ആക്രമണ നിര ശക്തിപ്പെടുത്താൻ ബെംഗളൂരു എഫ്.സി; ഐഎസ്എൽ ചാമ്പ്യന്മാരിൽ നിന്നും മലയാളി താരം ആഷിഖ് കുരുണിയനെ റാഞ്ചി നീലപ്പട; പഴയ തട്ടകത്തിലേക്കെത്തുന്നത് 3 വർഷത്തെ കരാറിൽ
ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ വരാനിരിക്കുന്ന സീസണ് മുന്നോടിയായി മലയാളി താരം ആഷിഖ് കുരുണിയനെ കൂടാരത്തിലെത്തിച്ച് ബെംഗളൂരു എഫ്.സി. ഇതോടെ മൂന്ന് വർഷങ്ങൾക്ക് ശേഷം തന്റെ പഴയ തട്ടകത്തിലേക്കെത്തുകയാണ് ആഷിഖ്. ഫ്രീ ഏജന്റായിട്ടാണ് താരം ടീമിലെത്തിയത്. മറ്റ് പല ക്ലബുകളും താരത്തെ സ്വന്തമാക്കാൻ തയ്യാറായിരുന്നെങ്കിലും ആഷിഖ് ബെംഗളൂരു തിരഞ്ഞെടുക്കുകയായിരുന്നു. ഐഎസ്എൽ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്സിന്റ്സിൽ നിന്നാണ് താരം ബെംഗളൂരുവിലെത്തുന്നത്.
2019-2022 സീസൺ വരെയായിരുന്നു ആഷിഖ് കുരുണിയന് ഇതിന് മുൻപ് ബംഗളുരുവിന് വേണ്ടി കളിച്ചത്. ബെംഗളൂരു എഫ്.സിയ്ക്കായി 33 മത്സരങ്ങളിൽ നിന്നും രണ്ട് ഗോളുകൾ താരം സ്വന്തംമാക്കിയിട്ടുണ്ട്. പിന്നീട് മോഹൻ ബഗാൻ ജയന്റ്സിലേക്ക് ചേക്കേറി മികച്ച പ്രകടനം കാഴ്ച വെച്ചു. 2022 ലും 2025 ലും ഐ.എസ്.എൽ കിരീടം ചൂടിയ മോഹൻ ബഗാന്റെ പകരം വെക്കാനില്ലാത്ത താരമായിരുന്നു ആഷിഖ്. ഇപ്പോൾ മൂന്ന് വർഷത്തേക്കാണ് ബെംഗളൂരു എഫ്.സിയുമായുള്ള പുതിയ കരാർ.
2017-ൽ എഫ്സി പൂനെ സിറ്റിയിലായിരുന്നു ആഷിഖിന്റെ ഐഎസ്എൽ അരങ്ങേറ്റം. മലപ്പുറം പാണക്കാട് പട്ടർക്കടവ് സ്വദേശിയായ ഈ 28 കാരൻ നിലവിൽ ഇന്ത്യൻ ഇന്റർനാഷണൽ ടീമിലെ സ്ഥിര സാന്നിധ്യം കൂടിയാണ്. വിങറിന് പുറമെ ലെഫ്റ്റ് ബാക്ക് പൊസിഷനിലും കളിക്കാൻ കെൽപ്പുള്ള താരമാണ് ആഷിഖ്. മികച്ച വേഗതയും, ഡ്രിബ്ലിങ് സ്കില്ലുകളുമാണ് താരത്തിന്റെ കരുത്ത്. ആഷിഖ് എത്തുന്നതോടെ ബംഗളൂരുവിലെ ആക്രമണ നിര കൂടുതൽ ശക്തമാകുമെന്നാണ് വിദഗ്ധരുടെ കണക്ക് കൂട്ടൽ.