സിഡ്‌നി ടെസ്റ്റ് രോഹിത് ശര്‍മ്മയുടെ അവസാന ടെസ്റ്റ് മത്സരമായേക്കുമെന്ന് റിപ്പോർട്ട്; രോഹിത്തിന് വിനയായത് പരമ്പരയിലെ മോശം ഫോമും ടീമിന്റെ പ്രകടനവും; മുൻ താരങ്ങളക്കം വിമർശനവുമായി രംഗത്ത്
മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയിലെ മോശം ഫോമിനെ തുടർന്ന് വിമർശനങ്ങൾ ശക്തമായതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങാൻ ഇറങ്ങുന്നതായി റിപ്പോർട്ട്. സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റിനു ശേഷം രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. വിരമിക്കലുമായി ബന്ധപ്പെട്ട് ബിസിസിഐയിലെ ഉന്നതരും സെലക്ടര്‍മാരും രോഹിത്തുമായി ചർച്ചകൾ നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രഖ്യാപനത്തിന്റെ കൃത്യമായ സമയം നിശ്ചയിച്ചിട്ടില്ലെങ്കിലും സിഡ്‌നി ടെസ്റ്റിനു ശേഷം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
പരമ്പരയിലെ രോഹിത് ശർമയുടെ ബാറ്റിംഗ് പ്രകടനവും ക്യാപ്റ്റൻസിയും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കി. ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ പരമ്പരയിൽ മുന്നിലെത്തി. അതിനാൽ അടുത്ത മല്സരം ജയിച്ച് പരമ്പരയിൽ ഒപ്പത്തിനിനൊപ്പമെത്താനാകും ഇന്ത്യയുടെ പോരാട്ടം. എന്നാൽ രോഹിത്, കോഹ്ലി അടക്കമുള്ള സീനിയർ താരങ്ങളുടെ മോശം ഫോം ഇന്ത്യയ്ക്ക് തിരിച്ചടിയാവും.
ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയാല്‍, തന്നെ തുടരാന്‍ അനുവദിക്കണമെന്ന് രോഹിത് സെലക്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പരമ്പരയിലെ മോശം പ്രകടനത്തോടെ ഫൈനലിന് യോഗ്യത നേടാനുള്ള ഇന്ത്യയുടെ സാധ്യതകൾക്ക് വലിയ തിരിച്ചടിയാണേറ്റത്. ഫൈനലിലേക്ക് യോഗ്യത നേടണമെങ്കിൽ ഇന്ത്യക്ക് ജനുവരി മൂന്നിന് ആരംഭിക്കുന്ന സിഡ്നി ടെസ്റ്റ് ജയിച്ചാല്‍ മാത്രം പോര. ഓസ്‌ട്രേലിയ ഇനി നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ട് ടെസ്റ്റുകളിലും ജയിക്കാതിരിക്കുകയും വേണം.
മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയോട് ഏറ്റ കനത്ത പരാജയത്തിൽ താന്‍ അസ്വസ്ഥനാണെന്ന് രോഹിത് സമ്മതിച്ചിരുന്നു. ടീമുമായി ബന്ധപ്പെട്ട കൂട്ടായ പ്രശ്‌നങ്ങള്‍ക്ക് പുറമെ വ്യക്തിപരമായ തലത്തില്‍ തനിക്ക് കാര്യങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും താരം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പരമ്പരയിലെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയേയും ബാറ്റിങ്ങിനെയും വിമര്‍ശിച്ച് മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു.
അതേസമയം ക്യാപ്റ്റനെന്ന നിലയിൽ ടീമിന് പ്രജോദനമാകുന്ന തരത്തിലുള്ളൊരു ഇന്നിംഗ്സ് പോലും കളിക്കാൻ രോഹിത്തിന് കഴിഞ്ഞിരുന്നില്ല എന്നത് ആരാധകരെപ്പോലും നിരാശപ്പെടുത്തി. പരമ്പരയില്‍ ഇതുവരെ രോഹിത് ആകെ നേടിയിരിക്കുന്നത് വെറും 31 റണ്‍സാണ്. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന രോഹിത് രണ്ടാം ടെസ്റ്റ് മുതലാണ് ടീമിനൊപ്പം ചേര്‍ന്നത്. അഡ്ലെയഡ്ലിലെ രണ്ടാം ടെസ്റ്റില്‍ 3, 6 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ഗാബയിലെ മൂന്നാം ടെസ്റ്റില്‍ ഒരിന്നിങ്സില്‍ ബാറ്റ് ചെയ്ത് 10 റണ്‍സിന് മടങ്ങി. നിർണായകമായ മെല്‍ബണിലാവട്ടെ 3, 9 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.