യൂറോപ്പ്യൻ ക്ലബ് ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കം; പ്രീമിയര്‍ ലീഗിനും ലാ ലിഗയ്ക്കും ഫ്രഞ്ച് ലീഗിനും ഇന്ന് കിക്കോഫ്; പുതിയ സീസൺ ആഘോഷമാക്കാൻ ആരാധകർ
ലണ്ടൻ: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് യൂറോപ്പിലെ ക്ലബ് ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കം. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാ ലിഗ, ഫ്രഞ്ച് ലീഗ് വൺ എന്നിവയുടെ പുതിയ സീസണിലെ ആദ്യ വിസിൽ വെള്ളിയാഴ്ച മുഴങ്ങും. വമ്പൻ ക്ലബ്ബുകൾ പുതിയ താരങ്ങളുമായി കിരീടപ്പോരാട്ടത്തിന് ഇറങ്ങുമ്പോൾ ആവേശകരമായ മത്സരങ്ങൾക്കാണ് യൂറോപ്പ് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ, ബേൺമൗത്തിനെ നേരിടും. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ ഇന്ത്യൻ സമയം രാത്രി 12.30-നാണ് മത്സരം. മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ശനിയാഴ്ച വോൾവ്സിനെതിരെ കളത്തിലിറങ്ങും. ഞായറാഴ്ച നടക്കുന്ന പ്രധാന മത്സരങ്ങളിൽ ചെൽസി ക്രിസ്റ്റൽ പാലസിനെയും, മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സനലിനെയും നേരിടും.
കഴിഞ്ഞ സീസണിലെ കിരീടനേട്ടം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ആർനെ സ്ലോട്ടിന്റെ കീഴിലിറങ്ങുന്ന ലിവർപൂൾ. അതേസമയം, കൈവിട്ട കിരീടം തിരിച്ചുപിടിക്കാൻ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയും, കിരീടവരൾച്ച അവസാനിപ്പിക്കാൻ മൈക്കിൾ അർട്ടേറ്റയുടെ ആഴ്സനലും ഒരുങ്ങിക്കഴിഞ്ഞു. യുവനിരയുടെ കരുത്തിലാണ് ചെൽസി പ്രതീക്ഷയർപ്പിക്കുന്നത്. ക്ലബ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നായ 15-ാം സ്ഥാനത്തുനിന്ന് കരകയറാനാണ് റൂബൻ അമോറിമിന്റെ നേതൃത്വത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നത്.
സ്പാനിഷ് ലാ ലിഗയിൽ വെള്ളിയാഴ്ച രാത്രി ജിറോണയും റയോ വല്ലേക്കാനോയും തമ്മിലാണ് ആദ്യ മത്സരം. കിരീട സാധ്യതയിൽ ഇത്തവണയും റയൽ മഡ്രിഡും ബാഴ്സലോണയുമാണ് മുന്നിൽ. നിലവിലെ ജേതാക്കളായ ബാഴ്സലോണ ശനിയാഴ്ച മയ്യോർക്കയെയും, റയൽ മഡ്രിഡ് ചൊവ്വാഴ്ച ഒസാസുനയെയും നേരിടും. ഫ്രഞ്ച് ലീഗ് വണ്ണിൽ റെന്നസും ഒളിമ്പിക് മാഴ്സെയും തമ്മിലാണ് ആദ്യ പോരാട്ടം. ലീഗിലെയും ചാമ്പ്യൻസ് ലീഗിലെയും നിലവിലെ ജേതാക്കളായ പി.എസ്.ജി ഞായറാഴ്ച നാന്റസിനെതിരെ ഇറങ്ങും. പുതിയ താരങ്ങളും തന്ത്രങ്ങളുമായി വമ്പൻ ക്ലബ്ബുകൾ കളത്തിലിറങ്ങുമ്പോൾ ളികമേപ്പാടുമുള്ള ഫുട്ബോൾ ആരാധകർ ആവേശത്തിലാണ്.