ലോകകപ്പ് ഫൈനലിന് തൊട്ടുമുമ്പ് ഗാലറിയില്‍ ആവേശം വിതറി ഇതിഹാസ താരങ്ങള്‍! ട്വന്റി 20 ലോകകപ്പ് കിരീടവുമായി ധോണിയും രോഹിത്തും; ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ആ ചിത്രം വൈറല്‍; '5 ഐസിസി ട്രോഫികളും 10 ഐപിഎല്‍ കിരീടങ്ങളും നടന്നു വരുന്നു' എന്ന് ആരാധകര്‍

Update: 2026-03-08 16:13 GMT

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് പോരാട്ടം തുടങ്ങുന്നതിന് തൊട്ടുമുമ്പ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചത് രണ്ട് ഇതിഹാസങ്ങളുടെ സാന്നിധ്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് ലോകകിരീടങ്ങള്‍ സമ്മാനിച്ച മുന്‍ നായകന്മാരായ എം.എസ്. ധോണിയും രോഹിത് ശര്‍മ്മയും ചേര്‍ന്നാണ് ഇത്തവണത്തെ ലോകകപ്പ് ട്രോഫി മൈതാനത്തേക്ക് എത്തിച്ചത്. രണ്ട് പേരും ഇന്ത്യക്കായി ഈ കിരീടം ഉയര്‍ത്തിയിട്ടുണ്ടെന്നതാണ് മറ്റൊരു സവിശേഷത. ഐസിസി ചെയര്‍മാന്‍ ജയ് ഷായും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രം കാട്ടുതീ പോലെയാണ് പടരുന്നത്. '5 ഐസിസി ട്രോഫികളും 10 ഐപിഎല്‍ കിരീടങ്ങളും നടന്നു വരുന്നു' എന്ന ക്യാപ്ഷനോടെയാണ് ആരാധകര്‍ ഈ നിമിഷം ആഘോഷിക്കുന്നത്.

ഐസിസി ട്രോഫികള്‍ ഒരുകാലത്ത് കിട്ടാക്കനിയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് 2017ലെ ട്വന്റി 20 കിരീടം നേടിക്കൊടുത്തുകൊണ്ടായിരുന്നു നായകനായി മഹേന്ദ്ര സിംഗ് ധോണി വരവറിയിച്ചത്. ധോണിയുടെ കാലത്തിന് ശേഷം പിന്നീട് 11 വര്‍ഷത്തോളം കാത്തിരുന്നാണ് ഇന്ത്യക്ക് മറ്റൊരു ഐസിസി കിരീടം ലഭിച്ചത്. അത് നേടിക്കൊടുത്തതാകട്ടെ രോഹിത് ശര്‍മ്മയും. ധോണിയും രോഹിത്തും നായകരായിരുന്ന കാലഘട്ടത്തില്‍ വിവിധ ഫോര്‍മാറ്റുകളിലായി മൂന്ന് ലോകകിരീടങ്ങളാണ് ഇന്ത്യയിലെത്തിയത്.

2007-ല്‍ ആദ്യ ട്വന്റി-20 ലോകകപ്പും, 2011-ല്‍ ഏകദിന ലോകകപ്പും, 2013-ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയ്ക്ക് നേടിത്തന്നത് ധോണിയായിരുന്നു. കൂടാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചു. 2024-ലെ ട്വന്റി-20 ലോകകപ്പും 2025-ലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയുടെ ഷെല്‍ഫിലെത്തിച്ചത് രോഹിത് ശര്‍മ്മയാണ്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ റെക്കോര്‍ഡും ഹിറ്റ്മാന്റെ പേരിലുണ്ട്. 2024-ലും 2025-ലും ഐസിസി കിരീടങ്ങള്‍ നേടിയ ഇന്ത്യ, സൂര്യകുമാര്‍ യാദവിന് കീഴില്‍ ഹാട്രിക് കിരീടമെന്ന സ്വപ്നത്തിലേക്കാണ് ബാറ്റ് വീശുന്നത്. ധോണിയുടെയും രോഹിത്തിന്റെയും അനുഗ്രഹവും സാന്നിധ്യവും സൂര്യക്കും സംഘത്തിനും വലിയൊരു ആത്മവിശ്വാസമാണ് നല്‍കുന്നത്.

Similar News