നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ ഞങ്ങള്‍ അതീവ ദുഃഖിതരാണ്; വാക്കുകള്‍ കിട്ടുന്നില്ല, അതീവ ദുഖിതനാണ്'; ബംഗളൂരു ദുരന്തത്തില്‍ പ്രതികരിച്ച് കോലിയും ആര്‍.സി.ബിയും
നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ ഞങ്ങള്‍ അതീവ ദുഃഖിതരാണ്
ബംഗളൂരു: ഐ.പി.എല്‍ കിരീട നേട്ടത്തിന്റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നില്‍ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ച ദുരന്തത്തില്‍ പ്രതികരിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു ടീമും സൂപ്പര്‍താരം വിരാട് കോഹ്ലിയും. വാക്കുകള്‍ കിട്ടുന്നില്ലെന്നും അതീവ ദുഖതിനാണെന്നും കോഹ്ലി സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു. ഇതോടൊപ്പം ആര്‍.സി.ബിയുടെ ഔദ്യോഗിക അനുശോചന കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ട് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടീമിന് നല്‍കിയ സ്വീകരണ ചടങ്ങിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം. 35,000 പേര്‍ക്ക് മാത്രം കയറാവുന്ന സ്റ്റേഡിയമാണ്. എന്നാല്‍, വിജയം ആഘോഷിക്കാനായി രണ്ടു ലക്ഷത്തിലധികം ആരാധകര്‍ എത്തിയത്. സുരക്ഷ ബാരിക്കേഡുകള്‍ മറികടന്ന് ആള്‍ക്കൂട്ടം സ്റ്റേഡിയത്തിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചത്. അപകടം നടക്കുമ്പോഴും സ്റ്റേഡിയത്തിനുള്ളില്‍ വിജയാഘോഷം തുടര്‍ന്നത് വലിയ വിമര്‍ശനത്തിനിടയാക്കി. പിന്നാലെ ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കി.
'ബംഗളൂരുവില്‍ ടീമിന്റെ സ്വീകരണ ചടങ്ങിനിടെയുണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ ഞങ്ങള്‍ അതീവ ദുഃഖിതരാണ്. എല്ലാവരുടെയും സുരക്ഷയും ക്ഷേമവും ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്' -ആര്‍.സി.ബി പത്രക്കുറിപ്പില്‍ അറിയിച്ചു. കോഹ്ലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ഷര്‍മ ഉള്‍പ്പെടെയുള്ളവര്‍ ആര്‍.സി.ബിയുടെ അനുശോചന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപമുണ്ടായ ദാരുണമായ സംഭവങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ പ്രാര്‍ഥനയെന്ന് മുന്‍ ആര്‍.സി.ബി താരം എബി ഡിവില്ലിയേഴ്‌സ് അനുശോചിച്ചു.
ആര്‍സിബി, കോലി, ബംഗളുരു ദുരന്തം