പാകിസ്ഥാൻ ദക്ഷിണാഫ്രിക്ക ടി20 പരമ്പര; മില്ലറുടെ 'കില്ലർ' ഷോ; ജോർജ് ലിൻഡെയുടെ ഓൾ റൗണ്ട് പ്രകടനം; അടിപതറി പാകിസ്ഥാൻ; ആദ്യ മത്സരത്തില്‍ 11 റൺസിന്റെ തോൽവി
ഡര്‍ബന്‍: പാകിസ്ഥാനെതിരെ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 11 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ഡേവിഡ് മില്ലറുടെ വെടിക്കെട്ട് ഇന്നിംഗ്‌സും, ജോർജ് ലിൻഡെയുടെ ഓൾ റൗണ്ട് മികവുമാണ് ദക്ഷിണാഫ്രിക്ക മിന്നും ജയം സമ്മാനിച്ചത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഡേവിഡ് മില്ലറുടെ വെടിക്കെട്ട് ഇന്നിംഗ്സിന്‍റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 183 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. നാല് വിക്കറ്റും 48 റൺസും സ്വന്തമാക്കിയ ജോർജ് ലിൻഡെയാണ് മത്സരത്തിലെ താരം.
ഒരറ്റത്ത് റിസ്‌വാന്‍ പിടിച്ചു നിന്നെങ്കിലും വേഗത്തിൽ സ്കോർ ഉയർത്താൻ കഴിയാത്തത് പാകിസ്ഥാന് വിനയായി. കൂടാതെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കാൻ ദക്ഷണാഫ്രിക്കൻ ബൗളിംഗ് നിരക്കായി. 10 ഓവറിലധികം ബാറ്റ് ചെയ്ത റിസ്‌വാന്‍ 74 റൺസ് മാത്രമാണ് നേടാനായത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി നാലു വിക്കറ്റ് വീഴ്ത്തിയ ജോര്‍ജ് ലിന്‍ഡെയാണ് പാകിസ്ഥാനെ എറിഞ്ഞിട്ടത് മഫാക്ക രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്കോർ പടുത്തുയർത്താനായത് ഡേവിഡ് മില്ലറുടെയും ലിന്‍ഡെയുടെയും ഇന്നിംഗ്‌സുകളാണ്. തുടക്കത്തില്‍ 28-3 എന്ന നിലയിൽ തകർന്ന ടീമിനെ നാലാമനായി ഇറങ്ങി തകര്‍ത്തടിച്ച ഡേവിഡ് മില്ലർ (40 പന്തില്‍ 82) മികച്ച സ്കോറിലേക്ക് നയിച്ചു.
ശേഷം ഏഴാമനായി ക്രീസിലിറങ്ങിയ ലിന്‍ഡെ (24 പന്തില്‍ 48) അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ ദക്ഷിണാഫ്രിക്ക 180 കടന്നു. എട്ട് സിക്സും നാലു ഫോറും പറത്തിയാണ് മില്ലര്‍ 82 റണ്‍സടിച്ചത്. പാകിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദിയും അബ്രാര്‍ അഹമ്മദും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അബ്ബാസ് അഫ്രീദി രണ്ട് വിക്കറ്റെടുത്തു.