മൂന്ന് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ലഭിച്ച ചാമ്പ്യന്‍സ് ട്രോഫി; പാക്കിസ്ഥാന്‍ തുടക്കത്തിലെ വീണപ്പോള്‍ കപ്പടിച്ചത് ചിരവൈരികളായ ഇന്ത്യ; ടൂര്‍ണ്ണമെന്റ് നടത്തിപ്പില്‍ പിസിബിക്ക് നഷ്ടം 738 കോടി; ബാധ്യത പാക്ക് താരങ്ങളുടെ തലയില്‍; മാച്ച് ഫീയടക്കം വെട്ടിക്കുറച്ചു
ചാമ്പ്യന്‍സ് ട്രോഫി നടത്തിപ്പില്‍ പാക്കിസ്ഥാന് നഷ്ടം 738 കോടി
ഇസ്ലാമാബാദ്: മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ രാജ്യത്ത് വിരുന്നെത്തിയ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി വലിയ പ്രതീക്ഷയോടെയാണ് പാക്കിസ്ഥാനിലെ ആരാധകരും രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡും വരവേറ്റത്. സ്റ്റേഡിയങ്ങളുടെ നവീകരണം ഉള്‍പ്പെടെ ടൂര്‍ണമെന്റിന് ഒരുങ്ങാനായി 869 കോടി രൂപയാണ് പി.സി.ബി ചെലവഴിച്ചത്. എന്നാല്‍, ടൂര്‍ണമെന്റ് പൂര്‍ത്തിയാകുമ്പോള്‍ പിസിബി വലിയ കടക്കെണിയില്‍ അകപ്പെട്ട റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
രാഷ്ട്രീയ കാരണങ്ങളാല്‍ ഹൈബ്രിഡ് മോഡലില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബൈയിലാണ് നടത്തിയത്. ഫൈനല്‍ ഉള്‍പ്പെടെയുള്ള വേദികളും നഷ്ടമായതോടെ മുതല്‍മുടക്കിന്റെ 15 ശതമാനം മാത്രമാണ് വരുമാന ഇനത്തിലും മറ്റുമായി പി.സി.ബിക്ക് ലഭിച്ചത്. ടൂര്‍ണമെന്റ് നടത്തിപ്പ് വഴി 738.22 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പുറത്തുവരുന്ന വിവരം. റാവല്‍പിണ്ടി, ലാഹോര്‍, കറാച്ചി സ്റ്റേഡിയങ്ങളുടെ നവീകരണത്തിന് 58 മില്യണ്‍ ഡോളറാണ് പി.സി.ബി മുടക്കിയത്. അവരുടെ ബജറ്റിനേക്കാള്‍ 50 ശതമാനം അധിക തുകയാണിത്. കൂടാതെ, ടൂര്‍ണമെന്റിനുള്ള മറ്റു തയാറെടുപ്പുകള്‍ക്കായി 40 മില്യണ്‍ ഡോളറും ചെലവഴിച്ചു. എന്നാല്‍, ഹോസ്റ്റ് ഫീ ഇനത്തിലും ടിക്കറ്റ് വില്‍പന, സ്‌പോണ്‍സര്‍ഷിപ്പ് വഴിയുമായി 52 കോടി രൂപ മാത്രമാണ് പി.സി.ബിക്ക് ലഭിച്ചത്.
രാജ്യത്തിന്റെ കായിക ചരിത്രത്തില്‍ സുപ്രധാന നിമിഷങ്ങള്‍ അടയാളപ്പെടുത്തിയ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ചിരവൈരികളായ ഇന്ത്യയുടെ അസാന്നിദ്ധ്യം പിസിബിക്ക് കനത്ത തിരിച്ചടിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. കളിച്ച ഒറ്റ മത്സരത്തില്‍പോലും ജയിക്കാനാകാതെ പാക് ടീം ടൂര്‍ണ്ണമെന്റില്‍നിന്ന് പുറത്തായി. രാജ്യത്തെ ക്രിക്കറ്റ് ആരാധകരില്‍ ഏറെ നിരാശയും ഒപ്പം കനത്ത രോഷവും ഉണ്ടാക്കി. പാക്കിസ്ഥാന്‍ ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റിന്റെ കിരീടമാകട്ടെ, ഇന്ത്യ നേടുകയും ചെയ്തു. ഇതിനിടെയാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിച്ചതിലൂടെ പാക്ക് ക്രിക്കറ്റ് ബോര്‍ഡിന് കനത്ത നഷ്ടം സൃഷ്ടിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
ടൂര്‍ണ്ണമെന്റിനായി 869 കോടി രൂപ ചെലവാക്കിയ പിസിബിക്ക് 85 ശതമാനം നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റില്‍ പാക്ക് ടീമിന് ഒറ്റ മത്സരം മാത്രമാണ് സ്വന്തം നാട്ടില്‍ കളിക്കാനായത്. ഗ്രൂപ്പ് ഘട്ടത്തില്‍ അവരുടെ ആദ്യം മത്സരം ന്യൂസിലന്‍ഡിനോടായിരുന്നു. ഈ മത്സരം മാത്രമാണ് അവര്‍ക്ക് പാക്കിസ്ഥാനില്‍ കളിക്കാനായത്. രണ്ടാമത്തെ മത്സരം ഇന്ത്യയോടായിരുന്നു. ഇത് ദുബായിലും. ഈ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട പാക്കിസ്ഥാന് നാട്ടില്‍ നടക്കേണ്ട മൂന്നാംമത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിയും വന്നിരുന്നു.
ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, 58 മില്യണ്‍ ഡോളര്‍ ആണ് ചാമ്പ്യന്‍സ് ട്രോഫിക്ക് വേദിയായ മൂന്ന് സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി പിസിബിക്ക് ചെലവഴിക്കേണ്ടി വന്നത്. റാവല്‍പിണ്ടി, കറാച്ചി, ലാഹോര്‍ എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങള്‍. ഈ തുക തന്നെ പിസിബിയുടെ മൊത്തം ബജറ്റിന്റെ 50 ശതമാനമാണ്. കൂടാതെ 40 മില്യണ്‍ ഡോളറോളം പരിപാടിയുടെ സംഘാടനത്തിനും മറ്റും ചെലവായി. ടിക്കറ്റ് വില്‍പനയിലൂടെയും സ്പോണ്‍സര്‍ഷിപ്പിലൂടെയുമൊക്കെയായി ആകെ ആറ് മില്യണ്‍ ഡോളര്‍ മാത്രമാണ് പിസിബിക്ക് തിരിച്ചുകിട്ടിയത്. അതായത് 85 മില്യണ്‍ ഡോളറോളം പാക്ക് ക്രിക്കറ്റ് ബോര്‍ഡിന് നഷ്ടം വന്നതായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ടൂര്‍ണ്ണമെന്റ് നടത്തി നഷ്ടം വന്നതിന്റെ പ്രത്യാഘാതം ഇനി പാക്ക് താരങ്ങളും നേരിടേണ്ടി വരും. പാക്ക് താരങ്ങളുടെ മാച്ച് ഫീയും മറ്റു ആനുകൂല്യങ്ങളും ബോര്‍ഡ് ഇതിനകം കടുംവെട്ട് വെട്ടിയതായി പാക്ക്് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരങ്ങള്‍ക്കുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താമസ സൗകര്യം ഇനിമുതല്‍ ലഭ്യമാകില്ലെന്നും ഇതില്‍ പറയുന്നു. ടി20 ചാമ്പ്യന്‍ഷിപ്പിനുള്ള മാച്ച് ഫീസ് 90 ശതമാനം കുറയ്ക്കാനും റിസര്‍വ് കളിക്കാരുടെ പേയ്മെന്റുകള്‍ 87.5 ശതമാനം കുറയ്ക്കാനും പാക്ക് ടീം മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. ബജറ്റ് ഹോട്ടലുകളിലാകും താരങ്ങള്‍ക്ക് താമസം. ഔദ്യോഗിക പ്രഖ്യാപനം ഇല്ലാതെ തന്നെ പി.സി.ബി താരങ്ങളുടെ മാച്ച് ഫീ 40,000 രൂപയില്‍നിന്ന് 10,000 രൂപയാക്കി വെട്ടിക്കുറച്ചതായി ദേശീയപത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.