ഗോകുലത്തിന്റെ 'സമനില' തെറ്റിച്ച് ഡെമ്പോയുടെ നാലാംഗോള്‍; അവസാന മത്സരത്തില്‍ ഹോം ഗ്രൗണ്ടില്‍ തോല്‍വി; ഐ എസ് എല്‍ പ്രതീക്ഷ കൈവിട്ടു; നാടകീയമായ ക്ലൈമാക്സിലേക്ക് ഐ ലീഗ്; ചര്‍ച്ചില്‍ മുന്നില്‍; ജേതാക്കളെ അപ്പീല്‍ഫലം തീരുമാനിക്കും
ഗോകുലം കേരള അടുത്ത സീസണില്‍ ഐഎസ്എലിനില്ല
കോഴിക്കോട്: ഐഎസ്എല്‍ പ്രവേശനത്തിനായി ഗോകുലം കേരള എഫ്‌സി ഇനിയും കാത്തിരിക്കണം. ഐ ലീഗ് ഫുട്‌ബോളില്‍ കിരീടം നേടി ഐഎസ്എല്ലില്‍ എത്താമെന്ന ഗോകുലത്തിന്റെ മോഹം അവസാന മത്സരത്തില്‍ ഡെംപോ ഗോവയ്ക്ക് മുന്നില്‍ പൊലിഞ്ഞു. മൂന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ തോല്‍വി. 11 മിനിറ്റിനിടെ തന്നെ രണ്ടുഗോളുകള്‍ നേടി ഗോകുലം മുന്നിലെത്തിയിരുന്നെങ്കിലും ഡെംപോ മത്സരത്തിലേക്ക് തിരിച്ചുവന്നു. 3-3 എന്ന നിലയില്‍ മത്സരം സമനിലയില്‍ അവസാനിക്കാനിരിക്കേയാണ് ഡെമ്പോയുടെ നാലാംഗോള്‍ ഗോള്‍പിറന്നത്. അതോടെ ഗോകുലത്തിന്റെ കിരീടപ്രതീക്ഷ അവസാനിച്ചു.
കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഡെംപോ ഗോവയോട് തോറ്റതോടെ, കിരീടം ചൂടാനുള്ള അവസരം പടിവാതില്‍ക്കല്‍ നഷ്ടമായി. ഗോള്‍മഴ പെയ്ത മത്സരത്തില്‍ 4 - 3നാണ് ഡെംപോ ഗോവയുടെ വിജയം. താബിസോ ബ്രൗണ്‍ ഹാട്രിക് നേടിയ മത്സരത്തിലാണ് ഗോകുലം തോല്‍വി വഴങ്ങിയത്. മഷൂര്‍ ഷരീഫ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് ഗോകുലം മത്സരം പൂര്‍ത്തിയാക്കിയത്.
അവസാന മത്സരത്തില്‍ റിയല്‍ കശ്മീരുമായി സമനില പിടിച്ച ചര്‍ച്ചില്‍ ബ്രദേഴ്‌സാണ് പോയിന്റ് പട്ടികയില്‍ ഔദ്യോഗികമായി ഒന്നാമത്. ഇന്നു നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ എഫ്‌സിയെ തോല്‍പിച്ച ഇന്റര്‍ കാശി 39 പോയിന്റുമായി രണ്ടാം സ്ഥാനത്താണെങ്കിലും, അവരുടെ ഒരു മത്സരഫലം അപ്പീല്‍ കമ്മിറ്റിക്കു മുന്നിലായതിനാല്‍, അതിന്റെ വിധി കൂടി വന്നശേഷമേ ചാംപ്യന്‍മാരുടെ കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകൂ എന്നാണ് സൂചന.
ഇന്ന് രാജസ്ഥാനെതിരെ മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം പി.പ്രശാന്ത് (12), ഡേവിഡ് ബോലോ (90+3), മത്തീജ ബാബോവിച്ച് (90+7) എന്നിവരാണ് ഇന്റര്‍ കാശിക്കായി ലക്ഷ്യം കണ്ടത്. 22 മത്സരങ്ങളില്‍ നിന്ന് 40 പോയന്റുമായി ചര്‍ച്ചിലാണ് പട്ടികയില്‍ ഒന്നാമത്. ഇന്റര്‍ കാശി 39 പോയന്റുകളുമായി രണ്ടാമതാണ്. റിയല്‍ കശ്മിര്‍ മൂന്നാമതും ഗോകുലം നാലാമതുമാണ്. പട്ടികയില്‍ മുന്നിലാണെങ്കിലും ചര്‍ച്ചിലിന് കിരീടം ഉറപ്പായില്ല. നാംധാരിക്കെതിരായ മത്സരത്തിലെ അപ്പീല്‍ഫലം നിര്‍ണായകമാണ്.
നാംധാരിക്കെതിരായ മത്സരത്തില്‍ ഇന്റര്‍ കാശി തോറ്റിരുന്നു. എന്നാല്‍, അയോഗ്യതയുള്ള കളിക്കാരനെ എതിരാളികള്‍ ഇറക്കി എന്നാരോപിച്ച് ഇന്റര്‍ കാശി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് അപ്പീല്‍നല്‍കിയിട്ടുണ്ട്. അതിലെ വിധി അനുകൂലമായാല്‍ ടീമിന് മൂന്നുപോയിന്റ് ലഭിക്കും. അങ്ങനെയെങ്കില്‍ ടീമിന് ലീഗ് കിരീടവും ലഭിക്കും. ഈ വിധിക്ക് ശേഷം മാത്രമേ ജേതാക്കളുടെ കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുകയുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം.
അവസാനമത്സരങ്ങളില്‍ ഇന്റര്‍ കാശി രാജസ്ഥാനെ കീഴടക്കിയപ്പോള്‍ ചര്‍ച്ചില്‍ ബ്രദേഴ്സ്-റിയല്‍ കാശ്മിര്‍ മത്സരം സമനിലയില്‍ അവസാനിച്ചു. ഇന്റര്‍ കാശി ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. റിയല്‍ കശ്മീറും ചര്‍ച്ചിലും ഓരോഗോള്‍വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.
ഡെംപോ ഗോവയ്ക്കെതിരെ 11 മിനിറ്റിനിടെ രണ്ടു ഗോള്‍ നേടി സ്വപ്നതുല്യമായ തുടക്കമിട്ട ശേഷമാണ് ഗോകുലം തോല്‍വി വഴങ്ങിയത്. ഗോകുലത്തിനായി താബിസോ ബ്രൗണ്‍ ഹാട്രിക് നേടി. 4, 11, 73 മിനിറ്റുകളിലായിരുന്നു ബ്രൗണിന്റെ ഗോളുകള്‍. ഡെംപോ ഗോവയ്ക്കായി ഡാമിയന്‍ പെരസ് ഇരട്ടഗോള്‍ നേടി. 21, 90+4 മിനിറ്റുകളിലായിരുന്നു പെരസിന്റെ ഗോളുകള്‍. കപില്‍ ഹോബ്ലെ (34), ദിദിയര്‍ ബ്രോസോ (71) എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്. മലയാളി താരം മഷൂര്‍ ഷരീഫ് 64ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനാല്‍ 10 പേരുമായാണ് ഗോകുലം മത്സരം പൂര്‍ത്തിയാക്കിയത്.