വെടിക്കെട്ടിന് തിരി കൊളുത്തി സഞ്ജു; പിന്നാലെ തകര്‍ത്തടിച്ച് അര്‍ധ സെഞ്ച്വറിയുമായി ഇഷാനും ഹര്‍ദ്ദിക്കും; അവസാന ഓവറുകളില്‍ 4 റണ്‍സിനിടെ 5 വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ ഞെട്ടിച്ച് നമീബിയ; നമീബിയയ്ക്ക് ജയിക്കാന്‍ 210 റണ്‍സ്
നമീബിയയ്ക്ക് ജയിക്കാന്‍ 210 റണ്‍സ്
ന്യൂഡല്‍ഹി: സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ തകര്‍പ്പന്‍ അര്‍ധ ശതകവുമായി ഇഷാന്‍ കിഷനും ഹാര്‍ദിക് പാണ്ഡ്യയും.. അവസാന ഓവറുകളില്‍ വെറും നാല് റണ്‍സിനിടെ 5 വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ കുതിപ്പിന് കടിഞ്ഞാണിട്ട് നമീബിയ.ഇന്ത്യക്കെതിരെ നമീബിയയ്ക്ക് 210 റണ്‍സിന്റെ വിജയലക്ഷ്യം.ട്വന്റി20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ നമീബിയയ്ക്കെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തു.
കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയെ അവസാന രണ്ട് ഓവറില്‍ 4 റണ്‍സിനിടെ 5 വിക്കറ്റ് വീഴ്ത്തിയാണ് നമീബിയ ഒതുക്കിയത്. 24 പന്തില്‍ 61 റണ്‍സുമായി ഇഷാന്‍ കിഷനും, 28 പന്തില്‍ 52 ഹാര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയ്ക്കു വേണ്ടി തിളങ്ങിയത്. ഓള്‍റൗണ്ടര്‍ ശിവം ദുബെ 16 പന്തില്‍ 23 റണ്‍സെടുത്തപ്പോള്‍ ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ എട്ടു പന്തില്‍ 22 റണ്‍സെടുത്തു.
ടോസ് നഷ്ടപ്പെട്ട്, ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ഓവര്‍ മുതല്‍ നമീബിയ ബോളര്‍മാരെ പ്രഹരിച്ചു. ആദ്യ ഓവറിലെ അവസാന പന്തില്‍ സിക്സടിച്ച് സഞ്ജു സാംസണ്‍ ആണ് തുടങ്ങിയത്. ട്വന്റി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍, ഇതോടെ സിക്സടിച്ച് അക്കൗണ്ട് തുറക്കാന്‍ താരത്തിനായി. തൊട്ടടുത്ത ഓവറില്‍ നേരിട്ട ആദ്യ രണ്ടു പന്തും സഞ്ജു സിക്സടിച്ചതോടെ ഹാട്രിക് സിക്‌സായി. അടുത്ത പന്ത് ബൗണ്ടറിയും നേടി. എന്നാല്‍ തൊട്ടടുത്ത പന്ത് വീണ്ടും സിക്സടിക്കാന്‍ ശ്രമിച്ച സഞ്ജു പുറത്തായി. 8 പന്തില്‍ മൂന്നു സിക്സും ഒരു ബൗണ്ടറിയും സഹിതം 22 റണ്‍സാണ് സഞ്ജുവിന് നേടാനായത്.
എന്നാല്‍ ഇതിനുശേഷമാണ് ഇഷാന്‍ കിഷന്‍ കത്തിക്കയറിയത്. ബൗണ്ടറികളും സിക്സറുകളുമായി ഇഷാന്‍ കളം നിറഞ്ഞതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ വെറും 20 പന്തില്‍ താരം അര്‍ധസെഞ്ചറി നേടുകയും ചെയ്തു. ആറാം ഓവറില്‍ തുടര്‍ച്ചയായ നാല് സിക്സും ഒരു ബൗണ്ടറിയും സഹിതം 28 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ആകെ അഞ്ച് സിക്സും ആറു ഫോറുമടിച്ച താരം എട്ടാം ഓവറിലാണ് പുറത്തായത്. അപ്പോഴേയ്ക്കും ഇന്ത്യന്‍ സ്‌കോര്‍ 104ല്‍ എത്തിയിരുന്നു.
ടോസ് നേടിയ നമീബിയ ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മസ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായരുന്നു. പേസര്‍ ജസ്പ്രീത ബുമ്ര തിരിച്ചെത്തിയതോടെ മുഹമ്മദ് സിറാജ് പുറത്തായി.എന്നാല്‍ പരുക്കു മാറി തിരിച്ചെത്തിയ ഓള്‍റൗണ്ടര്‍ വാഷിങ്ടന്‍ സുന്ദര്‍ പ്ലേയിങ് ഇലവനിലില്ല.നമീബിയ ടീമിലും രണ്ട് മാറ്റമുണ്ട്.
യുഎസ്എയ്ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ വിജയം നേടിയത്. മറുവശത്ത്, നമീബിയ തങ്ങളുടെ സീസണ്‍ ഓപ്പണറില്‍ നെതര്‍ലന്‍ഡ്സിനോട് പരാജയപ്പെട്ടിരുന്നു. 2021-ലെ ലോകകപ്പില്‍ ദുബായില്‍ നടന്ന ടി20 മത്സരത്തില്‍ ഇന്ത്യ നമീബിയയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.
ആദ്യം ബാറ്റ് ചെയ്യാനായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത്. പ്രത്യേകിച്ച് ഈര്‍പ്പമുള്ള സാഹചര്യത്തില്‍ ഒരു ടോട്ടല്‍ നേടുന്നത് ആത്മവിശ്വാസം നല്‍കും. അഭിഷേകിന് പകരം സഞ്ജുവും സിറാജിന് പകരം ബുംറയും ടീമില്‍ വന്നിട്ടുണ്ട്,' എന്ന് ടോസിന് ശേഷം സംസാരിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. വയറുവേദനയെത്തുടര്‍ന്ന് അഭിഷേക് ശര്‍മ്മയ്ക്ക് യുഎസ്എ മത്സരത്തിന് ശേഷം പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
