ഇന്ത്യൻ സൂപ്പർ ലീഗ്; ശമ്പളം വെട്ടിക്കുറയ്ക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ്; താരങ്ങളുടെയും പരിശീലകരുടെയും കരാറുകൾ റദ്ദാക്കില്ല
ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിലെ പ്രതിസന്ധി തുടരുന്നതിനിടെ താരങ്ങളുടെയും സ്റ്റാഫ് അംഗങ്ങളുടെയും ശമ്പളം കുറയ്ക്കാൻ തീരുമാനിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഒഡിഷ എഫ്.സി, ബംഗളൂരു എഫ്.സി ടീമുകൾക്ക് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സും ശമ്പള നിയന്ത്രണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിൽ 30 മുതൽ 50 ശതമാനം വരെ ശമ്പളം കുറച്ചിട്ടുണ്ടെന്നാണ് സൂചന. താഴേത്തട്ടിലുള്ള ജീവനക്കാരുടെ ശമ്പളം തത്കാലം കുറയ്ക്കില്ലെന്നും ക്ലബ്ബ് വൃത്തങ്ങൾ സൂചിപ്പിച്ചു.
11 സീസൺ പിന്നിട്ട ഇന്ത്യൻ സൂപ്പർ ലീഗിലെ നിലനിൽപ്പ് അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ക്ലബുകളും നിർണായക നീക്കവുമായി മുന്നോട്ട് വന്നിരിക്കുന്നത്. 2025-26 സീസൺ ലീഗ് ആരംഭിക്കുമോയെന്ന് ഇനിയും ഉറപ്പില്ലാതായതോടെ വിവിധ ക്ലബുകൾ ചിലവു ചുരുക്കൽ നടപടികളിലേക്ക് നീങ്ങുന്നത്. നേരത്തെ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി ഉൾപ്പെടെ താരങ്ങളുടെ ശമ്പളം വെട്ടിക്കുറക്കാൻ ബംഗളുരു എഫ്.സി തീരുമാനിച്ചിരുന്നു. ഒഡിഷ എഫ്.സിയും ഇതേ മാതൃകയിലേക്ക് നീങ്ങി.
ഐ.എസ്.എൽ പ്രതിസന്ധിക്ക് പരിഹാരം കാരണാൻ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ക്ലബ് മാനേജ്മെന്റുമായി വ്യാഴാഴ്ച ചർച്ച നടത്താനിരിക്കെയാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ്, ബംഗളൂരു എഫ്.സി, ജംഷഡ് പൂർ, എഫ്.സി ഗോവ, നോർത് ഈസ്റ്റ് യുനൈറ്റഡ്, ഒഡിഷ എഫ്.സി, പഞ്ചാബ് എഫ്.സി ക്ലബുകൾ പരിഹാരം കാണാൻ നിർദേശിച്ച് ഫെഡറേഷൻ അധ്യക്ഷൻ കല്യാൺ ചൗബേക്ക് കത്ത് നൽകിയിരുന്നു.
അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷനും ഐ.എസ്.എൽ സംഘാടകരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റും (എഫ്.ഡി.എൽ) തമ്മിലെ മാസ്റ്റേഴ്സ് റൈറ്റ്സ് കരാർ പുതുക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. എന്നാൽ, ഫെഡറേഷൻ ഭരണം സംബന്ധിച്ച തർക്കത്തിൽ സുപ്രീ കോടതി ഉത്തരവ് വൈകുന്നതാണ് ഈ വിഷയത്തിലെ തീരുമാനത്തിനും കാലതാമസം നേരിടുന്നത്. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ 2025 ഓഗസ്റ്റ് 7 വ്യാഴാഴ്ച എഐഎഫ്എഫ് യോഗം വിളിച്ചിട്ടുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സ് ഉള്‍പ്പെടെ എട്ട് ക്ലബ്ബുകളുടെയും സിഇഒമാരുമായി കൂടിക്കാഴ്ച നടത്തും. ന്യൂഡല്‍ഹിയിലാണ് ചര്‍ച്ചയെന്ന് എഐഎഫ്എഫ് ട്വീറ്റ് ചെയ്തു.
അതേസമയം, താരങ്ങളുടെയും പരിശീലകരുടെയും കരാറുകൾ റദ്ദാക്കില്ലെന്ന് ക്ലബ് അറിയിച്ചു. ഐ.എസ്.എൽ. ആരംഭിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ മറ്റ് ചില ടീമുകൾ താരങ്ങളുടെ കരാറുകൾ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഈ റിപ്പോർട്ടുകൾക്കിടയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സുപ്രധാന തീരുമാനം.