ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ബ്ലാസ്റ്റേഴ്‌സിന് ഇന്ന് അഭിമാന പോരാട്ടം; സ്വന്തം കാണികൾക്ക് മുന്നിൽ നേരിടേണ്ടത് തോൽവിയറിയാതെ എത്തുന്ന ബെംഗളൂരു എഫ് സിയെ

Update: 2024-10-25 11:16 GMT

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ശക്തരായ ബെംഗളൂരു എഫ് സിയെ നേരിടും. കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ ജയിക്കുക എന്നതിനപ്പുറം മറ്റൊരു ലക്‌ഷ്യം കൊമ്പന്മാർക്ക് മുന്നയിലുണ്ടാവില്ല. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.

മികച്ച ഫോമിലാണ് ബെംഗളൂരൂ എഫ്‌സി കൊച്ചിയിൽ കളിക്കാനിറങ്ങുന്നത്. കളിച്ച 5 കളികളിൽ 4 ജയവും ഒരു സമനിലയുമായി തോൽവിയറിയാതെ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ബെംഗളൂരൂ. 13 പോയിന്റുളള ബെംഗളൂരൂ എഫ്‌സി ഒന്നും, എട്ട് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തുമാണ്.

എന്നാൽ, അവസാന മത്സരത്തില്‍ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിനെ കൊല്‍ക്കത്തയില്‍ തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ തറപറ്റിച്ച ആത്മവിശ്വാസം ബ്ലാസ്റ്റേഴ്‌സിനുമുണ്ട്. ബെംഗളൂരു എഫ് സിക്കെതിരെയുള്ള വിജയം ബ്ലാസ്റ്റേഴ്‌സിന് അനിവാര്യമാണ്. കഴിഞ്ഞ മത്സരങ്ങളിൽ പിന്നിൽ നിന്ന ശേഷവും ജയിച്ച് കയറാൻ കാണിച്ച പോരാട്ട വീര്യം ബ്ലാസ്റ്റേഴ്‌സിനു തുണയാകും പ്രേത്യകിച്ച് സ്വന്തം തട്ടകത്തിൽ ഇറങ്ങുമ്പോൾ. നായകന്‍ അഡ്രിയന്‍ ലൂണ തിരിച്ചെത്തിയതും ശുഭ വാർത്തയാണ്.

എന്നാൽ, ബെംഗളൂരുവിനെ പരാജയപ്പെടുത്തുക അത്ര എളുപ്പമാവില്ലെന്ന് മികേല്‍ സ്റ്റാറേയ്ക്ക് അറിയാം. അഞ്ച് കളികളിൽ ഗോൾ വഴങ്ങാതെ എത്തുന്ന ബെംഗളൂരു പ്രതിരോധ നിരയെ നോവ സദൂയി, ക്വാമെ പെപ്രെ, ഹെസ്യൂസ് ഹിമിനെസ് എന്നീ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ താരങ്ങൾ എങ്ങനെ തകർക്കുമെന്ന് കണ്ടറിയാം. അതേസമയം, ബ്ലാസ്റ്റേഴ്‌സ് ആകട്ടെ ഒരു മത്സരത്തിലും ക്‌ളീൻ ഷീറ്റ് നേടാനുമായിട്ടില്ല.

കണക്കുകളിലും വ്യകതമായ ആധിപത്യം കേരള ബ്ലാസ്റ്റേഴ്‌സിനു മേൽ ബെംഗളൂരു എഫ്‌സിക്കുണ്ട്. ഇരുടീമും പതിനാറു മത്സരങ്ങളിലാണ് നേർക്കുനേർ വന്നത്. അതിൽ ബെംഗളൂരു ഒന്‍പത് കളിയിലും കേരള ബ്ലാസ്റ്റേഴ്‌സ് നാല് കളിയിലും ജയിച്ചു. സമനിലയില്‍ പിരിഞ്ഞത് രണ്ടു കളിയില്‍ മാത്രം. ബെംഗളൂരു ആകെ ഇരുപത്തിനാല് ഗോള്‍നേടിയപ്പോള്‍ പതിനാറ് ഗോളാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ തിരിച്ചടിച്ചത്.

Tags:    

Similar News