ഇന്ത്യൻ സൂപ്പർ ലീഗ്; ആത്മവിശ്വാസത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ്; കലൂരിൽ ഒഡീഷക്കെതിരെ ജയം അനിവാര്യം; ലോബേറയുടെ തന്ത്രങ്ങൾ കൊമ്പന്മാർക്ക് വെല്ലുവിളിയാകുമോ ?; ബ്ലാസ്റ്റേഴ്സിനെതിരെ രാഹുൽ കളിക്കില്ല
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ സ്വന്തം തട്ടകത്തിൽ ഇന്ന് നടക്കുന്ന മത്സരം കേരള ബ്ലാസ്റ്റേഴ്‌സിന് നിർണായകം. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഒഡീഷയാണ് കൊമ്പന്മാരുടെ എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ പൊരുതി നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. രണ്ട് താരങ്ങൾക്ക് ചുവപ്പ് കാർഡ് കിട്ടി പുറത്തായിട്ടും ക്ലീൻ ഷീറ്റൊടെ പഞ്ചാബിനെതിരെ 1 – 0 ന് വിജയം ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിന് നൽകുന്ന ഊർജം ചെറുതൊന്നുമല്ല. സെമി സാധ്യത നിലനിർത്താൻ ഇന്നത്തെ മത്സരത്തിലെ ജയം കേരളത്തിന് അനിവാര്യമാണ്.
പരുക്ക് മാറി വിബിൻ മോഹൻ, ജെസുസ് ജിമെനെസ്, ഇഷാൻ പണ്ഡിത എന്നിവർ ടീമിനൊപ്പം ചേർന്നത് ബ്ലാസ്റ്റേഴ്സിന് കരുത്താകും. ഒഡിഷയുടെ പ്രധാന താരങ്ങളിൽ ഒരാളായ അഹമ്മദ് ജാഹുവും ടീമിൽ തിരിച്ചെത്തുമെന്നാണ് വിവരം. ഒഡീഷയുടെ പരിശീലകനായ ലോബേറയുടെ തന്ത്രങ്ങൾ തന്നെയാവും ബ്ലസ്റ്റേഴ്സിന് വെല്ലുവിളി. കേരളത്തിനെതിരെ മികച്ച റെക്കോർഡുള്ള ലോബേറയെയും സംഘത്തിനെയും പരാജയപ്പെടുത്താൻ ബ്ലാസ്റ്റേഴ്സിന് കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
സസ്പെൻഷനിലായ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം മിലോസ് ഇന്ന് കളിക്കില്ല. താരത്തിന്റെ അഭാവത്തിൽ പ്രീതം കൊട്ടാലോ, അലക്സാണ്ടർ കോയഫോ ആകും പ്രതിരോധ നിരയിലുണ്ടാവുക. പരുക്കുമാറി ടീമിൽ തിരിച്ചെത്തിയെങ്കിലും നാളത്തെ മത്സരത്തിൽ ഇഷാൻ പണ്ഡിതയെ ഉൾപ്പെടിത്തിയിട്ടില്ലെന്ന് കോച്ച് ടി ജി പുരുഷോത്തമൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഈ സീസണിലെ മോശം ഫോമിനെ തുടർന്ന് വലിയ വിമർശനങ്ങളാണ് ടീം ഏറ്റുവാങ്ങിയത്. പരിശീലകൻ മൈക്കൽ സ്റ്റാറെയെ മാനേജ്‍മെന്റ് പുറത്താക്കിയിരുന്നു. അടുത്ത ട്രാൻസ്‌ഫർ വിൻഡോയിൽ വിദേശ താരം അലക്സാന്ദ്രേ കോയഫ് ഉൾപ്പെടെ നിരവധി താരങ്ങൾ ക്ലബ് വിടാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ വന്നിരുന്നു. മോഹൻ ബഗാനിൽ നിന്നു ബ്ലാസ്റ്റേഴ്സിലെത്തിയ ഡിഫൻഡർ പ്രീതം കോട്ടാൽ, യുവതാരം അമാവിയ, ബ്രൈസ് മിറാൻഡ, സൗരവ് മണ്ഡൽ എന്നിവരുടെ പേരുകളും ട്രാൻസ്ഫർ ചർച്ചകളിൽ സജീവമാണ്.
കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രതിരോധം കാഴ്ചവെക്കാൻ ബ്ലാസ്റ്റേഴ്സിനായെങ്കിലും ടൂർമെന്റിലുടനീളം മോശം പ്രകടനമാണ് പ്രതിരോധ താരങ്ങൾ പുറത്തെടുത്തത്. ജയിക്കേണ്ടിയിരുന്ന മത്സരങ്ങൾ പോലും പ്രതിരോധത്തിലെ പിഴവ് കാരണം ടീം തോൽവി ഏറ്റുവാങ്ങി. പരിക്ക് മാറിയെത്തിയ ലൂണയ്ക്കും ഫോമിലേക്ക് ഉയരാൻ കഴിയാത്തത് ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഗോൾകീപ്പർ സച്ചിന്റെ സീസണിലെ ദയനീയ പ്രകടനവും ടീമിന് തിരിച്ചടിയായി. പ്രതിരോധത്തിന്റെ പിഴവാണ് ബ്ലാസ്റ്റേഴ്സിന് പരിഹരിക്കേണ്ടത്. സീസണില്‍ ഇതുവരെ അഞ്ചു പെനല്‍റ്റിയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.
പോയിന്റ് പട്ടികയിൽ പഞ്ചാബ് ഏഴാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് ഒൻപതാമതുമാണ്. 15 മത്സരങ്ങൾ കളിച്ച ഒഡീഷക്ക് 21 പോയിന്റുകളുണ്ട്. അതേസമയം 15 മത്സരങ്ങളിൽ നിന്നും 17 പോയിന്റുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാനായത്. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇനിയുള്ള കളികളിൽ മികച്ച ഫലം നേടേണ്ടത് ഇരു ടീമുകൾക്കും അനിവാര്യമാണ്. ബ്ലാസ്റ്റേഴ്സിന് ഇനി ബാക്കിയുള്ളത് 9 മത്സരങ്ങളാണ്. ഇതിൽ നിന്ന് കുറഞ്ഞത് 15 പോയിന്റെങ്കിലും നേടിയില്ലെങ്കിൽ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്.