാനും ചേര്‍ന്ന് ഇന്ത്യയെ വിറപ്പിച്ചു.
29 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഫിലിപ്‌സ് പന്ത്രണ്ടാം ഓവറില്‍ ശിവം ദുബെക്കെതിരെ തുടര്‍ച്ചയായി സിക്‌സുകള്‍ പറത്തി കിവീസിനെ 100 കടത്തി. പതിനാലാം ഓവറില്‍ ഫിലിപ്‌സിനെ വീഴ്ത്തിയ അക്‌സര്‍ പട്ടേലാണ് ഇന്ത്യക്ക് ആശ്വാസിക്കാന്‍ വക നല്‍കിയത്. 40 പന്തില്‍ 78 റണ്‍സടിച്ച ഫിലിപ്‌സിനെ അക്‌സറിന്റെ പന്തില്‍ ശിവം ദുബെ പിടിച്ചു. ചാപ്മാനൊപ്പം 42 പന്തില്‍ നിന്ന് 79 റണ്‍സ് ചേര്‍ത്താണ് ഫിലിപ്സ് മടങ്ങിയത്. പിന്നാലെ വരുണ്‍ ചക്രവര്‍ത്തിയെ സിക്‌സിന് പറത്തിയ ചാപ്മാനെ ചക്രവര്‍ത്തി തന്നെ വീഴ്ത്തി. സാന്റ്‌നറും ഡാരില്‍ മിച്ചലും ചേര്‍ന്ന് പിന്നീട് പൊരുതിയെങ്കിലും ന്യൂസിലന്‍ഡിന് കൈയെത്തിപ്പിടിക്കാനാവുന്നതിലും അകലത്തിലായിരുന്നു ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം. ഇന്ത്യയ്ക്കായി ശിവം ദുബെയും വരുണ്‍ ചക്രവര്‍ത്തിയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഷേക് ശര്‍മയുടെയും റിങ്കു സിങ്ങിന്റെയും മികവില്‍ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെടുത്തിരുന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന്റെ പ്രത്യേകത. വെറും 35 പന്തുകള്‍ നേരിട്ട അഭിഷേക് എട്ടു സിക്‌സും അഞ്ച് ഫോറുമടക്കം 84 റണ്‍സെടുത്തു.
ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. രണ്ടാം ഓവറില്‍ സഞ്ജു സാംസണെയും (10), മൂന്നാം ഓവറില്‍ ഇഷാന്‍ കിഷനെയും (8) നഷ്ടമായ ഇന്ത്യ രണ്ടിന് 27 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സൂര്യകുമാറുമൊത്ത് അഭിഷേക് 47 പന്തില്‍ നിന്ന് 99 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ കിവീസ് വിറച്ചു. 11-ാം ഓവറില്‍ സൂര്യയെ പുറത്താക്കി ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. സമീപകാലത്ത് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്ന സൂര്യ 22 പന്തില്‍ നിന്ന് 32 റണ്‍സെടുത്താണ് പുറത്തായത്. ഒരു സിക്‌സും നാല് ഫോറുമടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സ്.
പിന്നാലെ 12-ാം ഓവറില്‍ അഭിഷേകും മടങ്ങിയതോടെ ഇന്ത്യയുടെ സ്‌കോറിങ് റേറ്റ് താഴ്ന്നു. ഇതിനിടെ ശിവം ദുബെ (9) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. 16 പന്തില്‍ നിന്ന് 25 റണ്‍സടിച്ച ഹാര്‍ദിക്കാകട്ടെ ഒരു സിക്‌സറിനുള്ള ശ്രമത്തില്‍ പുറത്താകുകയും ചെയ്തു. ഒടുവില്‍ അവസാന ഓവറുകളില്‍ റിങ്കു സിങ് നടത്തിയ വെടിക്കെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ 238-ല്‍ എത്തിച്ചത്. വെറും 20 പന്തുകള്‍ നേരിട്ട റിങ്കു മൂന്ന് സിക്‌സും നാല് ഫോറുമടക്കം 44 റണ്‍സോടെ പുറത്താകാതെ നിന്നു. ഡാരില്‍ മിച്ചല്‍ എറിഞ്ഞ അവസാന ഓവറില്‍ 21 റണ്‍സാണ് റിങ്കു അടിച്ചെടുത്തത്.
