'സഞ്ജു ഇപ്പോൾ ഫോമിലല്ല, പകരം വാഷിങ്ടൺ സുന്ദറിനെ ഓപ്പണറായി ഇറക്കണം'; അഭിഷേക് തിരികെയെത്തുമ്പോൾ ടീമിൽ വേണ്ടത് മറ്റൊരു മാറ്റമാണെന്നും മുൻ താരം

Update: 2026-02-12 10:50 GMT

ന്യൂഡൽഹി: ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിൽ ഓപ്പണർ അഭിഷേക് ശർമ്മ കളിക്കാനായില്ലെങ്കിൽ മലയാളി താരം സഞ്ജു സാംസണിന് പകരം വാഷിങ്ടൺ സുന്ദറിനെ ഓപ്പണിങ്ങിൽ ഇറക്കണമെന്ന് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മോശം പ്രകടനം കാഴ്ചവെച്ച സഞ്ജുവിന് ഈ മത്സരം നിർണ്ണായകമായിരിക്കെയാണ് ശ്രീകാന്തിന്റെ ഈ അസാധാരണ അഭിപ്രായം.

"ഞാൻ ക്യാപ്റ്റനായിരുന്നെങ്കിൽ വ്യത്യസ്തമായി ചിന്തിക്കുമായിരുന്നു. സഞ്ജു ഇപ്പോൾ ഫോമിലല്ല. അതുകൊണ്ട് വാഷിങ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തി ഓപ്പണറായി ഇറക്കും. ഇതിലൂടെ പാകിസ്ഥാനെതിരായ മത്സരത്തിൽ സുന്ദറിന് ഫോം കണ്ടെത്താനും മികച്ച പ്രകടനം കാഴ്ചവെക്കാനും കഴിയും," ശ്രീകാന്ത് പറഞ്ഞു. സഞ്ജുവിന് മതിയായ അവസരങ്ങൾ ലഭിച്ചിട്ടും അവ പ്രയോജനപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും, സുന്ദറിന് ഒരു മത്സരത്തിന്റെ അനുഭവം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിഷേക് ശർമ്മ പാകിസ്ഥാനെതിരായ മത്സരത്തിൽ മടങ്ങിയെത്തിയാൽ, സുന്ദറിനെ എട്ടാം സ്ഥാനത്തേക്ക് മാറ്റിയ ശേഷം റിങ്കു സിങ്ങിനെ പുറത്തിരുത്താമെന്നും ശ്രീകാന്ത് നിർദ്ദേശിച്ചു. ഓപ്പണർ അഭിഷേക് ശർമ്മയെ വയറുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം താരം ആശുപത്രി വിട്ടെങ്കിലും ഇന്ന് കളത്തിലിറങ്ങാൻ സാധ്യതയില്ല. ഈ സാഹചര്യത്തിൽ മലയാളി താരം സഞ്ജു സാംസണിനാണ് ഓപ്പണിങ് സ്ഥാനം ലഭിക്കാൻ സാധ്യത. ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന ന്യൂസിലൻഡിനെതിരായ അഞ്ച് ടി20 മത്സരങ്ങളിൽ നിന്ന് വെറും 46 റൺസ് മാത്രം നേടിയ സഞ്ജുവിന് വിമർശകർക്ക് മറുപടി നൽകാൻ ഈ മത്സരം നിർണ്ണായകമായ അവസരമാണ്.

Tags:    

Similar News