രാജസ്ഥാനിന്റെ ക്യാപ്ടനായി തുടരാന്‍ 'ഓപ്പണര്‍' റോള്‍ ഭംഗിയാക്കണം; ഇന്ത്യന്‍ ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടത് പക്വതയുള്ള ഇന്നിംഗ്‌സ്; സഞ്ജുവിന് ഇന്ന് നിര്‍ണ്ണായകം; ബംഗ്ലാ കടുവകളെ തോല്‍പ്പിക്കാന്‍ മലയാളി പ്രകടനം അതിനിര്‍ണ്ണായകം

ബംഗ്ലാ കടുവകളെ തോല്‍പ്പിക്കാന്‍ മലയാളി പ്രകടനം അതിനിര്‍ണ്ണായകം

Update: 2024-10-06 02:36 GMT

രാജസ്ഥാനിന്റെ ക്യാപ്ടനായി തുടരാന്‍ 'ഓപ്പണര്‍' റോള്‍ ഭംഗിയാക്കണം; ഇന്ത്യന്‍ ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടത് പക്വതയുള്ള ഇന്നിംഗ്‌സ്; സഞ്ജുവിന് ഇന്ന് നിര്‍ണ്ണായകം; ബംഗ്ലാ കടുവകളെ തോല്‍പ്പിക്കാന്‍ മലയാളി പ്രകടനം അതിനിര്‍ണ്ണായകം

ഗ്വാളിയര്‍: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഞായറാഴ്ച ഗ്വാളിയറില്‍ തുടക്കമാകുമ്പോള്‍ ഏറ്റവും നിര്‍ണ്ണായകം മലയാളി താരം സഞ്ജു വി സാംസണ്. ഒരാഴ്ചമുന്‍പ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ബംഗ്ലാദേശിനെ 2-0ത്തിന് തോല്‍പ്പിച്ചശേഷം ഇന്ത്യയുടെ ആദ്യ മത്സരമാണിതെങ്കിലും ടെസ്റ്റ് ടീമിലെ ഒരാള്‍പ്പോലും ട്വന്റി-20 മത്സരത്തിനില്ല. ഈ സാഹചര്യത്തില്‍ സഞ്ജു അടക്കമുള്ളവരുടെ പ്രകടനം നിര്‍ണ്ണായകമാണ്. മികച്ച പ്രകടനം ഈ പരമ്പരയില്‍ സഞ്ജുവിന് അനിവാര്യതയാണ്. എങ്കില്‍ മാത്രമേ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി സഞ്ജുവിന് തുടരാന്‍ ഖഴിയൂ.

സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീം യുവനിരയ്ക്ക് പ്രാധാന്യം നല്‍കുന്നു. ടെസ്റ്റ് ടീമിലെ പ്രധാന കളിക്കാരെ ഉള്‍പ്പെടുത്തിയാണ് ബംഗ്ലാദേശ് വരുന്നത്. ഇന്ത്യയുടെ മായങ്ക് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ എന്നിവര്‍ ഇതുവരെ അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല. ഇന്ത്യന്‍ ടീമിലെ എല്ലാവരും ചേര്‍ന്ന് കളിച്ചത് 389 അന്താരാഷ്ട്ര മത്സരംമാത്രം. അട്ടിമറി വീരന്മാരാണ് ബംഗ്ലാദേശ്. ട്വന്റി ട്വന്റിക്ക് കൂടുതല്‍ അനുയോജ്യമാണ് അവരുടെ ടീം ഘടന. അതുകൊണ്ടു തന്നെ ഈ പരമ്പര ഇന്ത്യയ്ക്ക് അത്ര എളുപ്പമാകില്ല.

വിക്കറ്റ് കീപ്പര്‍മാരായി മലയാളിയായ സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവര്‍ ടീമിലുണ്ടെങ്കിലും സഞ്ജുവിന് മുന്‍ഗണനകിട്ടും. അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജു ഓപ്പണറായി ഇറങ്ങാനും സാധ്യതയുണ്ട്. ഇവിടെയാണ് സഞ്ജുവിനുള്ള വെല്ലുവിളി. ഓപ്പണറായുള്ള സഞ്ജുവന്റെ വരവെല്ലാം പരാജയമായിരുന്നു. ഓപ്പണര്‍ എന്നത് ഒരു സുവര്‍ണ്ണാവസരമാണ്. ബംഗ്ലാദേശിനെതിരെ കിട്ടുന്ന ആദ്യ അവസരം തന്നെ ഉപയോഗിച്ചാല്‍ മാത്രമേ സഞ്ജുവിന് മുമ്പോട്ട് പോകാന്‍ കഴിയൂവെന്നതാണ് വസ്തുത. മലയാളി താരത്തിന് നിരവധി വെല്ലുവിളികള്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാനുണ്ട്. അതുകൊണ്ട് തന്നെ പ്രകടന മികവിലൂടെ മാത്രമേ ഇതെല്ലാം മറികടക്കാന്‍ കഴിയൂ.

സഞ്ജുവിനെ ഓപ്പണറാക്കും. സൂര്യകുമാര്‍ യാദവ്, റിയാന്‍ പരാഗ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ പിന്നീടെത്തും. ഫിനിഷര്‍ റോളില്‍ റിങ്കുസിങ്ങുമുണ്ട്. അതായത് ഇന്ത്യന്‍ ബാറ്റിംഗും അതിശക്തമാണ്. സഞ്ജു മികച്ച തുടക്കം നല്‍കിയാല്‍ അതിനെ മുതലാക്കാനാകും. എന്നാല്‍ ഓപ്പണര്‍മാര്‍ പരാജയപ്പെട്ടാല്‍ മത്സര പരിചയക്കുറവില്ലായ്മ മധ്യനിരയെ സമ്മര്‍ദ്ദത്തിലാക്കും. അതുകൊണ്ടു തന്നെ സഞ്ജുവിന്റെ പ്രകടനം നിര്‍ണ്ണായകമാണ്. ദുലീപ് ട്രോഫിലെ സെഞ്ച്വറി സഞ്ജുവിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.

ഐ.പി.എലില്‍ തുടര്‍ച്ചയായ അതിവേഗ പന്തുകള്‍ എറിഞ്ഞ് ശ്രദ്ധനേടിയ പേസര്‍ മായങ്ക് യാദവ് അരങ്ങേറ്റംകുറിച്ചേക്കും. പരിചയസമ്പന്നനായ ഇടംകൈ പേസര്‍ അര്‍ഷ്ദീപ് സിങ്ങും കൂടെയുണ്ടാകും. സ്പിന്നര്‍മാരായി രവി ബിഷ്ണോയ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരായിരിക്കും ഇറങ്ങുക. ഐ.പി.എല്‍. ലേലം അടുത്തെത്തിയിരിക്കേ, താരങ്ങള്‍ക്ക് മൂല്യം ഉയര്‍ത്താനുള്ള അവസരംകൂടിയാണിത്. രാജസ്ഥാന്‍ റോല്‍സിന്റെ നായക സ്ഥാനം ഉറപ്പിക്കാനും ഈ ടൂര്‍ണ്ണമെന്റ് സഞ്ജുവിന് നിര്‍ണ്ണായകമാണ്. ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു താരത്തെ ക്യാപ്ടനാക്കണോ എന്ന ചര്‍ച്ച രാജസ്ഥാനില്‍ സജീവമാണ്.

ഗ്വാളിയറിലെ മാധവറാവു സിന്ധ്യ സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. അതുകൊണ്ടുതന്നെ പിച്ചിനെക്കുറിച്ച് ടീമുകള്‍ക്ക് മുന്‍വിധിയില്ല. നജ്മുല്‍ ഹൊസാന്‍ ഷാന്റോ നയിക്കുന്ന ബംഗ്ലാദേശ് ടീമില്‍ പരിചയസമ്പന്നരായ ലിട്ടണ്‍ ദാസ്, മെഹ്ദി ഹസ്സന്‍ മിറാസ്, തൗഹീദ് ഹൃദോയ്, മഹ്‌മൂദുള്ള, ടസ്‌കിന്‍ അഹമ്മദ്, മുസ്താഫിസുര്‍ റഹ്‌മാന്‍ തുടങ്ങിയവരുണ്ട്. ഇന്ത്യയെ തളയ്ക്കാനുള്ള കരുത്ത് ഈ ടീമിനുണ്ടെന്നതാണ് വസ്തുത.

Tags:    

Similar News