വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പ്; ജയിച്ചാൽ സെമി സാധ്യതകൾ നിലനിർത്താം; മരണപോരാട്ടത്തിനൊരുങ്ങി വെസ്റ്റ് ഇൻഡീസ്; എതിരാളികൾ ബംഗ്ളാദേശ്

Update: 2024-10-10 12:24 GMT

ദുബായി: വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ബി ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസ്, ബംഗ്ളാദേശിനെ നേരിടും. സെമി സാധ്യതകൾ നിലനിർത്തുന്നതിനായുള്ള ഇരു ടീമുകളുടെയും പോരാട്ടത്തിന് വാശിയേറും. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാത്രി 7നാണ് മല്സരം ആരംഭിക്കുക.

ടൂർണമെന്റിൽ വിജയത്തോടെയായിരുന്നു ബംഗ്ലാദേശ് തുടക്കമിട്ടത്. സ്കോട്ലാൻഡിനെ ആദ്യ മത്സരത്തിൽ നേടിയ വിജയം നൽകിയ ആത്മവിശ്വാസത്തോടെ രണ്ടാം മല്സരത്തിനിറങ്ങിയ ബംഗ്ളാദേശിന്‌ ശക്തരായ ഇംഗ്ലണ്ടിന് മുന്നിൽ അടിപതറി. അതേസമയം, ഈ ലോകകപ്പിൽ ഇതുവരെ മികച്ച പ്രകടനം കാഴ്ച വെക്കാൻ വെസ്റ്റ് ഇൻഡീസിനായിട്ടില്ല.

ആദ്യ മത്സരം സൗത്ത് ആഫ്രിക്കയോട് വമ്പൻ മാർജിനിൽ തോറ്റ കരീബിയൻ പട തങ്ങളുടെ ദുർബലത എടുത്ത് കാട്ടുക കൂടിയാണ് ചെയ്തത്. എന്നാൽ അടുത്ത മത്സരത്തിൽ സ്കോട്ലൻഡിനോട് നേടിയ ജയം നേരിയ ആത്മവിശ്വാസം നല്കുന്നുണ്ടാവും.

ഇരു ടീമുകളും മൂന്നാം മല്സരത്തിനായാണ് ഇന്നിറങ്ങുക. രണ്ട് കളികളിൽ നിന്നായി ഒരു ജയവും ഒരു പരാജവുമായി 2 പോയിന്റുകളാണ് നേടാനായത്. എന്നാലും നെറ്റ് റൺ റേറ്റിന്റെ സഹായത്തോടെ വെസ്റ്റ് ഇൻഡീസ് വനിതകൾക്കാണ് മുൻ‌തൂക്കം. പോയിന്റ് പട്ടികയിൽ ബി ഗ്രൂപ്പിൽ വെസ്റ്റ് ഇൻഡീസ് മൂന്നും ബംഗ്ളാദേശ് നാലും സ്ഥാനത്താണുള്ളത്.

ഇന്ന് വലിയ മാർജിനിൽ ജയിക്കുകയാണെങ്കിൽ വെസ്റ്റ് ഇൻഡീസ് വനിതകൾക്ക് ഒന്നാം സ്ഥാനം വരെ എത്താനായേക്കും. അതേസമയം ഇന്ന് ജയിക്കാനായാൽ ബംഗ്ളാദേശിന്‌ മൂന്നാം സ്ഥാനത്തേക്ക് എത്താനാവും.

ഷാർജയിൽ നടക്കുന്ന ടൂർണമെൻ്റിലെ വെസ്റ്റ് ഇൻഡീസിൻ്റെ ആദ്യ മത്സരമാണിത്. എന്നാൽ കണക്കുകളിൽ മുൻ‌തൂക്കം വെസ്റ്റ് ഇൻഡീസിനാണ്. ടി 20 മത്സരങ്ങളിൽ ഇരു ടീമുകളും മൂന്ന് തവണ ഏറ്റുമുട്ടിയപ്പോൾ മൂന്ന് ജയവും അവർക്കൊപ്പമായിരുന്നു. അതേസമയം, ഈ മത്സരത്തിൽ ബംഗ്ലാദേശ് തോറ്റാൽ, അവരുടെ നെഗറ്റീവ് നെറ്റ് റൺ റേറ്റിനെ കണക്കിലെടുത്ത് സെമി ഫൈനലിലേക്ക് യോഗ്യത നേടാനുള്ള അവരുടെ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാകും. 

Tags:    

Similar News