സഞ്ജു കാ ജഴ്‌സി മിലേഗാ ക്യാ? മോദി സ്റ്റേഡിയത്തിനു മുന്നിലെ വഴിയോര ജഴ്‌സിക്കച്ചവടക്കാരോട് ഒറ്റ ചോദ്യം മാത്രം; 'സാംസണ്‍' ജഴ്‌സി കിട്ടാനില്ല; വില കുത്തനെ കൂട്ടി ലാഭം കൊയ്ത് കച്ചവടക്കാര്‍; ഗാലറിയില്‍നിന്ന് ചേട്ടാ വിളികള്‍; മത്സരത്തിന് മുമ്പെ എവിടെയും സഞ്ജു മയം

Update: 2026-03-08 10:14 GMT

അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് കലാശപ്പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. സൂര്യകുമാറും സംഘവും കിരീടം നിലനിര്‍ത്തി ചരിത്രം കുറിക്കുമോ അതോ കുട്ടിക്രിക്കറ്റിലെ വലിയ കപ്പുമായി ന്യൂസിലന്‍ഡിലേക്ക് സാന്റനറും സംഘവും വിമാനം കയറുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. അഹമ്മദാബാദിലെ സ്റ്റേഡിയത്തിലേക്ക് ക്രിക്കറ്റ് ആരാധകര്‍ ഒഴുകിയെത്തുകയാണ്.

ട്വന്റി20 ലോകകപ്പ് ഫൈനല്‍ വേദിയായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിനു സമീപത്ത് തമ്പടിച്ച വഴിയോര ജഴ്‌സിക്കച്ചവടക്കാരോട് ആരാധകര്‍ക്ക് ചോദിക്കാനുള്ളത് ഒറ്റ ചോദ്യം മാത്രമാണ്. സഞ്ജു കാ ജഴ്‌സി മിലേഗാ ക്യാ? ഇന്നലെയും ഇന്നുമായി കച്ചവടക്കാരെ ഏറ്റവും കൂടുതല്‍ വലച്ചത് ഈ ചോദ്യമാണ്. ജഴ്‌സി തീര്‍ന്നുപോയെന്ന മറുപടിയില്‍ തൃപ്തരാകാതെ ആരാധകര്‍ അന്വേഷണവുമായി അടുത്ത കച്ചവടക്കാരന്റെ അടുത്തേക്ക് ഓടി. സാംസണ്‍ എന്ന പേരു പതിച്ച ജഴ്‌സിക്ക് മാത്രം വിലകൂട്ടി വിറ്റ് ചിലര്‍ ഇതിനിടെ ലാഭവും കൊയ്തു.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ഡിമാന്‍ഡുള്ള താരങ്ങളില്‍ ഒരാളായി മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു മാറിയെന്നതിന് അഹമ്മദാബാദില്‍ ഇന്നലെ ചൂടപ്പംപോലെ വിറ്റുപോയ ആ ജഴ്‌സികളാണ് തെളിവ്. ഇന്ത്യന്‍ ടീമിലുള്ള ആരെക്കാളും മികച്ച പ്രതിഭയാണ് സഞ്ജു സാംസണെന്ന് ആരാധകരും വിമര്‍ശകരും ഒരേ സ്വരത്തില്‍ പറയുകയാണ് ഇപ്പോള്‍. അത്തരത്തിലൊരു ഇന്നിംഗ്‌സാണ് സെമി പ്രവേശനത്തില്‍ സഞ്ജു പുറത്തെടുത്തത്. തള്ളിപ്പറഞ്ഞവരെക്കൊണ്ടുപോലും കയ്യടിപ്പിച്ച സഞ്ജുവിന്റെ ആ ഒറ്റ ഇന്നിംഗ്‌സ് ആണത്, 50 പന്തുകളില്‍ 12 ബൗണ്ടറികളുടേയും നാലു സിക്‌സുകളുടേയും അകമ്പടിയോടെ പുറത്താകാതെ നേടിയ 97 റണ്‍സ്, ചരിത്രത്തില്‍ അടയാളപ്പെടുത്തുക സുവര്‍ണ ലിപികളിലാണ്. ഒരു പതിറ്റാണ്ടിലേറെയായി സഞ്ജുവില്‍ നിന്ന് ആരാധകര്‍ കാത്തിരുന്നത് ഇതുപോലൊരു ഇന്നിംഗ്‌സിനായാണ്.

ഗ്രൂപ്പ് റൗണ്ടിലും സൂപ്പര്‍ 8ലുമായി മുന്‍പ് 2 മത്സരം കളിച്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് ഫൈനലിനായി വീണ്ടും തിരിച്ചെത്തുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സംഭവിച്ച വലിയൊരു മാറ്റത്തിന്റെ പേരാണ് സഞ്ജു സാംസണ്‍. അഹമ്മദാബാദിലെ കഴിഞ്ഞ 2 മത്സരങ്ങളിലും റിസര്‍വ് ബെഞ്ചില്‍ ഒതുങ്ങിക്കൂടേണ്ടിവന്ന സഞ്ജു, വന്‍ തിരിച്ചുവരവിലൂടെ ആരാധകരുടെ ഹൃദയങ്ങള്‍ കീഴടക്കിയത് അതിനുശേഷമാണ്.

'പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാത്ത മത്സരങ്ങളില്‍പോലും പരിശീലന സെഷനില്‍ സഞ്ജു കഠിനമായി പരിശ്രമിക്കുന്നുണ്ടായിരുന്നു. അതിന്റെയെല്ലാം ഫലമാണ് അദ്ദേഹത്തിനും ടീമിനും ഇപ്പോള്‍ ലഭിക്കുന്നത്' ഫൈനലിന് മുന്‍പുള്ള മാധ്യമ സമ്മേളനത്തിലും സഞ്ജുവിനെ പ്രശംസകൊണ്ട് മൂടുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഫൈനല്‍ മത്സരത്തിന്റെ തലേന്ന് ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ പിരിമുറുക്കങ്ങളൊന്നുമില്ലാതെ സൂപ്പര്‍ കൂളായ സഞ്ജുവിനെയാണ് കണ്ടത്.

മറ്റു താരങ്ങളെല്ലാം പ്രധാന ഗ്രൗണ്ടില്‍ പരിശീലനം നടത്തിയപ്പോള്‍ തിരക്കുകളില്‍നിന്ന് മാറി മറ്റൊരു പരിശീലന മൈതാനത്തായിരുന്നു സഞ്ജുവിന്റെ നെറ്റ്‌സ് സെഷന്‍. അതിനുശേഷം സ്റ്റേഡിയത്തിലേക്ക് മടങ്ങിയെത്തി സഹതാരങ്ങള്‍ക്കൊപ്പം സമയം ചെലവിട്ടു. നെറ്റ്‌സില്‍ ബാറ്റു ചെയ്ത മുഹമ്മദ് സിറാജ് അടക്കമുള്ളവരെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. ഒടുവില്‍ മടങ്ങുമ്പോള്‍ ഗാലറിയില്‍നിന്ന് ചേട്ടാ വിളികള്‍... ഓട്ടോഗ്രാഫിനും സെല്‍ഫിക്കുമായി ഓടിക്കൂടിയവരെയൊന്നും സഞ്ജു നിരാശപ്പെടുത്തിയതുമില്ല.

Tags:    

Similar News