ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; മോഹന്‍ ബഗാന് സമനിലക്കുരുക്ക്; രണ്ട് ഗോള്‍ പിന്നില്‍ നിന്ന ശേഷം മുംബൈ സിറ്റിയുടെ തിരിച്ചു വരവ്
മോഹന്‍ ബഗാന് സമനിലക്കുരുക്ക്
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വെള്ളിയാഴ്ച നടന്ന മുംബൈ സിറ്റി എഫ്സി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് മത്സരം 2-2 സമനിലയില്‍ പിരിഞ്ഞു. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ലീഡ് ചെയ്യുകയായിരുന്നു മോഹന്‍ ബഗാന്‍. എന്നാല്‍ അവസാന 20 മിനിറ്റില്‍ 2 ഗോളുകള്‍ തിരിച്ചടിച്ച മുംബൈ സിറ്റി മത്സരത്തില്‍ ശക്തമായി തിരിച്ചു വരുകയായിരുന്നു.
ആദ്യ പകുതിയിലെ ഒന്‍പതാം മിനിറ്റില്‍ മോഹന്‍ ബഗാന്‍ ലീഡിലെത്തി. വിങ്ങില്‍ നിന്നും ലിസ്റ്റിന്‍ കൊളാസോ നല്‍കിയ ക്രോസ്സ് മുംബൈ സിറ്റിയുടെ സ്പാനിഷ് ഡിഫന്‍ഡര്‍ ടിരിയില്‍ നിന്നും ഡിഫ്ളക്ട് ചെയ്ത് സെല്‍ഫ് ഗോള്‍ ആവുകയായിരുന്നു. തുടര്‍ന്നും ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. 29-ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ റോഡ്രിഗസ്സിലൂടെ മോഹന്‍ ബഗാന്‍ രണ്ടാം ഗോള്‍ നേടി ലീഡുയര്‍ത്തി. രണ്ട് ഗോളുകള്‍ക്ക് പിന്നിലായെങ്കിലും മത്സരത്തിന്റെ ആവേശം ചോരാതെ മുംബൈ സിറ്റി ആക്രമിച്ച കളിച്ചു. പല തവണ സ്‌കോര്‍ ചെയ്യുന്നതിന് അടുത്തെത്തിയെങ്കിലും ആദ്യ പകുതി കഴിയുന്നത് വരെ ബഗാന്‍ രണ്ട് ഗോള്‍ ലീഡില്‍ തുടര്‍ന്നു.
രണ്ടാം പകുതിയില്‍ മുംബൈ സിറ്റി മോഹന്‍ ബഗാന്റെ ബോക്‌സിലേക്ക് നിരന്തരം ആക്രമണം നടത്തി. സബ് ആയെത്തിയ നൗഫല്‍ അവരുടെ അറ്റാക്കുകള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കി. ലെഫ്‌റ് വിങ്ങിലൂടെ മികച്ച റണ്ണുകള്‍ നടത്തിയ നൗഫല്‍ ബഗാന്‍ പ്രധിരോധ നിരക്ക് തലവേദന സൃഷ്ടിച്ചു. ഒടുവില്‍ 70-ാം മിനിറ്റില്‍ ടിരിയുടെ ഗോളിലൂടെ മുംബൈ ആദ്യ ഗോള്‍ നേടി.
അവസാന 20 മിനിറ്റിലേക്ക് കടന്ന മത്സരം ജയത്തിനായി ഇരു ടീമുകളുടെയും വാശിയേറിയ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു. എന്നാല്‍ നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റില്‍ തായീര്‍ ക്രൗമ നേടിയ ഗോള്‍ മോഹന്‍ ബഗാന്റെ വിജയ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു. ഇടതു വിങ്ങിലൂടെ ഓടിക്കയറിയ നൗഫല്‍ ബോക്‌സിനുള്ളിലേക്ക് നല്‍കിയ കട്ട് ബാക്ക് പാസ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു സബ് ആയി എത്തിയ മുംബൈ സിറ്റിയുടെ സിറിയന്‍ താരം തായീര്‍ ക്രൗമ.
ഐ.എസ്.എല്ലി ലില്‍ അരങ്ങേറ്റ താരമായ നൗഫല്‍ മികച്ച പ്രകടനമാണ് മത്സരത്തില്‍ കാഴ്ചവെച്ചത്. 63-ാം മിനിറ്റില്‍ സബ് ആയെത്തിയ താരം ടീമിനായി നിര്‍ണായകമായൊരു അസ്സിസ്റ്റും നല്‍കി. 2 ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
ഇന്ന് ഐ.എസ്.എല്ലി ലില്‍ രണ്ട് മത്സരങ്ങളാണുള്ളത് വൈകിട്ട് 5 മണിക്ക് കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒഡിഷ എഫ്.സി ചെന്നൈയിന്‍ എഫ്.സി യെ നേരിടും. മറ്റൊരു മത്സരത്തില്‍ ബെംഗളൂരു എഫ്.സി ഈസ്റ്റ് ബംഗാളിനെ നേരിടും. രാത്രി 7.30 ക്ക് ശ്രീ കണ്ടീരവ സ്റ്റേഡിയത്തിലാണ് മത്സരം.