ബോക്സിങ് ഡേ ടെസ്റ്റ്; ഇന്ത്യക്ക് കനത്ത തിരിച്ചടി; പരിശീലനത്തിനിടെ രോഹിത്ത് ശർമ്മയ്ക്ക് പരിക്ക്; കാൽമുട്ടിനേറ്റ പരിക്ക് ഗുരുതരം ?; മെൽബണിൽ കളിക്കുന്ന കാര്യം സംശയത്തിൽ ?

Update: 2024-12-22 07:44 GMT

മെൽബൺ: ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ബോക്സിങ് ഡേ ടെസ്റ്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഇന്ത്യക്ക് വൻ തിരിച്ചടി. നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ കെ.എൽ രാഹുലിന്റെ കൈക്ക് പരിക്കേറ്റതിന് പിന്നാലെ ക്യാപ്റ്റൻ രോഹിത്ത് ശർമ്മക്കും പരിക്ക്. കഴിഞ്ഞ ദിവസം നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ രോഹിത്തിന്റെ കാൽമുട്ടിന് പരിക്കേൽക്കുകയായിരുന്നു.

പരിക്കേറ്റത്തിന് ശേഷവും രോഹിത് പരിശീലനം തുടരാൻ ശ്രമിച്ചു. എന്നാൽ വേദന കാരണം ഫിസിയോയെ കണ്ട് വൈദ്യസഹായം തേടുകയായിരുന്നു. ഇടതു കാൽമുട്ടിൽ ഐസ്ബാഗ് കെട്ടി കസേരയിൽ ഇരിക്കുന്ന രോഹിതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. താരം വേദനകൊണ്ട് പുളയുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. എന്നാൽ ഗുരുതരമായ പരിക്കുകൾ താരത്തിനില്ല എന്നാണ് പ്രാഥമിക നിഗമനം.

അതേസമയം നിർണായകമായ മെൽബൺ ടെസ്റ്റിന് മുന്നോടിയായി മികച്ച മുന്നൊരുക്കങ്ങളാണ് ഇന്ത്യൻ താരങ്ങൾ നടത്തുന്നത്. ഇന്ത്യൻ ടീം അംഗങ്ങളെല്ലാം നെറ്റ്‌സ് സെഷനിൽ പങ്കെടുത്തിരുന്നു. ഇന്ത്യൻ ബൗളിംഗ് നിരയുടെ കുന്തമുനയായ ജസ്പ്രീത് ബുംറ നെറ്റ്സിൽ നന്നായി ബൗൾ ചെയ്തു. മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരും നെറ്റ്‌സ് സെഷനിലെ മികച്ച രീതിയിൽ പന്തെറിയുന്നതായാണ് റിപ്പോർട്ട്.

എന്നാൽ ബോക്സിങ് ഡേ ടെസ്റ്റിൽ​ രോഹിത് കളിക്കുമോയെന്ന കാര്യത്തിൽ സംശയം ഉയരുകയാണ്. നേരത്തെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രോഹിത്തിന്റെ ഫോമും, ക്യാപ്റ്റൻസിയെയും സംബന്ധിച്ച് വലിയ ആശങ്കകൾ ഉയർന്നിരുന്നു. ടെസ്റ്റിൽ 10 ഇന്നിങ്സുകളിൽ നിന്നായി ഒരു അർധ സെഞ്ച്വറി മാത്രമാണ് രോഹിത്തിന് സമ്പാദ്യമായുള്ളത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ രോഹിത് ആദ്യ മത്സരത്തിൽ കളിച്ചിരുന്നില്ല. രണ്ടാം ടെസ്റ്റ് മുതൽ രോഹിത് ടീമിനൊപ്പം ഉണ്ടായിരുന്നുവെങ്കിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചതുമില്ല. രണ്ടക്ക സ്കോർ ​നേടാൻ പോലും രോഹിത്തിന് സാധിച്ചിട്ടില്ല.

Tags:    

Similar News