പ്രീമിയർ ലീഗ് മല്സരത്തിനിടെ താരത്തിന് നേരെ മോശം ആംഗ്യം; ബേൺമൗത്തിന്റെ അന്റോയിൻ സെമെന്യോയെ വംശീയമായി അധിക്ഷേപിച്ച ആരാധകന് വിലക്ക്
ലിവർപൂൾ: ഇംഗ്ളീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിനിടെ ബേൺമൗത്ത് താരം അന്റോയിൻ സെമെന്യോയെ വംശീയമായി അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ 47-കാരന് സ്റ്റേഡിയങ്ങളിൽ വിലക്കേർപ്പെടുത്തി. യുകെയിലെ ഒരു അംഗീകൃത ഫുട്ബോൾ മത്സരത്തിലും ഇയാൾക്ക് പ്രവേശിക്കാനാവില്ലെന്ന് മെർസിസൈഡ് പോലീസ് അറിയിച്ചു.
ലിവർപൂളും ബേൺമൗത്തും തമ്മിൽ നടന്ന പ്രീമിയർ ലീഗ് സീസണിലെ ഉദ്ഘാടന മത്സരത്തിനിടെയായിരുന്നു സംഭവം. പന്തെടുക്കാൻ പോയ ഘാന താരമായ സെമെന്യോയെ ഒരു ആരാധകൻ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കളി പുനരാരംഭിക്കുന്നതിന് തൊട്ടുമുൻപ് ഇയാൾ താരത്തിന് നേരെ ആക്രോശിക്കുകയും വിരൽ ചൂണ്ടുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമായിരുന്നു.
സംഭവത്തിൽ സെമെന്യോക്ക് നേരെ വംശീയാധിക്ഷേപം നടന്നതായി റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് ഒരാളെ അറസ്റ്റ് ചെയ്തതായി ശനിയാഴ്ച പോലീസ് അറിയിച്ചു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. യുകെയിലെ ഒരു അംഗീകൃത ഫുട്ബോൾ മത്സരത്തിലും പങ്കെടുക്കരുത്, സ്റ്റേഡിയങ്ങളുടെ ഒരു മൈൽ ചുറ്റളവിൽ പ്രവേശിക്കരുത് എന്നിവയുൾപ്പെടെ കർശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ക്ലബ്ബുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.
'ഒരാളുടെ വാക്കുകൾ കൊണ്ടല്ല, മറിച്ച് ഫുട്ബോൾ ലോകം ഒന്നടങ്കം ഒരുമിച്ച് നിന്നതുകൊണ്ട് ഈ രാത്രി താൻ എന്നും ഓർക്കും' എന്ന് സംഭവത്തിന് ശേഷം 25-കാരനായ സെമെന്യോ എക്സിൽ കുറിച്ചു. ബേൺമൗത്തിലെ സഹതാരങ്ങൾക്കും ലിവർപൂൾ കളിക്കാർക്കും മാച്ച് ഒഫീഷ്യൽസിനും അദ്ദേഹം നന്ദി പറഞ്ഞു. മത്സരത്തിൽ ബേൺമൗത്ത് രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെട്ടെങ്കിലും, ടീമിന്റെ രണ്ട് ഗോളുകളും നേടിയത് സെമെന്യോ ആയിരുന്നു. 'ആ രണ്ട് ഗോളുകൾ നേടിയപ്പോൾ കളിക്കളത്തിൽ പ്രാധാന്യമുള്ള ഒരേയൊരു ഭാഷയിൽ സംസാരിച്ചതുപോലെ തോന്നി,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.