ഇന്ത്യൻ സൂപ്പർ ലീഗ്; കണക്ക് തീർത്ത് കരകയറാൻ ബ്ലാസ്റ്റേഴ്‌സ്; വിജയവഴിയിൽ തിരിച്ചെത്താൻ പഞ്ചാബ്; കൊമ്പന്മാർക്ക് ആശ്വാസമായി ലൂക്ക മാജ്സെന്റെ പരിക്ക്; ഡൽഹിയിൽ ഇന്ന് തീപാറും പോരാട്ടം
കൊച്ചി: തോൽവികളുടെ പടുകുഴിയിൽ നിന്നും കരകയറി പുതുവര്‍ഷത്തില്‍ ജയിച്ചു തുടങ്ങാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. സ്വന്തം കാണികൾക്ക് മുന്നിൽ പഞ്ചാബിനെതിരെ ജയത്തിൽ കുറഞ്ഞൊന്നും കേരളം ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നില്ല. സീസണിലെ ആദ്യമല്‍സരത്തിലേറ്റ തോല്‍വിക്ക് കണക്ക് ചോദിക്കാൻ കൂടിയാവും കൊമ്പന്മാർ ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇറങ്ങുക. രാത്രി 7 30ക്കാണ് മത്സരം.
അതേസമയം ടൂർണമെന്റിൽ മികച്ച തുടക്കം ലഭിച്ച പഞ്ചാബിന് ഫോം തുടരാനായില്ല. പഞ്ചാബ് കഴിഞ്ഞ മൂന്നുമല്‍സരങ്ങളിലും തോറ്റെന്ന് മാത്രമല്ല മൂന്നോ അതിലധികമോ ഗോളുകള്‍ വഴങ്ങുകയും ചെയ്തു. കൂടാതെ സസ്പന്‍ഷനിലായ ടീമിന്റെ സൂപ്പർ താരങ്ങളായ ലൂക്ക മാജ്സെനും എസക്കിയല്‍ വിദാലും ഇന്ന് ബ്ലാസ്റ്റേഴ്സിനെതിരെ ഉണ്ടാകില്ല. പഞ്ചാബിന്റെ 20 ഗോളുകളില്‍ ഒന്‍പതും ഇരുവരും ചേര്‍ന്നാണ് നേടിയത്.
ടൂർമെന്റിലുടനീളം ബ്ലാസ്റ്റേഴ്സിന് പ്രതിരോധ നിര തലവേദനയാണ് സൃഷ്ടിച്ചത്. ജയിക്കേണ്ടിയിരുന്ന മത്സരങ്ങൾ പോലും പ്രതിരോധത്തിലെ പിഴവ് കാരണം ടീം തോൽവി ഏറ്റുവാങ്ങി. പരിക്ക് മാറിയെത്തിയ ലൂണയ്ക്കും ഫോമിലേക്ക് ഉയരാൻ കഴിയാത്തത് ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഗോൾകീപ്പർ സച്ചിന്റെ സീസണിലെ ദയനീയ പ്രകടനവും ടീമിന് തിരിച്ചടിയായി. പ്രതിരോധത്തിന്റെ പിഴവാണ് ബ്ലാസ്റ്റേഴ്സിന് പരിഹരിക്കേണ്ടത്. സീസണില്‍ ഇതുവരെ അഞ്ചു പെനല്‍റ്റിയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.
പോയിന്റ് പട്ടികയിൽ പഞ്ചാബ് എട്ടാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് പത്താമതുമാണ്. 12 മത്സരങ്ങൾ കളിച്ച പഞാബിന് 6 മത്സരങ്ങൾ ജയിക്കാനായപ്പോൾ 14 മത്സരങ്ങളിൽ നിന്നും 4 മത്സരങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇനിയുള്ള കളികളിൽ മികച്ച ഫലം നേടേണ്ടത് ഇരു ടീമുകൾക്കും അനിവാര്യമാണ്. ബ്ലാസ്റ്റേഴ്സിന് ഇനി ബാക്കിയുള്ളത് 10 മത്സരങ്ങളാണ്. ഇതിൽ നിന്ന് കുറഞ്ഞത് 18 പോയിന്റെങ്കിലും നേടിയില്ലെങ്കിൽ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്.