ലക്‌നൗവിനെതിരെ രണ്ട് റണ്‍സ് തോല്‍വിയില്‍ ഒത്തുകളി ആരോപണം; ജയ്ദീപ് ബിഹാനിക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ്; ആരോപണം വ്യാജവും അടിസ്ഥാനരഹിതവും യാതൊരു തെളിവുമില്ലാത്തതെന്ന് ഫ്രാഞ്ചൈസി

ഒത്തുകളി ആരോപണം: ജയ്ദീപ് ബിഹാനിക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ്

Update: 2025-04-22 11:41 GMT

ജയ്പൂര്‍: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ അവസാന ഓവറില്‍ ഒമ്പത് റണ്‍സ് അടിച്ചെടുക്കാനാവാതെ രണ്ട് റണ്‍സ് തോല്‍വി വഴങ്ങിയതിന് പിന്നാലെ ടീമിനെതിരെ ഉയര്‍ന്ന ഒത്തുകളി ആരോപണങ്ങളില്‍ പ്രതികരിച്ച് രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്റെ തോല്‍വികളില്‍ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ ജയ്ദീപ് ബിഹാനിയാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ ബിഹാനിക്കെതരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്‌മെന്റ് രാജസ്ഥാന്‍ മുഖ്യമന്ത്രി, കായിക മന്ത്രി, കായിക സെക്രട്ടറി എന്നിവര്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കി. ബിഹാനിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും, യാതൊരു തെളിവുമില്ലാത്തതുമാണെന്ന് രാജസ്ഥാന്‍ ടീം മാനേജ്‌മെന്റ് പ്രതിനിധിയായ ദീപ് റോയ് പറഞ്ഞു. ആരോപണത്തിന് പിന്നാലെ ആര്‍സിഎയും ഫ്രാഞ്ചൈസിയും തമ്മിലുള്ള ബന്ധം വഷളാവുകയാണ്.

ടീമിന്റെ പ്രകടനത്തില്‍ സംശയം പ്രകടിപ്പിച്ച ബിഹാനി ഐപിഎല്ലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആര്‍സിഎയുടെ അഡ്ഹോക്ക് കമ്മിറ്റിയെ മാറ്റിനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സും രാജസ്ഥാന്‍ സ്പോര്‍ട്സ് കൗണ്‍സിലും ബിസിസിഐയും ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചിരുന്നു. ബിഹാനിയുടെ പ്രസ്താവന തള്ളുന്നതായി പറഞ്ഞ ടീം മാനേജ്‌മെന്റ് ഇത്തരം പ്രസ്താവനകള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രശസ്തിയും വിശ്വാസ്യതയും ഇല്ലാതാക്കുമെന്നും വ്യക്തമാക്കി. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ 2 റണ്‍സിന് തോറ്റ കളിയിലാണ് ഒത്തുകളി ആരോപണം ഉയരുന്നത്. തോല്‍വിക്കു പിന്നാലെ നടത്തിയ ഒരു ചാനല്‍ ചര്‍ച്ചയിലാണ് ജയ്ദീപ് ബിഹാനി ഗുരുതര ആരോപണം ഉന്നയിച്ചത്.''വിജയിക്കേണ്ടിയിരുന്ന കളിയില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടത് എങ്ങനെയാണ്?. രാജസ്ഥാനിലെ യുവതാരങ്ങള്‍ക്ക് ഇതൊക്കെ എന്തു സന്ദേശമാണു നല്‍കുന്നത്.'' ബിജെപി എംഎല്‍എ ഒരു ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചു.

ലക്‌നൗവിനെതിരായ മത്സരത്തില്‍ അവസാന മൂന്നോവറില്‍ 25 റണ്‍സും അവസാന ഓവറില്‍ 9 റണ്‍സും മാത്രം ജയിക്കാന്‍ മതിയായിരുന്നിട്ടും രാജസ്ഥാന്‍ രണ്ട് റണ്‍സ് തോല്‍വി വഴങ്ങിയിരുന്നു. ഇതിന് പിന്നാലെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനറായ ജയ്ദീപ് ബിഹാനിയാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെ ഒത്തുകളി ആരോപണവുമായി രംഗത്തെത്തിയത്. എട്ടു മത്സരങ്ങളില്‍ ആറും തോറ്റ രാജസ്ഥാന്‍ എട്ടാം സ്ഥാനത്താണിപ്പോള്‍.

രാജസ്ഥാന്‍ റോയല്‍സ് താരങ്ങളും ടീം ഉടമ രാജ് കുന്ദ്രയും മുമ്പും ഒത്തുകളിക്ക് പിടിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജയ്ദീപ് ബിഹാനി ന്യൂസ് 18 രാജസ്ഥാന് നല്‍കിയ അഭിമുഖത്തില്‍ റോയല്‍സിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. രാജസ്ഥാന്‍ റോയല്‍സിന്റെ പ്രകടനങ്ങളെക്കുറിച്ചും കഴിഞ്ഞ മത്സരങ്ങളില്‍ ഒത്തുകളി നടന്നിട്ടുണ്ടോ എന്നും ബിസിസിഐ അന്വേഷിക്കണമെന്നും ബിഹാനി ആവശ്യപ്പെട്ടു. ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നതില്‍ നിന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനെ നിസാര കാരണങ്ങള്‍ പറഞ്ഞ് മാറ്റി നിര്‍ത്തിയെന്നും ബിഹാനി പറഞ്ഞിരുന്നു.

Tags:    

Similar News