ജയസൂര്യയുടെ പന്തിൽ പുറത്തായി; പിന്നാലെ 10 ഇടംകൈയ്യൻ സ്പിന്നർമാരെ വിളിച്ചുവരുത്തി; അത്താഴത്തിനിരിക്കുമ്പോൾ കൈയ്യിലെ ഫോർക്ക് ഉപയോഗിച്ച് ആ ഷോട്ട് അനുകരിക്കുന്നത് കണ്ടിട്ടുണ്ട്; സച്ചിൻ സ്വീപ് ഷോട്ട് വശമാക്കിയത് ഇങ്ങനെയെന്ന് നവ്‌ജ്യോത് സിംഗ് സിദ്ദു

Update: 2025-12-10 11:06 GMT

ചെന്നൈ: ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തന്റെ സ്പിൻ ബൗളിംഗ് ദൗർബല്യം മറികടക്കാൻ സ്വീപ് ഷോട്ട് വശമാക്കിതിനെ കുറച്ച് തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ ഓപ്പണർ നവ്‌ജ്യോത് സിംഗ് സിദ്ദു. അസാമാന്യമായ അർപ്പണബോധത്തിലൂടെയാണ് സച്ചിൻ ഈ ഷോട്ട് തന്റെ കളിയിൽ ഉൾപ്പെടുത്തിയതെന്ന് സിദ്ദു വെളിപ്പെടുത്തി. ഒരു മത്സരത്തിൽ ശ്രീലങ്കൻ താരം സനത് ജയസൂര്യയുടെ സ്പിൻ ബൗളിങ്ങിനെതിരെ വിഷമിക്കുകയും പുറത്താവുകയും ചെയ്തതിന് ശേഷം, ഉറക്കമില്ലാതെ സച്ചിൻ സ്വീപ് ഷോട്ട് പരിശീലിക്കുകയായിരുന്നുവെന്ന് സിദ്ദു പറഞ്ഞു.

ശ്രീലങ്കയുമായുള്ള ഒരു ടെസ്റ്റ് പരമ്പരയുടെ സമയത്താണ് ഈ സംഭവം നടന്നതെന്ന് സിദ്ദു ഓർത്തെടുക്കുന്നു. സനത് ജയസൂര്യയുടെ സ്ഥിരതയാർന്ന സ്പിൻ ബൗളിങ്ങിനെ നേരിടാൻ സച്ചിൻ വല്ലാതെ പ്രയാസപ്പെട്ടു. സ്വീപ് ഷോട്ട് കളിക്കാൻ അറിയാതിരുന്നതിനാൽ പുൾ ചെയ്യാൻ ശ്രമിച്ച സച്ചിൻ പുറത്തായി. മത്സരം കഴിഞ്ഞ് ഡ്രസ്സിംഗ് റൂമിൽ തനിച്ചിരുന്ന സച്ചിനോട് ടീം ബസ്സിലേക്ക് പോകാൻ അന്ന് ടീം മാനേജരായിരുന്ന അജിത് വഡേക്കർ ആവശ്യപ്പെട്ടതനുസരിച്ച് താൻ ചെന്നപ്പോൾ, "ഇങ്ങനെ പോയാൽ ശരിയാവില്ല" എന്ന് സച്ചിൻ പറഞ്ഞതായും സിദ്ദു അനുസ്മരിച്ചു. സിദ്ദുവിന്റെ ആശ്വാസവാക്കുകൾ പോലും സച്ചിന്റെ നിശ്ചയദാർഢ്യത്തിനുമുന്നിൽ വിലപ്പോയില്ല.

തുടർന്ന്, സച്ചിൻ ചണ്ഡീഗഡിൽ നിന്ന് 10 ഇടംകൈയ്യൻ സ്പിന്നർമാരെ വിളിച്ചുവരുത്തി. പിറ്റേന്ന് രാവിലെ ഏഴുമണിക്ക് ഗ്രൗണ്ടിലെത്തിയ സച്ചിൻ തുടർച്ചയായി സ്വീപ് ഷോട്ടുകൾ പരിശീലിച്ചു. "അതിനുമുമ്പ് ഞാൻ സച്ചിൻ സ്വീപ് ഷോട്ട് കളിക്കുന്നത് കണ്ടിട്ടില്ലായിരുന്നു," സിദ്ദു ഓർമ്മിച്ചു. "അത്താഴത്തിനിടെ ഒരു സംഭവം ഉണ്ടായി. ഞാനും സഞ്ജയ് [മഞ്ചരേക്കർ], [അജയ്] ജഡേജ എന്നിവരും അവിടെയുണ്ടായിരുന്നു. തന്റെ കൈയ്യിലെ ഫോർക്ക് ഉപയോഗിച്ച് സച്ചിൻ ഇങ്ങനെ കാണിക്കുകയായിരുന്നു," സ്വീപ് ഷോട്ട് അനുകരിച്ച് കൊണ്ട് സിദ്ദു പറഞ്ഞു. ഇന്നത്തെ തലമുറയിലെ ഇന്ത്യൻ ബാറ്റ്‌സ്മാൻമാർക്ക് ഒരു റഫറൻസ് പോയിന്റായിട്ടാണ് സിദ്ദു സച്ചിൻ ടെണ്ടുൽക്കറുടെ ഈ ഉദാഹരണം എടുത്തു കാണിച്ചത്.

Tags:    

Similar News