സ്‌റ്റേഡിയത്തില്‍ തുടങ്ങി ഐസിസി ടൂര്‍ണ്ണമെന്റിലെ ഞായാറാഴ്ച്ച ഫൈനലുകള്‍ വരെ; ആരാധകരില്‍ ആശങ്കയുണര്‍ത്തി നിര്‍ണ്ണായക ടോസ് കൂടി നഷ്ടപ്പെട്ടതോടെ തിരുത്തേണ്ട ചരിത്രത്തിന്റെ എണ്ണം പിന്നെയും കൂടി; എല്ലാത്തിനും മറുപടി നല്‍കിയത് കൃത്യമായ ഗെയിംപ്ലാനോടെ; ഐസിസി ടൂര്‍ണ്ണമെന്റിലെ ന്യൂസിലാന്റ് കടമ്പ കടന്ന് ഇന്ത്യ തിരുത്തിയ ചരിത്രങ്ങളും മായ്ച്ചുകളഞ്ഞ 'അന്ധ'വിശ്വാസങ്ങളും
സ്‌റ്റേഡിയത്തില്‍ തുടങ്ങി ഐസിസി ടൂര്‍ണ്ണമെന്റിലെ ഞായാറാഴ്ച്ച ഫൈനലുകള്‍ വരെ
അഹമ്മദാബാദ്: വര്‍ഷങ്ങളായി ടീം ഇന്ത്യയെയും ക്രിക്കറ്റിനെയും പിന്തുടരുന്ന ചില അന്ധവിശ്വാസങ്ങള്‍ കൂടി തല്ലിക്കെടുത്തിയാണ് ഇന്ത്യ ഇക്കുറി വിശ്വകിരീടത്തില്‍ മുത്തമിട്ടത്.ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍ എന്ന പരസ്യവാചകത്തെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ അക്ഷാരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു സൂര്യകുമാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം.സ്റ്റേഡിയത്തിന്റെ ചരിത്രത്തില്‍ തുടങ്ങി ഫൈനലിലെ ടോസില്‍ വരെയുള്ള ചരിത്രങ്ങള്‍ ഇന്നലെ ഇന്ത്യക്ക് എതിരായിരുന്നു.എന്നാല്‍ കൃത്യമായ ഗെയിംപ്ലാനിങ്ങോടെ ഇന്ത്യ അതിനൊക്കെയും പൊളിച്ചെഴുതുന്ന സുന്ദരമായ കാഴ്ച്ചയാക്കാണ് ഇന്നലെ കായികലോകം സാക്ഷിയായത്.അതിന് മുന്നില്‍ നിന്ന് ചുക്കാന്‍ പിടിച്ചത് മലയാളി താരം സഞ്ജു സാംസണ്‍ ആണെന്നത് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ഈ വിജയം കാലത്തിന്റെ കാവ്യ നീതിയാകുന്നു.
മത്സരത്തിന് തുടക്കമാകുന്നതിന് മുന്‍പ് വരെ നിരവധി കണക്കിലെ കളികള്‍ തിരിച്ചടിയായ ഇന്ത്യക്ക് ടോസിലെ നഷ്ടം കൂടി വന്നതോടെ തിരുത്തിയെഴുതേണ്ട ചരിത്രത്തിന്റെ എണ്ണം ഒന്നുകൂടി കൂടി.പക്ഷെ പ്രതാപ കാലത്തെ ഓസ്ട്രേലിയെയൊക്കെ അനുസ്മരിപ്പിക്കും വിധം ഇന്ത്യ മത്സരത്തില്‍ മേല്‍ക്കൈ നേടിയപ്പോള്‍ ചരിത്രങ്ങള്‍ ഒരോന്നായി വഴിമാറുകയായിരുന്നു.ടീം ഇന്ത്യയുടെ വിശ്വകിരീട നേട്ടത്തില്‍ വഴിമാറിയ ചില ചരിത്രങ്ങളും 'അന്ധ'വിശ്വാസങ്ങളും പരിശോധിക്കാം
ആതിഥേയര്‍ ലോകകപ്പ് നേടിയിട്ടില്ല
ടി 20 ലോകകപ്പിന് പത്ത് എഡിഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ഇതുവരെ ആതിഥേയര്‍ കപ്പ് നേടിയ ചരിത്രം ഉണ്ടായിട്ടില്ല.മിക്ക തവണയും ആതിഥേയര്‍ ഫൈനല്‍ പോലും കാണാതെ പുറത്താവാറാണ് പതിവ്.എന്നാല്‍ ഇതിന് വിപരീതമായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ആതിഥേയത്വം വഹിച്ചപ്പോള്‍ ഫൈനലില്‍ എത്തിയിരുന്നെങ്കിലും കപ്പില്‍ മുത്തിമിടാന്‍ സാധിച്ചില്ല.ആ ചരിത്രമാണ് ഇന്നലെ അഹമ്മദാബാദില്‍ സുര്യയും സംഘവും തിരുത്തിയത്.
ഇതിനൊപ്പം തന്നെ ചേര്‍ന്ന് വായിക്കേണ്ടതാണ് ഒരു ടീമും കപ്പ് നിലനിര്‍ത്തിയിട്ടില്ലെന്നതും.ചരിത്രത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും മാത്രമാണ് തുടര്‍ച്ചയായി രണ്ട് തവണ ഫൈനലില്‍ വന്നിട്ടുള്ളത്.ഇതില്‍ പാക്കിസ്ഥാന് ഒരു തവണ ഇന്ത്യയോട് ഫൈനലില്‍ കാലിടറിയപ്പോള്‍ 2024ലും 2026ലും തുടര്‍ച്ചയായി ഫൈനല്‍ കളിച്ച ഇന്ത്യ കിരീടവും സ്വന്തമാക്കി.
നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഐസിസി ടൂര്‍ണ്ണമെന്റ് ചരിത്രം
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഇന്നലെ വരെ ഇന്ത്യയുടെ നെഞ്ചിടിപ്പായിരുന്നു.കാരണം സമീപകാലത്ത് ഐസിസി ടൂര്‍ണ്ണമെന്റുകളില്‍ ഇന്ത്യ തോല്‍വിയറിഞ്ഞ രണ്ട് മത്സരവും ആ സ്റ്റേഡിയത്തിലായിരുന്നു.ടൂര്‍ണമെന്റില്‍ അജയ്യരായി മുന്നേറിയിട്ടും 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റത് ഈ വേദിയിലാണ്.അതില്‍ രണ്ടാമത്തേത് ഈ ലോകകപ്പിന്റെ സൂപ്പര്‍ 8ല്‍ ദക്ഷിണാഫ്രിക്കയോടായിരുന്നു. ദ്വൈരാഷ്ട്ര പരമ്പരയില്‍ ഇന്ത്യക്ക് മികച്ച റെക്കോര്‍ഡുണ്ടായിരുന്നെങ്കിലും ഐസിസി ടൂര്‍ണമെന്റുകളിലെ ചരിത്രം ഇന്ത്യക്ക് തലവേദനയായിരുന്നു.ദൗര്‍ഭാഗ്യത്തിന്റെ ചീത്തപ്പേര് കൂടിയാണ് ഇന്നലെ ഈ സ്റ്റേഡിയം കഴുകിക്കളഞ്ഞത്.
ഞായറാഴ്ച്ചകളിലെ ഫൈനല്‍ തോല്‍വി
സ്റ്റേഡിയത്തിന്റെ ചരിത്രത്തിനൊപ്പം തന്നെ ഇന്ത്യന്‍ ആരാധകരെ വലച്ച മറ്റൊരു ചരിത്രമാണ് ഞായറാഴ്ച്ചകളില്‍ ഇന്ത്യക്ക് ലോകകപ്പ് വിജയങ്ങള്‍ ഉണ്ടായിട്ടില്ലെന്ന ചരിത്രം.ഞായറാഴ്ച്ചകളില്‍ ഐസിസി ടൂര്‍ണ്ണമെന്റ് ഫൈനലുകളിലേ ഇന്ത്യ ജയിച്ചിട്ടില്ലെന്ന ചരിത്രം ടീം തിരുത്തിയത് ഈ ആടുത്ത് ചാമ്പ്യന്‍സ് ട്രോഫി ഫൈലനില്‍ ആയിരുന്നു.എങ്കിലും ലോകകപ്പ് വേദിയിലെ ചരിത്രം ഇന്ത്യയെ വേട്ടയാടി.ഞായറാഴ്ച നടന്ന നാല് ഐസിസി ഫൈനലുകളിലും ഭാഗ്യം ഇന്ത്യയെ തുണച്ചിരുന്നില്ല. 2000ത്തിലെ നോക്കൗട്ട് കപ്പ് (ഇപ്പോഴത്തെ ചാംപ്യന്‍സ് ട്രോഫി) ഫൈനല്‍ മുതല്‍ 2023-ലെ ഏകദിന ലോകപ്പ് ഫൈനല്‍ വരെയുള്ള തോല്‍വികള്‍ ഇന്ത്യന്‍ ടീം ഏറ്റുവാങ്ങിയത് ഞായറാഴ്ചയായിരുന്നു.
ഞായറാഴ്ചത്തെ ഒരു ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യ നേടിയ ഒരേയൊരു വിജയം 2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു.എന്നാല്‍ ഇതിലൊരു ചെറിയ ട്വിസ്റ്റുണ്ട്. മഴ കളിച്ച മത്സരം തിങ്കളാഴ്ച ആയിരുന്നു അവസാനിച്ചത്.ഇതിന് ശേഷം കഴിഞ്ഞ വര്‍ഷം രോഹിത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഒരു ഞായറാഴ്ച്ച ഫൈനല്‍ ജയിക്കുന്നത്.ഇന്ത്യയുടെ പ്രധാനപ്പെട്ട ഐസിസി വിജയങ്ങളെല്ലാം ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലായിരുന്നു. ചരിത്രപരമായ 1983 ലോകകപ്പ് (ശനിയാഴ്ച), 2007 ടി20 ലോകകപ്പ് (തിങ്കള്‍), 2011 ലോകകപ്പ് (ശനിയാഴ്ച), 2002 ചാംപ്യന്‍സ് ട്രോഫി വിജയം (തിങ്കള്‍) എന്നിവയാണിവ.
ഇന്ത്യ തോല്‍വി വഴങ്ങിയ ഫൈനലുകള്‍-2014- ടി20 ലോകകപ്പ് ഫൈനല്‍- ഞായറാഴ്ച,2003 - ഏകദിന ലോകകപ്പ് ഫൈനല്‍ -ഞായറാഴ്ച
2000 - ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ - ഞായറാഴ്ച2017 -ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ -ഞായറാഴ്ച ഈ ഒരു കണക്കിനും ഇന്ത്യ അറുതി വരുത്തി.
ഐസിസി ടൂര്‍ണ്ണമെന്റുകളില്‍ ന്യൂസിലാന്റ് കടമ്പ
ഇന്നലെ ഫൈനലിന് ഇറങ്ങുമ്പോള്‍ ന്യൂസിലാന്റിനെതിരായ ഇന്ത്യയുടെ ചരിത്രവും അത്ര നല്ലതായിരുന്നില്ല. ഇതുവരെ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെ ടി 20 ലോകകപ്പില്‍ തോല്‍പ്പിക്കാനായിരുന്നില്ല.നേരത്തെ മൂന്ന് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്ത്യയുംന്യൂസിലന്‍ണ്ടും ഐ സി സി ഫൈനലില്‍ നാലാം തവണയാണ് ഏറ്റുമുട്ടിയത്. 2000-ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ സ്റ്റെഫന്‍ ഫ്ലെമിംഗ് നയിച്ച ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചു.2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ കെയ്ന്‍ വില്യംസണ്‍ നയിച്ച ന്യൂസിലന്‍ഡ് ഇന്ത്യയെ 8 വിക്കറ്റിന് തോല്‍പ്പിച്ചു. എന്നാല്‍ 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മാ നയിച്ച ഇന്ത്യ ന്യൂസിലന്‍ഡ് 4 വിക്കറ്റിന് തോല്‍പ്പിച്ച് കിരീടം ചൂടി.
ഐസിസി നോക്ക്ഔട്ട് മത്സരങ്ങളില്‍ ഇന്ത്യയും ന്യൂസിലന്‍ഡും 5 മത്സരങ്ങളില്‍ ഏറ്റുമുട്ടി. അതില്‍ രണ്ടില്‍ ഇന്ത്യയും മൂന്നില്‍ ന്യൂസിലന്‍ഡും ജയിച്ചു .
ഫൈനലിലെ ടോസ്
ഫൈനലിന് ഇറങ്ങുന്നതിന് മുന്‍പ് ഇത്രയൊക്കെ ചരിത്രമായിരുന്നു ഇന്ത്യക്ക് പൊളിച്ചെഴുതാനുണ്ടായിരുന്നതെങ്കില്‍ ടോസ് നഷ്ടപ്പെട്ടതോടെ ഒന്ന് കൂടിയായി.ടോസ് ജയികുന്ന ടീമിന്റെ വിജയ ചരിത്രം.പ്രത്യേകിച്ചും അഹമ്മദാബാദ് സ്റ്റേഡിയത്തിലേത്.എന്നാല്‍ ടോസ് ജയിച്ച് ഇന്ത്യയെ ബാറ്റിങ്ങിന് വിട്ട് 2023 എകദിന ലോകകപ്പിന്റെ പുനരാവര്‍ത്തനം പ്രതീക്ഷിച്ച ന്യൂസിലാന്റ് ക്യാപ്റ്റന് സഞ്ജുവിന്റെയും അഭിഷേകിന്റെയും തകര്‍പ്പന്‍ ഒപ്പണിങ്ങിലൂടെ സാക്ഷിയാകേണ്ടി വന്നത് 2003 ലെ ഏകദിന ലോകകപ്പിലെ സൗരവ് ഗാംഗൂലിയുടെ സമാന അവസ്ഥയ്ക്കായിരുന്നു.
ഇങ്ങനെ കളിക്കളത്തിലെ കണക്കിന്റെയും ചില അന്ധവിശ്വാസങ്ങളെയും കൂടി തിരുത്തിയെഴുതിയാണ് ഇന്ത്യ പത്താമത് ടി20 ലോകകപ്പില്‍ മുത്തമിട്ടത്.അതിനാല്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഈ വിജയം നല്‍കുന്ന ഊര്‍ജ്ജം ചെറുതാകില്ല.
