റയൽ മാഡ്രിനൊപ്പമുള്ള 13 വർഷത്തെ കരിയറിന് വിരാമമിട്ട് ലൂക്ക മോഡ്രിച്ച്; ഒരു വർഷത്തേക്ക് എ.സി മിലാനുമായി കരാറൊപ്പിട്ട് ക്രൊയേഷ്യൻ മിഡ്ഫീൽഡർ; ലൂക്കയെ പരിഗണിക്കുന്നത് ഒരു കളിക്കാരനായി മാത്രമല്ല പുതുതലമുറയുടെ ഉപദേഷ്ടാവായി കൂടിയെന്ന് പരിശീലകൻ

Update: 2025-07-15 10:55 GMT

മിലാന്‍: ഇറ്റാലിയൻ ക്ലബ്ബായ എ.സി മിലാനിലേക്ക് ചേക്കേറി ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ച്. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിനൊപ്പം 13 വർഷത്തെ കളിജീവിതം അവസാനിപ്പിച്ചാണ്‌ 39കാരനായ മോഡ്രിച്ച് മിലാനിലെത്തുന്നത്. 2026 ജൂൺ വരെ, ഒരു വർഷത്തേക്കാണ് കരാർ. സ്‌പെയ്‌നിൽ നിന്ന്‌ ഫ്രീ ഏജന്റായാണ്‌ താരത്തിന്റെ ഇറ്റലിയിലേക്കുള്ള കൂടുമാറ്റം. യു.എസിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിനുശേഷം റയൽ മഡ്രിഡ് വിടുമെന്ന് താരം കഴിഞ്ഞ മേയിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. ആഗസ്‌തിലായിരിക്കും താരം മിലാനിൽ എത്തുന്നത്‌.

2012ൽ ടോട്ടൻഹാമിൽ നിന്ന്‌ റയൽ മാഡ്രിഡിലെത്തിയ മോഡ്രിച്ച്‌ ക്ലബ്ബിന്‌ വേണ്ടി ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയ താരങ്ങളിലൊരാളായാണ്‌ പടിയിറങ്ങുന്നത്‌. 597 തവണ ക്ലബ്ബിന്റെ കുപ്പായമിട്ട മോഡ്രിച്ച് ആറ്‌ ചാമ്പ്യൻസ്‌ ലീഗുൾപ്പെടെ 28 ട്രോഫികളാണ്‌ മാഡ്രിനോടൊപ്പം നേടിയത്‌. 2018ൽ മികച്ച താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്‌കാരവും മോഡ്രിച്ച്‌ നേടി. കരിയറിലെ പുതിയ പതിപ്പിന് തുടക്കമിടുന്നതിന്‍റെ ഭാഗമായി എ.സി മിലാനിൽ എത്താനായതിൽ അതിയായ സന്തോഷമുണ്ടെന്ന് മോഡ്രിച് വീഡിയോ സന്ദേശത്തിൽ പ്രതികരിച്ചു. എല്ലാവർക്കും ഒരു വലിയ ആലിംഗനം നേരുന്നുവെന്നും താരം പറഞ്ഞു.

ഫിഫ ക്ലബ് ലോകകപ്പ് സെമി ഫൈനലിൽ പി.എസ്.ജിക്കെതിരെയാണ് താരം റയലിനായി അവസാനമായി കളിക്കാനിറങ്ങിയത്. നാല് ലാ ലിഗ, രണ്ട് സ്പാനിഷ് കപ്പ്, അഞ്ച് സ്പാനിഷ് സൂപ്പര്‍ കപ്പ്, ആറ് ചാമ്പ്യന്‍സ് ലീഗ്, അഞ്ച് യുവേഫ സൂപ്പര്‍ കപ്പ്, അഞ്ച് ക്ലബ് ലോകകപ്പ്, ഒരു ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് കിരീടങ്ങള്‍ മോഡ്രിച് റയലിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. മോഡ്രിച്ചിന്‍റെ വരവ് മിലാന്‍ പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. അല്ലെഗ്രി മോഡ്രിച്ചിനെ ഒരു കളിക്കാരൻ എന്ന നിലയിൽ മാത്രമല്ല പരിഗണിക്കുന്നത്, മറിച്ച് മിലാനിലേക്ക് വരുന്ന പുതുതലമുറ കളിക്കാർക്കുള്ള ഒരു ഉപദേഷ്ടാവായും മോഡ്രിച്ച് ഉണ്ടാവുമെന്നാണ് പരിശീലകന്റെ കണക്ക് കൂട്ടൽ.

Tags:    

Similar News