ഒടുവില്‍ ഡേവിഡ് ബെക്കാമും സര്‍ പദവിയിലേക്ക്; സ്ഥാനലബ്ധിയില്‍ അഭിനന്ദനം അറിയിച്ച് ചാള്‍സ് രാജാവും
ഒടുവില്‍ ഡേവിഡ് ബെക്കാമും സര്‍ പദവിയിലേക്ക്; സ്ഥാനലബ്ധിയില്‍ അഭിനന്ദനം അറിയിച്ച് ചാള്‍സ് രാജാവും
ലണ്ടന്‍: ഒടുവില്‍ പ്രമുഖ ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിനും സര്‍ പദവി കൊടുക്കാന്‍ തീരുമാനിച്ച് ബ്രിട്ടന്‍. നിരവധി വര്‍ഷങ്ങളായി ഇക്കാര്യം അവഗണിക്കപ്പെട്ട അവസ്ഥയിലാണെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്. കിംഗ്‌സ് ബര്‍ത്ത്‌ഡേ ഓണേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് അദ്ദേഹത്തിന് നൈറ്റ്ഹുഡ് നല്‍കുന്നത്. ഈയിടെയാണ് ബെക്കാം തന്റെ അമ്പതാം പിറന്നാള്‍ ആഘോഷിച്ചത്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാമിനെ സംബന്ധിച്ച് ഇത് അസുലഭമായ ഒരു ബഹുമതിയാണ്. ദി സണ്‍ പത്രമാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.
അദ്ദേഹത്തിന്റെ ഭാര്യയും മുന്‍ സ്പൈസ് ഗേളുമായ വിക്ടോറിയ ബെക്കാം ലേഡി ബെക്കാം എന്നറിയപ്പെടും. കഴിഞ്ഞ മാസം ലണ്ടനില്‍ നടന്ന ആര്‍എച്ച്എസ് ചെല്‍സി ഫ്‌ളവര്‍ ഷോയില്‍ പങ്കെടുക്കാനെത്തിയ ബെക്കാം അവിടെ ഉണ്ടായിരുന്ന ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പൂന്തോട്ട പരിപാലനം രണ്ടു പേര്‍ക്കും ഏറെ താല്‍പ്പര്യമുള്ള മേഖലയാണ്. ചാള്‍സ് രാജാവ് ബെക്കാമിനെ പുതിയ സ്ഥാനലബ്ധിയില്‍ അഭിനന്ദിച്ചതായിട്ടാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
ബെക്കാമിന്റെ അമ്പതാം പിറന്നാളിന് ചാള്‍സ് രാജാവ് ആശംസാ സന്ദേശം അയച്ചിരുന്നു. തികഞ്ഞ രാജഭക്തനായ ബെക്കാം വളരെ കാലമായി തനിക്കും സര്‍ പദവി ലഭിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. 2017ല്‍ തനിക്ക് ഇനിയും ഈ പദവി ലഭിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ട് ബെക്കാം അയച്ച ഒരു ഇ മെയിലിലെ പല പരാമര്‍ശങ്ങളും സഭ്യമല്ലായിരുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു.