'ചാംപ്യന്‍സ് ട്രോഫിയിൽ എങ്ങനെ കളിക്കുമെന്ന് നോക്കാം, വിരാടും, രോഹിത്തും ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടത് അനിവാര്യം'; കാരണം വെളിപ്പെടുത്തി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി
മുംബൈ: ബോർഡർ ഗാവസ്‌കർ പരമ്പരയിലേറ്റ തോൽവിയോടെ ഇന്ത്യൻ ടീം വിമർശനങ്ങളുടെ മുൾമുനയിലാണ്. പരമ്പര നഷ്ടമായതോടെ മുൻ താരങ്ങളടക്കം നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സീനിയർ താരങ്ങളായ വിരാട് കൊഹ്‌ലിക്കും, ക്യാപ്റ്റൻ രോഹിത് ശർമ്മയുമാണ് വിമർശനങ്ങൾ ഏറ്റുവാങ്ങിയ പ്രമുഖർ. മോശം ഫോമിൽ ബാറ്റ് ചെയ്ത രോഹിത് ശർമയുടെ ക്യാപ്റ്റൻസിയും ആദ്യമായി ചോദ്യം ചെയ്യപ്പെട്ട പരമ്പര കൂടിയായിരുന്നു ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര.
അവസാന ടെസ്റ്റിൽ ടീമിൽ നിന്നും പുറത്തിരിക്കേണ്ട അവസ്ഥയും താരത്തിനുണ്ടായി. ആദ്യമായിട്ടാണ് ഫോം കണ്ടെത്താന്‍ വലഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒരു ടെസ്റ്റ് പരമ്പരയ്ക്കിടെ പിന്മാറുന്നത്. ടെസ്റ്റുകളില്‍ നിന്ന് 6.20 ശരാശരിയില്‍ 31 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. കോലി ആദ്യ ടെസ്റ്റില്‍ അപരാജിത സെഞ്ചുറി നേടിയെങ്കിലും, എട്ട് ഇന്നിംഗ്‌സുകളില്‍ നിന്നായി 190 റണ്‍സ് മാത്രമാണ് 36-കാരന്‍ നേടിയത്.
ഇപ്പോഴിതാ താരങ്ങൾക്കെതിരെ വിമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി 'അവര്‍ കുറച്ച് ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടത് അത്യാവശ്യമാണ്. പ്രകടനം എങ്ങനെയാണെന്ന് അറിയണം. അതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന് നിങ്ങളുടെ അനുഭവത്തിലൂടെ വളര്‍ന്നു വരുന്ന യുവതലമുറയ്ക്ക് സംഭാവന ചെയ്യാന്‍ കഴിയും. മറ്റൊന്ന് എപ്പോഴും കളിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്പിന്‍ പന്തുകള്‍ കളിക്കാന്‍ സാധിക്കും. ടേണിംഗ് ട്രാക്കുകളില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് ഏറ്റവും വലുതല്ല. എതിര്‍ ടീമില്‍ നിലവാരമുള്ള സ്പിന്നര്‍മാര്‍ ഉണ്ടെങ്കില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ സാധിക്കും' ശാസ്ത്രി വിലയിരുത്തി.
'ഒരാള്‍ക്ക് 36 വയസും മറ്റൊരാള്‍ക്ക് 38 വയസും. അവരെ കുറിച്ച് അവര്‍ക്ക് തന്നെ ബോധ്യമുണ്ട്. എത്രത്തോളം മുന്നോട്ട് പോകാന്‍ കഴിയുമെന്ന് അവര്‍ക്ക് അറിയാം. മതിയെന്ന് തോന്നിയാല്‍ അവര്‍ ഒഴിഞ്ഞു മാറും. ഇരുവരും ഇംഗ്ലണ്ടിനെതിരേയും ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും എങ്ങനെ കളിക്കുമെന്ന നമുക്ക് നോക്കാം' ശാസ്ത്രി വ്യക്തമാക്കി.
ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അടുത്ത പരമ്പരയാണ്. 5 ടി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളുമുള്ള പരമ്പരയ്ക്ക് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ടി20 മത്സരങ്ങളാണ് ആദ്യം നടക്കുക. ജനുവരി 22 നാണ് ആദ്യ ടി 20 മത്സരം. ഫെബ്രുവരി 6നാണ് ഏകദന മത്സരങ്ങൾ ആരംഭിക്കുന്നത്.