'കൂടെ കളിച്ചു തുടങ്ങിയ സഹതാരങ്ങളെല്ലാം ഇപ്പോഴും തിളങ്ങുന്നു'; എന്റെ മകൻ എന്നോട് ചോദിക്കും ബാബാ, നിങ്ങൾ ഇനി കളിക്കില്ലേയെന്ന്; ലൈവ് ചർച്ചക്കിടെ പൊട്ടിക്കരഞ്ഞ് അഹമ്മദ് ഷെഹ്‌സാദ്
ഇസ്ലാമാബാദ്: പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) നിന്ന് തുടർച്ചയായി തഴയപ്പെടുന്നതിനെക്കുറിച്ചുള്ള വേദന പങ്കുവെച്ച് തത്സമയ ടെലിവിഷൻ പരിപാടിക്കിടെ വികാരാധീനനായി പൊട്ടിക്കരഞ്ഞ് പാക് മുൻ ഓപ്പണിംഗ് ബാറ്റ്സ്മാൻ അഹമ്മദ് ഷെഹ്‌സാദ്. തന്റെ ഒമ്പത് വയസ്സുകാരനായ മകൻ കളിക്കുമോ എന്ന് ചോദിച്ച ചോദ്യം തന്നെ വല്ലാതെ ഉലച്ചുവെന്നും ഷെഹ്‌സാദ് വെളിപ്പെടുത്തി.
ജിയോ ന്യൂസിലെ 'ഹസ്‌ന മനാ ഹേ' എന്ന കോമഡി ടോക്ക് ഷോയിൽ മുൻ താരം മുഹമ്മദ് ആമിറിനൊപ്പം പങ്കെടുക്കുകയായിരുന്നു ഷെഹ്‌സാദ്. താൻ കളിച്ചുതുടങ്ങിയ സഹതാരങ്ങളെല്ലാം പിഎസ്എല്ലിൽ തിളങ്ങുമ്പോൾ തനിക്ക് മാത്രം പുറത്തിരിക്കേണ്ടി വരുന്ന സാഹചര്യം ഏറെ വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. "ഇത് ഒരുപാട് വേദനിപ്പിക്കുന്നു. എനിക്ക് കളിക്കണം. എൻ്റെ കൂടെയുള്ളവരെല്ലാം കളിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്, പക്ഷേ എന്തുകൊണ്ടാണ് എനിക്ക് മാത്രം ഈ അവസ്ഥ വന്നതെന്ന് ചിന്തിക്കുമ്പോൾ സങ്കടം വരും. 18 വർഷമാണ് ഞാൻ ഈ കരിയറിനായി നൽകിയത്. അതെല്ലാം കൺമുന്നിൽ ഇല്ലാതാകുന്നത് കാണുമ്പോൾ കരച്ചിൽ വരും," ഷെഹ്‌സാദ് കണ്ണീരോടെ വ്യക്തമാക്കി.
തന്റെ മകനെക്കുറിച്ചുള്ള ഓർമ്മകളാണ് ഷെഹ്‌സാദിനെ കൂടുതൽ തളർത്തിയത്. മകൻ തന്റെ കളി നേരിട്ട് കാണണമെന്ന് താൻ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. "എൻ്റെ മകന് ഇപ്പോൾ ഒമ്പത് വയസായി. അവന് ഞാൻ കളിക്കുന്നത് കാണണമെന്നുണ്ട്. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അവൻ എന്നോട് ചോദിക്കും, 'ബാബാ, നിങ്ങൾ കളിക്കുന്നത് എനിക്ക് ഓർമ്മയുണ്ട്, പക്ഷേ ഇനിയും എനിക്ക് അത് നേരിട്ട് കാണാൻ കഴിയുമോ' എന്ന്. ഇത് കേൾക്കുമ്പോൾ സഹിക്കാൻ കഴിയില്ല," ഷെഹ്‌സാദ് കൂട്ടിച്ചേർത്തു.
Ahmed Shehzad in tears after not being included in the PSL auction:
— Sheri. (@CallMeSheri1_) February 12, 2026
"My 9 year old son wanted me to play." pic.twitter.com/MwU79gHKWk
വർഷങ്ങളായി പാകിസ്ഥാൻ ദേശീയ ടീമിന് പുറത്തുള്ള ഷെഹ്‌സാദ്, ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും പിഎസ്എൽ ലേലത്തിൽ ഒരു ടീമും താരത്തെ എടുക്കാത്തത് വലിയ ചർച്ചയായിരുന്നു. ഈ വിഷയത്തിൽ താരം മുൻപും പ്രതികരിച്ചിട്ടുണ്ടെങ്കിലും, തന്റെ സങ്കടം ഇത്രത്തോളം പരസ്യമായി പ്രകടിപ്പിക്കുന്നത് ഇത് ആദ്യമായാണ്.
