കളിച്ചത് വെറും അഞ്ച് മത്സരങ്ങള്‍; എന്നിട്ടും വമ്പന്‍ റെക്കോര്‍ഡുകള്‍; റണ്‍വേട്ടയില്‍ വിരാട് കോലിയേയും മറികടന്ന് സഞ്ജു; 12 വര്‍ഷം മുമ്പുള്ള റെക്കോഡ് തകര്‍ത്തു; ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സും ഏറ്റവും കൂടുതല്‍ സിക്സും നേടിയ താരം; സഞ്ജു ഇനി ബെഞ്ചിലല്ല, ആരാധകരുടെ നെഞ്ചില്‍!
അഹമ്മദാബാദ്: തിരുവന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ട്, വിക്കറ്റ് കീപ്പറുടെ ഗ്ലൗ നഷ്ടപ്പെട്ട്, സ്വന്തം ആരാധകരുടെ മുന്നില്‍ അപമാനഭാരത്താല്‍ താഴ്ന്ന മുഖഭാവവുമായി നില്‍ക്കുന്ന സഞ്ജു സാംസന്റെ ചിത്രം ഇനി നമുക്ക് മറക്കാം. ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ ഒന്നാം നമ്പര്‍ വിക്കറ്റ് വിക്കറ്റ് കീപ്പറായി ലിസ്റ്റില്‍ പേരുണ്ടായിരുന്നിട്ടും ആദ്യ മത്സരത്തില്‍ റിസര്‍വ് ബഞ്ചില്‍ തന്റെ ഊഴത്തിനായി കാത്തിരുന്ന മലയാളി താരത്തിന്റെ വേദന ഓരോ ആരാധകനും നെഞ്ചിലേക്ക് ചേര്‍ത്തുവച്ചു. അന്ന് നിന്റെ സമയം വരുമെന്ന് അന്ന് സഞ്ജുവിനോട് പറഞ്ഞത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. പിന്നീട് നടന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു. യുഎസ്എയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ബെഞ്ചില്‍ സ്ഥാനം. അഭിഷേക് ശര്‍മ അസുഖ ബാധിതനായതോടെ നമീബിയക്കെതിരേ കളത്തില്‍. ചെറിയ ഇന്നിങ്‌സായിരുന്നെങ്കിലും ആത്മവിശ്വാസമുണ്ടായിരുന്നു ബാറ്റിങ്ങില്‍. പിന്നീട് വീണ്ടും ബെഞ്ചില്‍. ഒടുവില്‍ എതിര്‍ ടീമിന്റെ ഓഫ് സ്പിന്‍ കെണി പൊളിക്കാന്‍ സിംബാബ്?വെയ്‌ക്കെതിരായ സൂപ്പര്‍ എട്ട് മത്സരത്തില്‍ അവസരം. പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരേ നിര്‍ണായക മത്സരത്തില്‍ 97 റണ്‍സെടുത്ത ഇന്നിങ്‌സ്. സെമിയില്‍ ഇംഗ്ലണ്ടിനെതിരായ 89 റണ്‍സ്. ഇപ്പോഴിതാ ന്യൂസീലന്‍ഡിനെതിരായ കലാശപ്പോരിലും ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണായിരിക്കുന്നു നമ്മുടെ സഞ്ജു. ഈ തിരിച്ചുവരവിന് എന്തു പേരിട്ട് വിളിക്കണം. മലയാളത്തിന്റെ അഭിമാനം!
ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലെ താളപ്പിഴകഴകളായിരുന്നു ലോകകപ്പിലെ സഞ്ജുവിന്റെ പ്ലേയിങ് ഇലവനിലെ സ്ഥാനം പോലും ഇല്ലാതാക്കിയത്. കിവീസിനെതിരായ പരമ്പരയില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് വെറും 46 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. ഫലമോ ഇഷാന്‍ കിഷന്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി. സഞ്ജു ബെഞ്ചിലും. എന്നാല്‍ ലോകകപ്പിന്റെ അന്ത്യത്തോട് അടുത്തപ്പോള്‍, പ്രത്യേകിച്ച് നോക്കൗട്ട് പോരാട്ടത്തില്‍ വീറോടെ പൊരുതുന്ന സഞ്ജുവിനെയാണ് കണ്ടത്. ഒടുവില്‍ സെഞ്ചുറിയുടെ മാറ്റുള്ള അര്‍ധ സെഞ്ചുറിയുമായി ഇന്ത്യയുടെ കിരീടനേട്ടത്തിലും സഞ്ജു തിളങ്ങി നല്‍ക്കുന്നു. ഒരുപിടി റെക്കോഡുകളോടെയാണ് സഞ്ജു ഫൈനലിലെ ഇന്നിങ്സ് പൂര്‍ത്തിയാക്കിയത്. വെറും 46 പന്തില്‍ നിന്ന് 5 ഫോറുകളുടെയും 8 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജു 89 റണ്‍സെടുത്തത്. ടി20 ലോകകപ്പ് ഫൈനലിലെ ഒരു താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്. 2016-ല്‍ ഇംഗ്ലണ്ടിനെതിരേ 85 റണ്‍സെടുത്ത വെസ്റ്റിന്‍ഡീസ് താരം മര്‍ലോണ്‍ സാമുവല്‍സിന്റെയും 2021-ലെ ഫൈനലില്‍ ഓസ്ട്രേലിയക്കെതിരേ 85 റണ്‍സെടുത്ത കിവീസിന്റെ കെയ്ന്‍ വില്യംസന്റെയും റെക്കോഡ് സഞ്ജു മറികടന്നു. തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും 50-ന് മുകളില്‍ സകോര്‍ ചെയ്തതോടെ മഹേല ജയവര്‍ധനെ (2010), വിരാട് കോലി (2016, 2021), ബാബര്‍ അസം (2021), കെ.എല്‍ രാഹുല്‍ (2021), കുശാല്‍ മെന്‍ഡിസ് (2026), സാഹിബ്‌സാദ ഫര്‍ഹാന്‍ (2026) എന്നിവരുടെ നേട്ടത്തിനൊപ്പവും സഞ്ജുവെത്തി. മാത്രമല്ല, കോലിക്കും പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിക്കും ശേഷം ടി20 ലോകകപ്പിന്റെ സെമിയിലും ഫൈനലിലും 50-ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന താരമെന്ന നേട്ടവും സഞ്ജുവിന് സ്വന്തമായി.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന താരമായി സഞ്ജു സാംസണ്‍ മാറി. ഈ ലോകകപ്പില്‍ അഞ്ച് മത്സരങ്ങള്‍ മാത്രം കളിച്ച സഞ്ജു 24 സിക്സുകളാണ് നേടിയത്. ഇത്രയും സിക്സുകള്‍ ഒരു ലോകകപ്പിലും ഒരു താരവും നേടിയിട്ടില്ല. ന്യൂസിലന്‍ഡിന്റെ ഫിന്‍ അലന്‍ രണ്ടാം സ്ഥാനത്താണ്. 20 സിക്സുകളാണ് അലന്‍ നേടിയത്. വെസ്റ്റ് ഇന്‍ഡീസിന്റെ ഷിംറോണ്‍ ഹെറ്റ്മെയര്‍ (19), പാകിസ്ഥാന്റെ സാഹിബ്സാദ ഫര്‍ഹാന്‍ (18), ഇഷാന്‍ കിഷന്‍ (18) എന്നിവര്‍ പിന്നിലുണ്ട്. എല്ലാവും ഈ ലോകകപ്പിലാണ് ഇത്രയും സിക്സുകള്‍ നേടിയത്. നിക്കോളാസ് പുരാന്‍ (17), ക്രിസ് ഗെയ്ല്‍, റഹ്‌മാനുള്ള ഗുര്‍ബാസ് (16), മാര്‍ലോണ്‍ സാമുവല്‍സ്, ഷെയ്ന്‍ വാട്സണ്‍, ട്രാവിസ് ഹെഡ്, രോഹിത് ശര്‍മ (15) എന്നിവരെല്ലാം സഞ്ജുവിന് പിന്നിലുണ്ട്.
അതേസമയം, ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും സഞ്ജു സ്വന്തം പേരിലാക്കിയിരുന്നു. വിരാട് കോലിയുടെ 12 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് സഞ്ജു മറികടന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 321 റണ്‍സാണ് സഞ്ജു നേടിയത്. ന്യൂസിലന്‍ഡിനെതിരെ ഫൈനലില്‍ 46 പന്തില്‍ 89 റണ്‍സാണ് നേടിയത്. ഇതോടെയാണ് കോലിയെ മറികടക്കാന്‍ സഞ്ജുവിന് സാധിച്ചത്. 2014 ലോകകപ്പില്‍ 319 റണ്‍സ് കോലി നേടിയിരുന്നു.
ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമതാണ് സഞ്ജു. ഒമ്പത് മത്സരങ്ങളില്‍ 317 റണ്‍സ് നേടിയ കിഷനാണ് രണ്ടാം സ്ഥാനത്ത്. 77 റണ്‍സാണ് കിഷന്റെ ഉയര്‍ന്ന സ്‌കോര്‍. 35.22 ശരാശരിയും 193.29 സ്ട്രൈക്ക് റേറ്റും കിഷനുണ്ട്. മൂന്ന് അര്‍ധ സെഞ്ചുറികളും കിഷന്റെ അക്കൗണ്ടിലായി. സഞ്ജു ആവട്ടെ അഞ്ച് ഇന്നിംഗ്സുകള്‍ മാത്രമാണ് കളിച്ചത്. 80.25 ശരാശരി മലയാളി താരത്തിനുണ്ട്. 199.37 സ്ട്രൈക്ക് റേറ്റും. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ സഞ്ജു 24 സിക്സും നേടി. കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്ത്. ഒമ്പത് മത്സരങ്ങില്‍ 242 റണ്‍സാണ് സൂര്യ നേടിയത്. ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ സഞ്ജു രണ്ടാം സ്ഥാനത്താണ് നിലവില്‍. പാകിസ്ഥാന്‍ ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാനാണ് ഒന്നാമത്. ഏഴ് മത്സരങ്ങളില്‍ 383 റണ്‍സാണ് ഫര്‍ഹാന്‍ നേടിയത്.
