പത്താം വിക്കറ്റില്‍ ബുമ്ര - ആകാശ്ദീപ് സഖ്യത്തിന്റെ 'രക്ഷാപ്രവര്‍ത്തനം'; 39 റണ്‍സിന്റെ പിരിയാത്ത കൂട്ടുകെട്ട്; ബ്രിസ്‌ബെയ്‌നില്‍ ഫോളോ ഓണ്‍ വെല്ലുവിളി മറികടന്ന് ഇന്ത്യ; ബാറ്റിംഗ് തകര്‍ച്ചയിലും മാനംകാത്ത് കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും

രക്ഷകരായി ബുമ്രയും ആകാശ്ദീപും, ഇന്ത്യ ഫോളോ ഓണ്‍ മറികടന്നു

Update: 2024-12-17 08:20 GMT

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ ബ്രിസ്‌ബേന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോ ഓണ്‍ ഭീഷണി മറികടന്ന് ഇന്ത്യ. ഒരുഘട്ടത്തില്‍ ഒന്‍പത് വിക്കറ്റിന് 213 റണ്‍സ് എന്ന നിലയില്‍ പതറിയ ഇന്ത്യയെ പത്താം വിക്കറ്റില്‍ പുറത്താകാതെ 39 റണ്‍സ് കൂട്ടിച്ചേര്‍ത്ത ജസ്പ്രീത് ബുമ്ര-ആകാശ്ദീപ് കൂട്ടുകെട്ടാണ് കരകയറ്റിയത്. അര്‍ധ സെഞ്ചുറിയുമായി ചെറുത്തുനിന്ന കെ എല്‍ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെയും ബാറ്റിംഗ് മികവാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. ഒമ്പതാം വിക്കറ്റായി രവീന്ദ്ര ജഡേജ പുറത്താവുമ്പോള്‍ ഫോളോ ഓണ്‍ മറികട്ടാന്‍ ഇന്ത്യക്ക് 33 റണ്‍സ് വേണമായിരുന്നു.

എന്നാല്‍ ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍മാരെ നാണിപ്പിക്കുന്ന രീതിയില്‍ ചെറുത്തുനിന്ന ബുമ്രയും ആകാശ്ദീപും ചേര്‍ന്ന് ഇന്ത്യയുടെ ഫോളോ ഓണ്‍ ഒഴിവാക്കി. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 445 റണ്‍സിന് മറുപടിയായി നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയിലാണ്. 31 പന്തില്‍ 27 റണ്‍സുമായി ആകാശ് ദീപും 27 പന്തില്‍ 10 റണ്‍സുമായ ജസ്പ്രീത് ബുമ്രയും ക്രീസില്‍. 77 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ ചെറുത്തുില്‍പ്പിനൊപ്പം 84 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ പ്രകടനവും ഇന്ത്യയെ കനത്ത നാണക്കേടില്‍ നിന്നും രക്ഷിച്ചത്. ൃ

നാലാം ദിനം ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമാകേണ്ടതായിരുന്നു. ഓസീസ് നായകന്‍ പാറ്റ് കമിന്‍സിന്റെ ആദ്യ പന്തില്‍ തന്നെ രാഹുല്‍ സ്ലിപ്പില്‍ നല്‍കിയ അനായാസ ക്യാച്ച് സ്മിത്ത് അവിശ്വസനീയമായി നിലത്തിട്ടു. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച രാഹുലിന് പിഴച്ചു. എഡ്ജ് ചെയ്ത പന്ത് പോയത് നേരെ സ്മിത്തിന്റെ കൈകളിലേക്ക്. എന്നാല്‍ കൈക്കുള്ളില്‍ തട്ടി പന്ത് നിലത്തുവീണപ്പോള്‍ രാഹുലിന് പോലും അത് വിശ്വസിക്കാനായില്ല. സ്ലിപ്പില്‍ ഓസീസിന്റെ ഏറ്റവും വിശ്വസ്തനായ സ്മിത്ത് അത്രയും അനായാസമായൊരു ക്യാച്ച് കൈവിടുമെന്ന്. ആ സമയം രാഹുല്‍ വീണിരുന്നെങ്കില്‍ ഒരുപക്ഷെ ഇന്ത്യ 100 പോലും കടക്കാതെ പുറത്താകുമായിരുന്നു.

പിന്നീട് പിഴവുകളേതുമില്ലാതെ ബാറ്റ് ചെയ്ത രാഹുല്‍ 84 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ സ്‌കോര്‍ 74ല്‍ നില്‍ക്കെ വീണിട്ടും രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് പൊരുതിയ രാഹുല്‍ അര്‍ഹിച്ച സെഞ്ചുറിയിലേക്ക് മുന്നേറവെ ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് സ്പിന്നര്‍ നേഥന്‍ ലിയോണിനെ പന്തേല്‍പ്പിച്ചു. ലിയോണിന് സ്പിന്നൊന്നും ലഭിച്ചില്ലെങ്കിലും രാഹുലിന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്താനായി.

84 റണ്‍സെടുത്തിരുന്ന രാഹുല്‍ ലിയോണിനെ കട്ട് ചെയ്യാനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ സ്മിത്തിന്റെ അനായാസ ക്യാച്ചില്‍ പുറത്തായി. രാഹുല്‍ കട്ട് ചെയ്ത പന്ത് തേര്‍ഡ് മാനിലേക്ക് പോകുമെന്ന് കരുതിയിരിക്കെ സ്ലിപ്പില്‍ നിന്ന് സ്മിത്ത് ഒറ്റക്കൈയില്‍ പറന്നു പിടിക്കുകയായിരുന്നു. 139 പന്തില്‍ എട്ട് ബൗണ്ടറികള്‍ സഹിതമാണ് രാഹുല്‍ 84 റണ്‍സടിച്ചത്.

രാഹുല്‍ പുറത്തായശേഷം ആദ്യം നിതീഷ് റെഡ്ഡിക്കൊപ്പവും(16) പിന്നീട് വാലറ്റക്കാരെ കൂട്ടുപിടിച്ചും ഒറ്റക്ക് പൊരുതിയ ജഡേജ ഇന്ത്യയെ ഫോളോ ഓണില്‍ നിന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും പാറ്റ് കമിന്‍സിന്റെ ബൗണ്‍സറില്‍ മിച്ചല്‍ മാര്‍ഷിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ ജഡേജ മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷ മങ്ങി.

ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജ നിതീഷ് റെഡ്ഡി സഖ്യം ഇന്ത്യയ്ക്കായി അര്‍ധസെഞ്ചറി കൂട്ടുകെട്ടു തീര്‍ത്തു. 53 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ എത്തിച്ചത്. 61 പന്തില്‍ ഒരു ഫോര്‍ സഹിതം 16 റണ്‍സെടുത്ത് ജഡേജയ്ക്കൊപ്പം ഇന്ത്യയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച നിതീഷ് റെഡ്ഡിയെ, പാറ്റ് കമിന്‍സ് ബൗള്‍ഡാക്കി. പിന്നാലെ മുഹമ്മദ് സിറാജിനെ അലക്‌സ് കാരിയുടെ കൈകളിലെത്തിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നാമത്തെ വിക്കറ്റ് പോക്കറ്റിലാക്കി.

എന്നാല്‍ അവിശ്വസനീയമായി ചെറുത്തുനിന്ന ബുമ്ര-ആകാശ്ജീപ് സഖ്യം ഇന്ത്യക്ക് സമനില പ്രതീക്ഷ സമ്മാനിച്ചു. ഒരു ദിവസത്തെ കളി ശേഷിക്കെ ഇന്ത്യയെ അതിവേഗം പുറത്താക്കാനാകു ഓസിസ് ശ്രമിക്കുക. എന്നാല്‍ പരമാവധി ഓസിസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് കുറയ്്ക്കാനാകും ഇന്ത്യ ശ്രമിക്കുക. ഓസീസിനായി പാറ്റ് കമിന്‍സ് നാലും മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും വിക്കറ്റെടുത്തു.

നേരത്തെ, രസംകൊല്ലിയായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട മഴ മൂന്നാം ദിനം അഞ്ചാം തവണയും തടസം സൃഷ്ടിച്ച് പെയ്തതോടെ, അംപയര്‍മാര്‍ കളി അവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യ 17 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴ അഞ്ചാം തവണയും കളി മുടക്കിയത്. ഇതിനു പിന്നാലെ വെളിച്ചക്കുറവും പ്രശ്‌നം സൃഷ്ടിച്ചതോടെ, മൂന്നാം ദിനത്തിലെ കളി അവസാനിപ്പിക്കാന്‍ അംപയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ത്തന്നെ 'സ്ഥിരം എതിരാളി' മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ബൗണ്ടറിയുമായി തുടങ്ങിയ യശസ്വി ജയ്‌സ്വാള്‍, തൊട്ടടുത്ത പന്തില്‍ പുറത്താകുന്ന കാഴ്ചയോടെയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് തുടക്കമായത്. ഷോര്‍ട്ട് മിഡ്വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷ് ക്യാച്ചെടുത്തു. തുടര്‍ന്നെത്തിയ ശുഭ്മന്‍ ഗില്ലിന് ആയുസ് മൂന്നു പന്തു മാത്രം. സ്റ്റാര്‍ക്കിന്റെ രണ്ടാം ഓവറില്‍ ഗള്ളിയില്‍ മിച്ചല്‍ മാര്‍ഷിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ ആ ഇന്നിങ്‌സും അവസാനിച്ചു.

ഒരു വശത്തെ വിക്കറ്റ് വീഴ്ച വകവയ്ക്കാതെ സ്വതസിദ്ധമായി കളിച്ചു മുന്നേറിയ കെ.എല്‍. രാഹുലിനൊപ്പം വിരാട് കോലിയും ചേര്‍ന്നതോടെ ഇന്ത്യ തകര്‍ച്ചയില്‍നിന്ന് കരകയറുമെന്ന പ്രതീതി ഉയര്‍ന്നു. ഏതാനും ഓവറുകള്‍ ഇരുവരും സ്റ്റാര്‍ക്ക് ഹെയ്‌സല്‍വുഡ് പേസ് ദ്വയത്തെ പ്രതിരോധിക്കുകയും ചെയ്തു. ഇടയ്ക്ക് ഹെയ്‌സല്‍വുഡിനെതിരെ ഇരട്ട ബൗണ്ടറിയുമായി രാഹുല്‍ കരുത്തുകാട്ടി. എന്നാല്‍ അടുത്ത വരവില്‍ കോലിയെ മടക്കി ഹെയ്‌സല്‍വുഡ് തിരിച്ചടിച്ചു. വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോള്‍ കോലിയുടെ സമ്പാദ്യം 16 പന്തില്‍ മൂന്നു റണ്‍സ് മാത്രം. മഴയുടെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തി അധികം വൈകാതെ പന്തും പുറത്തായി. 12 പന്തില്‍ ഒന്‍പതു റണ്‍സെടുത്ത പന്തിനെ പാറ്റ് കമിന്‍സിന്റെ പന്തില്‍ അലക്‌സ് കാരി ക്യാച്ചെടുത്ത് മടക്കി.

Tags:    

Similar News