ഇന്ത്യൻ സൂപ്പർ ലീഗ്; കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്കെതിരായ അതിക്രമം; മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബിനെതിരെ നടപടി; ഒരു ലക്ഷം രൂപ പിഴ ചുമത്തി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ
ദില്ലി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്കെതിരായ അതിക്രമത്തിൽ, കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിനെതിരെ നടപടിയുമായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എഐഎഫ്എഫ്). മുഹമ്മദന്‍സിന് കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴ ചുമത്താനും, താക്കീത് നൽകാനും അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷൻ അച്ചടക്ക സമിതിയിൽ തീരുമാനമായി.
സംഭവത്തിൽ വിശദീകരണം നൽകാൻ ക്ലബ്ബിന് നാലു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. മുഹമ്മദസിനെതിനെ ഇപ്പോൾ നൽകിയിരിക്കുന്ന ഒരു ലക്ഷം രൂപ പിഴ ആരാധകരുടെ മോശം പെരുമാറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ്. എന്നാൽ ക്ലബ്ബിനെതിരെ കൂടുതൽ നടപടി ഉണ്ടാകാനും സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ക്ലബ്ബിന്‍റെ വിശദീകരണം പരിശോധിച്ചശേഷം തീരുമാനിക്കുമെന്ന് എഐഎഫ്എഫ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
ഞായറാഴ്ചത്തെ നടന്ന മത്സരത്തിനിടെയാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. 66 മിനിറ്റുകൾ വരെ ഒരു ഗോളിന് മുന്നിൽ നിന്ന ശേഷം മുഹമ്മദൻ 2-1 എന്ന നിലയിൽ മത്സരം പരാജയപ്പെടുകയായിരുന്നു. മുഹമ്മദസിന് അനുകൂലമായി പെനാൽറ്റി നിഷേധിച്ചത് മുതൽ കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ആരാധകർ നിരാശയിലായിരുന്നു. തുടർന്ന് ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോൾ നേടി മുന്നിലെത്തിയപ്പോഴാണ്, മുഹമ്മദൻസ് ആരാധകർ ചെരുപ്പും മൂത്രം നിറച്ച കുപ്പികളും ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ നേർക്ക് എറിഞ്ഞത്.
ഇതോടെ റഫറി മത്സരം കുറച്ചുനേരത്തേക്ക് നിര്‍ത്തിവെച്ചു. ഒടുവില്‍ പോലീസെത്തി മുഹമ്മദന്‍സ് ആരാധകരെ ശാന്തരാക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. സീസണിലെ ആദ്യ എവേ ജയമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ഞായറാഴ്ച്ച സ്വന്തമാക്കിയത്. മത്സരശേഷം പോലീസ് സംരക്ഷണത്തിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ പുറത്തെത്തിച്ചത്.